'അന്യായമായ നടപടി': യുഎസുമായുള്ള വ്യാപാര ചർച്ചകൾ കാനഡ നിർത്തിവച്ചു; യുഎസ് ചുമത്തുന്ന 50 ശതമാനം തീരുവയ്ക്ക് തുല്യമായ തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി കാർണി

'അന്യായമായ നടപടി': യുഎസുമായുള്ള വ്യാപാര ചർച്ചകൾ കാനഡ നിർത്തിവച്ചു; യുഎസ് ചുമത്തുന്ന 50 ശതമാനം തീരുവയ്ക്ക് തുല്യമായ തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി കാർണി


ഒട്ടാവ: യുഎസുമായുള്ള വ്യാപാര ചർച്ചകൾ കാനഡ നിർത്തിവച്ചു. വാഷിംഗ്ടൺ മുന്നോട്ടുവെച്ച വ്യവസ്ഥകളിൽ അവസാന നിമിഷം വരുത്തിയ മാറ്റങ്ങൾ "അന്യായവും" "സാമ്പത്തികമായി ഗുണകരമല്ലാത്തതും" ആണെന്ന് വിലയിരുത്തിയതിനെത്തുടർന്നാണ് ഈ തീരുമാനം. യുഎസ് - കാനഡ വ്യാപാര കരാർ ചർച്ച പരാജയപ്പെട്ടതോടെ കനേഡിയൻ ഉൽപന്നങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്താനുള്ള യുഎസിന്റെ തീരുമാനത്തിന് തുല്യമായ തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. 

വാഷിങ്ടണിൽ വെച്ച് നടന്ന മൂന്ന് ദിവസത്തെ വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് കാനഡയിൽ നിന്നുള്ള 2000 കോടി ഡോളർ വരുന്ന ഉൽപന്നങ്ങൾക്ക് 50 ​ശതമാനം തീരുവ ചുമത്താനാണ് യുഎസിന്റെ തീരുമാനം. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ച സമയപരിധിക്കുള്ളിൽ ഇരു രാജ്യങ്ങൾക്കും ധാരണയിലെത്താൻ സാധിക്കാതെ വന്നതോടെയാണ് നടപടി. 

ചർച്ചകളിൽ സമീപകാലത്ത് പുരോഗതിയുണ്ടായിരുന്നെങ്കിലും, കാനഡയുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ അത് പര്യാപ്തമായിരുന്നില്ലെന്ന് മാർക്ക് കാർണി പറഞ്ഞു. ഭൂരിഭാഗം കനേഡിയൻ ബിസിനസുകൾക്കും തീരുവയില്ലാത്ത പ്രവേശനം ഉറപ്പാക്കുക, പ്രധാന വ്യവസായങ്ങളിലെ യുഎസ് തീരുവ കുറയ്ക്കുക, ചെറുകിട-ഇടത്തരം സംരംഭങ്ങളെ സംരക്ഷിക്കുക എന്നിവയായിരുന്നു ആ ലക്ഷ്യങ്ങൾ. "ആഭ്യന്തര ശക്തി വർദ്ധിപ്പിക്കുന്നതിലും വിദേശ പങ്കാളിത്തം വൈവിധ്യവൽക്കരിക്കുന്നതിലും യുഎസുമായി ന്യായമായ കരാറിലെത്തുന്നതിലുമാണ് കഴിഞ്ഞ 18 മാസമായി കാനഡയിലെ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്," കാർണി പ്രസ്താവനയിൽ പറഞ്ഞു.

