ടൊറന്റോ: 2026 ഫിഫ ലോകകപ്പിലൂടെ കാനഡയിലെ ഫുട്‌ബോള്‍ വേദികളില്‍ ആഫ്രിക്കയുടെ നിറവും ആവേശവും ശക്തമായി പ്രകടമാകുന്നു. പ്രത്യേകിച്ച് ടൊറന്റോയില്‍ ആഫ്രിക്കന്‍ ടീമുകളുടെ സാന്നിധ്യം നഗരത്തിന് പാന്‍- ആഫ്രിക്കന്‍ ആഘോഷത്തിന്റെ പ്രതീതിയാണ് സമ്മാനിക്കുന്നത്.
വാന്‍കൂവറില്‍ ഈജിപ്തിന്റെ ഇതിഹാസ താരം മുഹമ്മദ് സലാഹിന്റെ നേതൃത്വത്തില്‍ ഫറവോന്‍മാര്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയതിന് പിന്നാലെ, നഗരത്തിലെ ഈജിപ്ഷ്യന്‍ പ്രവാസികളോടൊപ്പം അദ്ദേഹം ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. എന്നാല്‍ ലോകകപ്പിന്റെ ആഫ്രിക്കന്‍ ആവേശം ഏറ്റവും ശക്തമായി അനുഭവപ്പെടുന്നത് ടൊറന്റോയിലാണെന്നാണ് വിലയിരുത്തല്‍.
ഘാനയും ഐവറി കോസ്റ്റും ഇതിനകം ടൊറന്റോ സ്റ്റേഡിയത്തില്‍ കളിച്ചപ്പോള്‍ ആയിരക്കണക്കിന് ആരാധകര്‍ ഗാനവും നൃത്തവും ആഹ്ലാദാരവങ്ങളുമായി സ്റ്റേഡിയത്തെ ഉത്സവവേദിയാക്കി മാറ്റി. സെനഗല്‍ ഇറാഖിനെ നേരിടാനിരിക്കെ, ഗ്രൂപ്പ് മത്സരഫലങ്ങളെ ആശ്രയിച്ച് ഘാനയോ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയോ ജൂലൈ രണ്ടിന് നടക്കുന്ന റൗണ്ട് ഓഫ് 32 മത്സരത്തിനായും ടൊറന്റോയിലെത്താന്‍ സാധ്യതയുണ്ട്.
ജൂണ്‍ 15ന് നടന്ന മത്സരത്തില്‍ പനാമയെ 1-0ന് തോല്‍പ്പിച്ച ഘാനയ്ക്ക് വന്‍ പിന്തുണയാണ് ലഭിച്ചത്. മുഴുവന്‍ സമയവും നൃത്തം ചെയ്തും പാട്ടുപാടിയും ഓരോ നീക്കത്തിനും ആവേശത്തോടെ പ്രതികരിച്ചും ആരാധകര്‍ സ്റ്റേഡിയത്തെ ആവേശഭരിതമാക്കി.
തങ്ങള്‍ ലോകകപ്പില്‍ പങ്കെടുക്കുമ്പോള്‍ ആളുകള്‍ ആവേശഭരിതരാകുന്നത് തങ്ങള്‍ കൊണ്ടുവരുന്ന പ്രത്യേക അന്തരീക്ഷം കൊണ്ടാണെന്ന് പനാമക്കെതിരായ വിജയഗോളിന് വഴിയൊരുക്കിയ ബ്രാന്‍ഡന്‍ തോമസ് അസാന്റെ പറഞ്ഞു.
ടൊറന്റോയിലെ ആഫ്രിക്കന്‍ സമൂഹങ്ങള്‍ക്ക് സ്വന്തം ഭൂഖണ്ഡത്തിലെ പ്രമുഖ ടീമുകളെ ലോകകപ്പില്‍ അടുത്തുനിന്ന് കാണാനുള്ള അപൂര്‍വ അവസരമാണ് ഈ ടൂര്‍ണമെന്റ് സമ്മാനിച്ചിരിക്കുന്നതെന്ന് ഘാന ആരാധകനായ അക്വാസി ഒസെയ് ടുട്ടു പറഞ്ഞു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കാവുന്ന അനുഭവമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഐവറി കോസ്റ്റ് ആരാധകരും തങ്ങളുടെ ടീമിന് ശക്തമായ പിന്തുണയാണ് നല്‍കിയത്. ജര്‍മ്മന്‍ ആരാധകര്‍ എണ്ണത്തില്‍ കൂടുതലായിരുന്നെങ്കിലും ഫ്രാങ്ക് കെസിയുടെ ഗോളിന് ശേഷം ഐവറി കോസ്റ്റ് ആരാധകര്‍ സ്റ്റേഡിയത്തില്‍ ആവേശം പടര്‍ത്തി. മത്സരത്തിന് മുന്‍പ് ഹോട്ടലില്‍ നിന്ന് പുറപ്പെട്ട താരങ്ങളെ യാത്രയാക്കാനും നഗരത്തിലെ ഒരു ബേക്കറിയില്‍ എത്തിയപ്പോള്‍ അവരെ സ്വീകരിക്കാനും ആരാധകര്‍ എത്തിയിരുന്നു.
