കാനഡയ്ക്കു മേൽ ട്രംപിന്റെ 50% തീരുവ; 'ഡോളറിന് ഡോളർ' തിരിച്ചടിക്കുമെന്ന് കാർണി

കാനഡയ്ക്കു മേൽ ട്രംപിന്റെ 50% തീരുവ; 'ഡോളറിന് ഡോളർ' തിരിച്ചടിക്കുമെന്ന് കാർണി


വാഷിങ്ടൺ: വ്യാപാരയുദ്ധത്തിന് വീണ്ടും തീപിടിപ്പിച്ച് കാനഡയിൽ നിന്നുള്ള ചില ഉൽപന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം തീരുവ പ്രാബല്യത്തിൽ. അമേരിക്കയും കാനഡയും വ്യാപാരകരാറിലെത്തുന്നതിൽ പരാജയപ്പെട്ടതോടെയാണ് ശനിയാഴ്ച പുലർച്ചെ 12.01 മുതൽ പുതിയ തീരുവ നിലവിൽ വന്നത്. കാനഡയും അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചതോടെ വടക്കേ അമേരിക്കൻ വ്യാപാരബന്ധം പുതിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

ഹോക്കി സ്റ്റിക്കുകൾ മുതൽ വീഞ്ഞ് വരെയുള്ള നിരവധി ഉൽപന്നങ്ങളെയാണ് പുതിയ തീരുവ ബാധിക്കുക. എന്നാൽ കാനഡയിൽ നിന്നുള്ള പ്രധാന ഇറക്കുമതികളായ എണ്ണ, പ്രകൃതിവാതകം, പൊട്ടാഷ് തുടങ്ങിയവയ്ക്ക് ഇളവുണ്ട്. യുഎസ്–മെക്‌സിക്കോ–കാനഡ സ്വതന്ത്രവ്യാപാര കരാറായ ഡടങഇഅയുടെ വ്യവസ്ഥകൾ പാലിക്കുന്ന ഉൽപന്നങ്ങൾക്കും ഇത്തവണ തീരുവ ബാധകമാകുന്നതാണ് പ്രധാന മാറ്റം.

'അവർ ആവശ്യപ്പെട്ടത് കൂടുതലും വാഗ്ദാനം ചെയ്തത് കുറവും'

വ്യാപാരചർച്ചകൾ അവസാന നിമിഷം പരാജയപ്പെട്ടതിനു പരസ്പരം കുറ്റപ്പെടുത്തുകയാണ് വാഷിങ്ടണും ഒട്ടാവയും.

അമേരിക്കൻ വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറിന്റെ ആരോപണം കാനഡ കരാറിൽനിന്ന് പിന്നോട്ടുപോയെന്നാണ്. ചർച്ചകളിൽ ധാരണയായ കാര്യങ്ങളിൽ കാനഡ പുതിയ ആവശ്യങ്ങൾ ഉന്നയിക്കുകയും ചില പ്രതിബദ്ധതകളിൽനിന്ന് പിന്മാറുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.

എന്നാൽ അമേരിക്കയാണ് അവസാന നിമിഷം അന്യായവും സാമ്പത്തികമായി അംഗീകരിക്കാനാകാത്തതുമായ വ്യവസ്ഥകൾ മുന്നോട്ടുവച്ചതെന്ന് കാർണി ആരോപിച്ചു.

'അവർ ആവശ്യപ്പെട്ടത് കൂടുതലും വാഗ്ദാനം ചെയ്തത് കുറവുമായിരുന്നു' എന്നായിരുന്നു കാനഡ പ്രധാനമന്ത്രിയുടെ വിമർശനം.

 'ഡോളറിന് ഡോളർ തിരിച്ചടി'

അമേരിക്കയുടെ 50 ശതമാനം തീരുവ ഏകദേശം 28 ബില്യൺ ഡോളർ മൂല്യമുള്ള കനേഡിയൻ ഉൽപന്നങ്ങളെ ബാധിക്കുമെന്ന് കാർണി പറഞ്ഞു. അമേരിക്ക ഏർപ്പെടുത്തുന്ന തീരുവയ്ക്ക്  'ഡോളറിന് ഡോളർ' എന്ന രീതിയിൽ തിരിച്ചടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സെപ്തംബർ എട്ടുമുതൽ കാനഡയുടെ എതിർ തീരുവ പ്രാബല്യത്തിൽ വരും. സ്റ്റീൽ, പാൽ ഉൽപന്നങ്ങൾ, വീട്ടുപകരണങ്ങൾ, കാർഷിക യന്ത്രങ്ങൾ, പൾപ്പ്-പേപ്പർ, ഇലക്ട്രോണിക്‌സ് തുടങ്ങിയ മേഖലകളെയാണ് പ്രധാനമായും ലക്ഷ്യമിടുക.

'കാനഡയുടെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യാനോ പ്രധാന വ്യവസായങ്ങളെ ദുർബലപ്പെടുത്താനോ ഞങ്ങൾ തയ്യാറല്ല,' കാർണി വ്യക്തമാക്കി.

അമേരിക്ക സാമ്പത്തിക ഏകീകരണത്തെ ആയുധമാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുതിയ തീരുവ കാനഡയെ ദോഷകരമായി ബാധിക്കാനും രാജ്യത്തെ വിഭജിക്കാനുമാണ് ലക്ഷ്യമിടുന്നതെങ്കിലും അത് തെറ്റായ കണക്കുകൂട്ടലാണെന്നും കാർണി പറഞ്ഞു.

ട്രംപിന്റെ നിലപാടിൽ വീണ്ടും മാറ്റം

കുറച്ച് ദിവസങ്ങൾക്കു മുൻപ് കാനഡയുമായുള്ള വ്യാപാരചർച്ചയിൽ പ്രാഥമിക ധാരണയിലെത്തിയെന്ന ആത്മവിശ്വാസത്തിലായിരുന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കനേഡിയൻ കാർഷിക ഉൽപന്നങ്ങളുടെ അമേരിക്കൻ വിപണിയിലേക്കുള്ള പ്രവേശനം ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ മുന്നേറ്റമുണ്ടായതായും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

അമേരിക്കൻ കർഷകരുടെ കാനഡയിലേക്കുള്ള ഉൽപന്നങ്ങൾക്ക് നിലവിലുണ്ടായിരുന്ന തീരുവകൾ പൂജ്യത്തിലേക്ക് താഴുമെന്ന് ട്രംപ് പറഞ്ഞിരുന്നു. കാനഡയുടെ സ്റ്റീൽ, അലുമിനിയം തീരുവകളുടെ കാര്യത്തിൽ എന്തു തീരുമാനമുണ്ടാകുമെന്ന് വ്യക്തമല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇതോടെ കരാർ ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷ ശക്തമായെങ്കിലും ദിവസങ്ങൾക്കകം ചർച്ചകൾ തകരുകയായിരുന്നു.

സാധാരണക്കാരെയും ബാധിക്കുമോ?

പുതിയ തീരുവയുടെ നേരിട്ടുള്ള ആഘാതം അമേരിക്കൻ ഉപഭോക്താക്കളിലും അനുഭവപ്പെടാൻ സാധ്യതയുണ്ട്. കാനഡയിൽനിന്നുള്ള പാൽ ഉൽപന്നങ്ങൾ, തേൻ, ംവല്യ ുൃീലേശി, ാീഹമലൈ െതുടങ്ങിയ ഭക്ഷ്യവസ്തുക്കൾക്കും വിസ്‌കി, വോഡ്ക തുടങ്ങിയ മദ്യപാനീയങ്ങൾക്കും തീരുവ ബാധകമാണ്.

എന്നാൽ പ്രധാന ഇറക്കുമതികളിൽ പലതിനും ഇളവുള്ളതിനാൽ കാനഡയിൽനിന്നുള്ള മുഴുവൻ അമേരിക്കൻ ഇറക്കുമതിയെയും പുതിയ തീരുവ ബാധിക്കില്ല. അതേസമയം കാനഡ തിരിച്ചടിയായി അമേരിക്കൻ ഉൽപന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തുന്നതോടെ ഇരുരാജ്യങ്ങളിലെയും വിലനിലവാരത്തിലും വിതരണശൃംഖലയിലും സമ്മർദമുണ്ടാകാനുള്ള സാധ്യതയുണ്ട്.

പുതിയ നിയമവഴി; മുമ്പ് ഉപയോഗിച്ചിട്ടില്ല

തീരുവ ഏർപ്പെടുത്താൻ ട്രംപ് ആശ്രയിക്കുന്നത് 1930ലെ ഠമൃശളള അരേലെ സെക്ഷൻ 338 ആണ്. അമേരിക്കയോട് വിവേചനപരമായ വ്യാപാരനയം സ്വീകരിക്കുന്ന രാജ്യങ്ങൾക്ക് പരമാവധി 50 ശതമാനം വരെ തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരം നൽകുന്ന വ്യവസ്ഥയാണിത്.