"യുഎസുമായി ലോകത്തിലെ തന്നെ ഏറ്റവും മികച്ച വ്യാപാര കരാർ യാഥാർത്ഥ്യമാക്കുന്ന നിലയിലേക്ക് കാനഡയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിൽ സമീപ ആഴ്ചകളിൽ സുപ്രധാന പുരോഗതി കൈവരിച്ചിരുന്നു. എന്നാൽ കനേഡിയൻ ജനതയ്ക്കായുള്ള ഞങ്ങളുടെ ലക്ഷ്യങ്ങൾ നിറവേറ്റാനായില്ല. അതിനാൽ, യുഎസുമായുള്ള വ്യാപാര ചർച്ചകൾ നിർത്തിവയ്ക്കാനും കാനഡയുടെ ചർച്ചാ പ്രതിനിധികളോട് ഒട്ടാവയിലേക്ക് മടങ്ങാനും തീരുമാനിച്ചു. ചർച്ചയിലുടനീളം, അവസാന നിമിഷം വരെയും കനേഡിയൻ ജനതയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ അവർ ആത്മാർത്ഥമായി പരിശ്രമിച്ചിട്ടുണ്ട്. എന്നാൽ, യുഎസ് മുന്നോട്ടുവെച്ച വ്യവസ്ഥകളിൽ അവസാന നിമിഷം വരുത്തിയ മാറ്റങ്ങൾ അന്യായവും സാമ്പത്തികമായി ഗുണകരമല്ലാത്തതും ആയിരുന്നു. മാത്രമല്ല, ഏതൊരു കരാറിന്റെയും വിശ്വാസ്യതയെത്തന്നെ അവ ചോദ്യം ചെയ്യുന്നതുമായിരുന്നു" ചർച്ചകൾ നിർത്തിവയ്ക്കാനുള്ള തീരുമാനത്തെക്കുറിച്ച് അദ്ദേഹം വിശദമാക്കി. 

തങ്ങളുടെ എല്ലാ വ്യാപാര ബന്ധങ്ങളെയും ബാധിക്കുന്ന തരത്തിൽ യുഎസ് സ്വീകരിച്ച നടപടികളെയും കാർണി വിമർശിച്ചു. "അമേരിക്ക മാറിയിട്ടുണ്ടെന്നും പഴയ ബന്ധത്തിലേക്ക് ഇനി മടങ്ങിവരവില്ലെന്നും ഞങ്ങൾ തുടക്കം മുതലേ തിരിച്ചറിഞ്ഞിരുന്നു. അമേരിക്ക തങ്ങളുടെ എല്ലാ വ്യാപാര ബന്ധങ്ങളും മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് മറ്റുള്ളവർക്ക് മനസ്സിലാകുന്നതിന് മുൻപേ ഞങ്ങളുടെ സർക്കാർ അത് മനസ്സിലാക്കിയിരുന്നു. ഏറ്റവും അടുത്ത സഖ്യകക്ഷികളുടെ മേൽ തീരുവ ചുമത്തുകയും തങ്ങളുടെ വിശാലമായ വിപണിയിലേക്ക് പ്രവേശനം ലഭിക്കുന്നതിന് പണം ഈടാക്കുകയും ചെയ്യുന്ന രീതിയാണത്."

കാനഡയിൽ നിന്നുള്ള ഏകദേശം 28 ബില്യൺ കനേഡിയൻ ഡോളർ മൂല്യമുള്ള ഉൽപ്പന്നങ്ങൾക്ക് അർദ്ധരാത്രി മുതൽ 50 ശതമാനം തീരുവ ചുമത്താൻ അമേരിക്ക ഒരുങ്ങുന്നതിനിടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടത്. ഇതിന് മറുപടിയായി അമേരിക്കയ്ക്ക് തുല്യമായ തോതിൽ കാനഡയും തീരുവ ചുമത്തുമെന്ന് കാർണി പറഞ്ഞു. അമേരിക്കയുടെ പുതിയ നിർദ്ദേശങ്ങൾ ഭാവിയിൽ ഉണ്ടാകാനിടയുള്ള കരാറിന്റെ വിശ്വാസ്യതയെക്കുറിച്ച് സംശയമുയർത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ആഭ്യന്തര സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുകയും മറ്റ് വിപണികളുമായുള്ള വ്യാപാരം വിപുലീകരിക്കുകയും ചെയ്തുകൊണ്ട് അമേരിക്കയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള തന്ത്രം കാനഡ തുടരുമെന്ന് കാർണി പറഞ്ഞു. നിലവിലുള്ള സ്വതന്ത്ര വ്യാപാര കരാറുകളിലൂടെ 1.5 ബില്യൺ ഉപഭോക്താക്കളിലേക്ക് മുൻഗണനാടിസ്ഥാനത്തിലുള്ള പ്രവേശനം കാനഡയ്ക്ക് ലഭിക്കുന്നുണ്ടെന്നും, ഈ വർഷാവസാനത്തോടെ ആ വിപണി പ്രവേശനം ഇരട്ടിയാക്കാൻ സർക്കാരിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ 18 മാസത്തിനിടെ നൽകിയ ഏകദേശം 25 ബില്യൺ കനേഡിയൻ ഡോളറിന്റെ സഹായത്തിന് പുറമേ, കനേഡിയൻ തൊഴിലാളികളെയും ബിസിനസ്സുകളെയും പിന്തുണയ്ക്കുന്നതിനായി സർക്കാർ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും കാർണി പറഞ്ഞു.

