വാന്‍കൂവര്‍: ബ്രിട്ടീഷ് കൊളംബിയയിലെ ജോര്‍ജിയ കടലിടുക്കില്‍ സമുദ്ര രക്ഷാപ്രവര്‍ത്തനത്തിനിടെ നാല് പേരെ രക്ഷപ്പെടുത്തി. ആറ് പേരെ കാണാനില്ലെന്ന് അധികൃതര്‍ അറിയിച്ചു.
രക്ഷപ്പെടുത്തിയവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ബ്രിട്ടീഷ് കൊളംബിയ എമര്‍ജന്‍സി ഹെല്‍ത്ത് സര്‍വീസസ് അറിയിച്ചു. മറ്റ് മൂന്ന് പേര്‍ അപകടനില തരണം ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി.
വാന്‍കൂവര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഏകദേശം 10 നോട്ടിക്കല്‍ മൈല്‍ തെക്ക്- പടിഞ്ഞാറ് ഭാഗത്ത് നിരവധി പേര്‍ ലൈഫ് ജാക്കറ്റുകളില്ലാതെ വെള്ളത്തില്‍ ഉണ്ടെന്ന വിവരം ഒരു സിവിലിയന്‍ കപ്പലാണ് രക്ഷാകേന്ദ്രത്തെ അറിയിച്ചത്.
കൊര്‍മോറന്റ് ഹെലികോപ്റ്റര്‍, കിംഗ്ഫിഷര്‍ വിമാനം, കനേഡിയന്‍ കോസ്റ്റ് ഗാര്‍ഡ് ഹോവര്‍ക്രാഫ്റ്റ് സിയായ്, ഗാന്‍ഗസ് ലൈഫ്ബോട്ട് സ്റ്റേഷന്‍ യൂണിറ്റുകള്‍ തുടങ്ങിയവ തിരച്ചിലില്‍ പങ്കെടുത്തു.
സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയവര്‍ യാത്ര ചെയ്തിരുന്ന കപ്പല്‍ മുങ്ങിയതാകാമെന്ന സംശയമാണ് രക്ഷാസേന പങ്കുവെക്കുന്നത്. എന്നാല്‍ അപകടത്തില്‍പ്പെട്ട കപ്പല്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ബി സി ഫെറീസ് രണ്ട് യാത്രാ കപ്പലുകള്‍ തിരച്ചിലിനായി വഴിമാറ്റി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി ക്വീന്‍ ഓഫ് ആല്‍ബേര്‍ണി, കോസ്റ്റല്‍ ഇന്‍സ്പിറേഷന്‍ എന്നീ കപ്പലുകളാണ് തിരച്ചിലില്‍ സഹായിച്ചത്.