പ്രത്യേകത എന്തെന്നാൽ, ഈ വ്യവസ്ഥ അമേരിക്കൻ ഭരണകൂടം ഇതുവരെ ഉപയോഗിച്ചിട്ടില്ല. അതിനാൽ പുതിയ നടപടിക്ക് നേരിട്ടുള്ള നിയമപരമായ മുൻവിധിയില്ലെന്ന വിലയിരുത്തലുമുണ്ട്.

വ്യാപാരയുദ്ധത്തിന്റെ അടുത്ത ഘട്ടം

കാനഡയുമായുള്ള തർക്കം ഒറ്റപ്പെട്ട സംഭവമല്ല. യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ നിരവധി വ്യാപാര പങ്കാളികൾക്കെതിരെ ട്രംപ് ഭരണകൂടം വലിയ തീരുവകൾ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കാനഡയ്‌ക്കെതിരായ പുതിയ നടപടി.

അമേരിക്കയുടെ പ്രധാന വ്യാപാര പങ്കാളികളിലൊന്നായ കാനഡയുമായി ദീർഘകാലമായി നിലനിന്നിരുന്ന ഏകീകൃത വിതരണശൃംഖലയ്ക്കാണ് ഇതോടെ വെല്ലുവിളി. പ്രത്യേകിച്ച് വാഹന വ്യവസായം, കാർഷിക മേഖല, ഊർജം, ലോഹ വ്യവസായം തുടങ്ങിയ മേഖലകളിലെ പരസ്പര ആശ്രിതത്വം കണക്കിലെടുക്കുമ്പോൾ, തീരുവകൾ ഇരു രാജ്യങ്ങൾക്കും സാമ്പത്തിക സമ്മർദം സൃഷ്ടിക്കാം.

ട്രംപിന്റെ 50 ശതമാനം തീരുവയും കാർണിയുടെ 'ഡോളറിന് ഡോളർ' തിരിച്ചടിയും വെറും നികുതി തർക്കമല്ല; വടക്കേ അമേരിക്കയുടെ സാമ്പത്തിക ഏകീകരണത്തെ തന്നെ പരീക്ഷിക്കുന്ന നീക്കമാണ്. അമേരിക്കൻ വിപണിയെ സമ്മർദോപാധിയായി ഉപയോഗിച്ച് കൂടുതൽ അനുകൂലമായ വ്യാപാര വ്യവസ്ഥകൾ നേടാനുള്ള ട്രംപിന്റെ തന്ത്രത്തിന് കാനഡ വഴങ്ങാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ അടിസ്ഥാനം.

എന്നാൽ കാനഡയ്ക്കും അമേരിക്കയ്ക്കും ഈ പോരാട്ടത്തിൽ നഷ്ടസാധ്യതയുണ്ട്. പതിറ്റാണ്ടുകളായി പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന വ്യവസായശൃംഖലകളിൽ തീരുവകൾ അധിക ചെലവുണ്ടാക്കും. അതിന്റെ ഒരു ഭാഗം ഒടുവിൽ കമ്പനികളിലേക്കും ഉപഭോക്താക്കളിലേക്കും മാറാം.

അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ഏറ്റുമുട്ടൽ എത്രനാൾ തുടരും എന്നതാണ് നിർണായകം. ട്രംപിന്റെ പതിവ് 'തീരുവ-ചർച്ച-ഇളവ്-വീണ്ടും സമ്മർദം' എന്ന തന്ത്രം ആവർത്തിക്കുമോ, അതോ കാനഡയുടെ തിരിച്ചടി വ്യാപാരയുദ്ധത്തെ കൂടുതൽ രൂക്ഷമാക്കുമോ എന്നതിലാണ് ഇനി ശ്രദ്ധ. അമേരിക്കയും കാനഡയും തമ്മിലുള്ള ഈ പോരാട്ടത്തിന്റെ യഥാർഥ വില കണക്കാക്കേണ്ടത് തീരുവയുടെ ശതമാനത്തിൽ മാത്രമല്ല, ഇരുരാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാകുന്ന പ്രത്യാഘാതത്തിലാണ്.