മോണ്‍ട്രിയല്‍: സമ്മര്‍ മകിന്റോഷ് വനിതകളുടെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തില്‍ പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ചു. മോണ്‍ട്രിയലില്‍ നടന്ന കാനഡ നീന്തല്‍ ട്രയല്‍സില്‍ 2 മിനിറ്റ് 1.65 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് 19-കാരിയായ താരം ചരിത്ര നേട്ടം സ്വന്തമാക്കിയത്.
ഫിനിഷിങ് പോയിന്റിലെത്തിയ ഉടന്‍ സന്തോഷം അടക്കിവയ്ക്കാനാകാതെ വെള്ളത്തില്‍ മുഷ്ടി ചുരുട്ടി ആഘോഷിച്ച മകിന്റോഷിന് നിറഞ്ഞ കൈയടിയോടെയാണ് കാണികള്‍ സ്വീകരണം നല്‍കിയത്.
മത്സരവേദിയില്‍ ഫ്‌ളൈ സമ്മര്‍ ഫ്‌ളൈ ഉള്‍പ്പെടെയുള്ള സന്ദേശങ്ങളുമായി നിരവധി ആരാധകര്‍ താരത്തെ പ്രോത്സാഹിപ്പിക്കാനെത്തിയിരുന്നു. അവസാന 50 മീറ്ററില്‍ ഗാലറിയില്‍ നിന്നുള്ള ആവേശകരമായ പിന്തുണയാണ് തന്നെ മുന്നോട്ട് നയിച്ചതെന്നും അവര്‍ പറഞ്ഞു.
ഇതോടെ മകിന്റോഷിന്റെ പേരിലുള്ള ലോക റെക്കോര്‍ഡുകളുടെ എണ്ണം നാലായി. എന്നാല്‍ ഇതാണ് തന്റെ കരിയറിലെ ഏറ്റവും വിലമതിക്കുന്ന റെക്കോര്‍ഡെന്ന് താരം പ്രതികരിച്ചു.
2009ല്‍ ചൈനയുടെ ലിയു സിഗെ സ്ഥാപിച്ച 2:01.81 എന്ന ലോക റെക്കോര്‍ഡാണ് മകിന്റോഷ് മറികടന്നത്. പ്രത്യേക നീന്തല്‍ വസ്ത്രങ്ങള്‍ (സൂപ്പര്‍ സ്യൂട്ട്) വ്യാപകമായി ഉപയോഗിച്ചിരുന്ന കാലഘട്ടത്തിലാണ് ആ റെക്കോര്‍ഡ് പിറന്നത്. വനിതകളുടെ വ്യക്തിഗത ഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ കാലം നിലനിന്നിരുന്ന ലോക റെക്കോര്‍ഡുകളില്‍ ഒന്നായിരുന്നു ഇത്.
കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പില്‍ 2:01.99 എന്ന സമയവുമായി വെറും 0.18 സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ റെക്കോര്‍ഡ് നഷ്ടമായിരുന്നു. ഇത്തവണ ലക്ഷ്യം കൃത്യമായി കൈവരിക്കുകയായിരുന്നു.
ടൊറന്റോ സ്വദേശിനിയായ മകിന്റോഷ് അടുത്തിടെ പ്രശസ്ത പരിശീലകന്‍ ബോബ് ബോമാന്റെ കീഴില്‍ പരിശീലനം നേടുന്നതിനായി ഓസ്റ്റിനിലേക്ക് മാറിയിരുന്നു. 23 ഒളിമ്പിക് സ്വര്‍ണമെഡലുകള്‍ നേടിയ മൈക്കല്‍ ഫെല്പ്‌സിന്റെ പരിശീലകനായിരുന്നു ബൗമന്‍.
2024 സമ്മര്‍ ഒളിംപിക്‌സില്‍ മൂന്ന് സ്വര്‍ണമെഡലുകള്‍ നേടിയ മകിന്റോഷ് കഴിഞ്ഞ വര്‍ഷം നടന്ന കാനഡ ട്രയല്‍സിലും അഞ്ച് ഇനങ്ങളില്‍ ജയം നേടി മൂന്ന് വ്യക്തിഗത ലോക റെക്കോര്‍ഡുകള്‍ സ്ഥാപിച്ച് ശ്രദ്ധ നേടിയിരുന്നു. 2008ലെ ബീജിംഗ് ഒളിമ്പിക്‌സില്‍ മൈക്കല്‍ ഫെല്‍പ്സിന് ശേഷം ഒരേ മീറ്റില്‍ മൂന്ന് വ്യക്തിഗത ലോക റെക്കോര്‍ഡുകള്‍ സ്ഥാപിക്കുന്ന ആദ്യ നീന്തല്‍ താരമെന്ന നേട്ടവും അവര്‍ സ്വന്തമാക്കിയിരുന്നു.