ഘാന ആരാധകര്‍ നഗരത്തിലേക്ക് പരമ്പരാഗത സംഗീതരീതിയായ 'ജാമ'യും എത്തിച്ചു. ബ്രാംപ്ടണില്‍ നിന്ന് കുടുംബത്തോടൊപ്പം മത്സരം കാണാനെത്തിയ കനേഡിയന്‍- ഘാനക്കാരനായ ഇമ്മാനുവല്‍ അഡ്ജെയ്, ലോകകപ്പ് ടൊറന്റോയില്‍ സൃഷ്ടിച്ച ബഹുസാംസ്‌കാരിക അന്തരീക്ഷത്തെ പ്രശംസിച്ചു.
സാധാരണയായി ലോകകപ്പ് മറ്റൊരു ഭൂഖണ്ഡത്തിലെ അനുഭവമായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ വിവിധ സംസ്‌കാരങ്ങളും ആഫ്രിക്കന്‍ പ്രതിനിധാനവും ഇവിടെ കാണുന്നത് അതിശയകരമാണെന്നും അദ്ദേഹം പറഞ്ഞു.
ടൊറന്റോയിലെ സങ്കോഫ സ്‌ക്വയറില്‍ 'ദി ഗ്ലോബല്‍ കിക്കോഫ്' എന്ന പേരില്‍ രണ്ട് ദിവസത്തെ പാന്‍- ആഫ്രിക്കന്‍ സാംസ്‌കാരികോത്സവവും സംഘടിപ്പിച്ചു. ലോകകപ്പ് കാണാനെത്തുന്നവരെയും പ്രാദേശിക സമൂഹങ്ങളെയും സ്വാഗതം ചെയ്യുന്നതിനായി സംഘടിപ്പിച്ച ഈ പരിപാടിയില്‍ യോഗ്യത നേടാനാകാതെ പോയ രാജ്യങ്ങളില്‍ നിന്നുള്ള ആഫ്രിക്കക്കാരും പങ്കെടുത്തു.
ടൊറന്റോ ഒരു നഗരത്തിനുള്ളിലെ ലോകമാണെന്നും ലോകകപ്പ് ഇവിടെ എത്തിയത് അതുകൊണ്ടുതന്നെ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും പരിപാടിയുടെ സംഘാടകരിലൊരാളായ അക്ക്വാ മെന്‍സ പറഞ്ഞു.
48 ടീമുകളുമായി നടക്കുന്ന ആദ്യ ലോകകപ്പാണ് 2026 പതിപ്പ്. മുന്‍പ് 32 ടീമുകളായിരുന്നു മത്സരിച്ചിരുന്നത്. പുതിയ ഫോര്‍മാറ്റ് ആഫ്രിക്കയ്ക്ക് കൂടുതല്‍ പ്രതിനിധാനം ഉറപ്പാക്കിയിട്ടുണ്ട്.
2022 ലോകകപ്പില്‍ അഞ്ച് ടീമുകള്‍ക്ക് മാത്രമായിരുന്നു ആഫ്രിക്കയില്‍ നിന്ന് അവസരം ലഭിച്ചത്. 54 രാജ്യങ്ങള്‍ തമ്മിലുള്ള കടുത്ത യോഗ്യതാ മത്സരങ്ങള്‍ കാരണം ഈജിപ്ത്, അള്‍ജീരിയ, ഐവറി കോസ്റ്റ്, നൈജീരിയ തുടങ്ങിയ പ്രമുഖ ടീമുകള്‍ പുറത്തായിരുന്നു. എന്നാല്‍ ഇത്തവണ ഒന്‍പത് നേരിട്ടുള്ള സീറ്റുകളും പ്ലേ ഓഫ് വഴിയുള്ള ഒരു സീറ്റും ഉള്‍പ്പെടെ 10 ടീമുകള്‍ ആഫ്രിക്കയില്‍ നിന്ന് ലോകകപ്പില്‍ കളിക്കുന്നു.
ഇത്രയും വലിയ പ്രതിനിധാനം ആഫ്രിക്കയ്ക്ക് വളരെ മുമ്പേ ലഭിക്കേണ്ടതായിരുന്നുവെന്ന് ഘാന ആരാധകനായ ജോസഫ് ഒസെയ് ബോന്‍സു പറഞ്ഞു.
ഇതുവരെ ഒരു ആഫ്രിക്കന്‍ രാജ്യത്തിനും ലോകകപ്പ് കിരീടം നേടാനായിട്ടില്ല. 2022ല്‍ മൊറോക്കോ സെമിഫൈനല്‍ വരെ എത്തിയതാണ് ഏറ്റവും വലിയ നേട്ടം. ഇത്തവണ ആ നേട്ടം മറികടക്കാമെന്ന പ്രതീക്ഷയിലാണ് ആഫ്രിക്കന്‍ ആരാധകര്‍.
ആഫ്രിക്കയിലെ ഏത് രാജ്യം ലോകകപ്പ് നേടിയാലും അത് മുഴുവന്‍ ഭൂഖണ്ഡത്തിന്റെയും വിജയമായിരിക്കുമെന്ന് ദി ഗ്ലോബല്‍ കിക്കോഫ് സംഘാടകരിലൊരാളായ എല്‍ ഡി ലിയോണ്‍ പറഞ്ഞു.