അതേസമയം, മാധ്യമപ്രവർത്തകരുമായി നടത്തി ഫോൺ സംഭാഷണത്തിൽ യുഎസ് ട്രേഡ് പ്രതിനിധി ജാമിസൺ ഗ്രീർ, പരാജയപ്പെട്ട ചർച്ചകളുടെ പേരിൽ കാനഡയെ രൂക്ഷമായി വിമർശിച്ചു. "ഈ ആഴ്ച ആദ്യം അംഗീകരിച്ച വ്യവസ്ഥകൾ പ്രകാരം വ്യാപാര കരാർ അന്തിമമാക്കാൻ കാനഡ വിസമ്മതിച്ചു. ഞങ്ങളുടെ വിപണിയിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങൾക്ക് ലഭിക്കുന്നതിൽ വെച്ച് ഏറ്റവും മികച്ച പരിഗണന കാനഡയ്ക്ക് നൽകാൻ അമേരിക്ക തയ്യാറായിരുന്നിട്ടും, കാനഡയുടെ പുതിയ ആവശ്യങ്ങളും നേരത്തെ നൽകിയ ഉറപ്പുകളിൽ നിന്നുള്ള പിന്മാറ്റവും കഴിഞ്ഞ ദിവസങ്ങളിൽ രൂപപ്പെട്ടുവന്ന സൂക്ഷ്മമായ സന്തുലിതാവസ്ഥയെ തകിടം മറിച്ചു," അദ്ദേഹം പറഞ്ഞു. "ജി7 രാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായ അമേരിക്കയുമായി സഹകരിക്കാനുള്ള അവസരം കാനഡയ്ക്ക് നഷ്ടമായി," യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് കൂട്ടിച്ചേർത്തു.

ഒരു കരാർ ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഈ സംഭവവികാസങ്ങൾ ഉണ്ടായത്. സൗത്ത് കരോലിനയിലെ മിർട്ടിൽ ബീച്ചിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ജോയിന്റ് ബേസ് ആൻഡ്രൂസിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, കാനഡയുമായുള്ള കരാറിന്റെ അവസ്ഥയെക്കുറിച്ച് ട്രംപിനോട് ചോദിച്ചിരുന്നു. "ഏതാണ്ട് അങ്ങനെ തന്നെയാണെന്ന് ഞാൻ കരുതുന്നു, നമുക്ക് കാത്തിരുന്ന് കാണാം. പ്രധാനമന്ത്രിയുമായി ഞാൻ ചർച്ചകൾ നടത്തിയിട്ടുണ്ട്, നല്ല ബന്ധമാണുള്ളത്. അതേസമയം, ഞങ്ങളുടെ കർഷകരുടെ കാര്യവും ഞങ്ങൾ നോക്കേണ്ടതുണ്ട്. കർഷകർ എനിക്ക് വളരെ പ്രധാനപ്പെട്ടവരാണ്. കാനഡയുമായുള്ള കരാർ പുരോഗമിക്കുന്നുണ്ട്, നമുക്ക് അവരുമായി ഒരു കരാറിലെത്താൻ കഴിയുമെന്ന് കരുതുന്നു," എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.