സസ്‌ക്കാറ്റൂണ്‍: ഹൈസ്‌കൂള്‍ ബിരുദദാനച്ചടങ്ങിനിടെ പാലസ്തീന്‍ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്ന കെഫിയേ മാതൃകയിലുള്ള സ്‌കാര്‍ഫ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നീക്കം ചെയ്ത സംഭവം വിവാദമായി. സംഭവത്തില്‍ സ്‌കൂള്‍ ഔദ്യോഗികമായി മാപ്പുപറയണമെന്ന് 18-കാരിയായ വിദ്യാര്‍ഥിനി ആവശ്യപ്പെട്ടു.
സെന്റെനിയല്‍ കോളേജിയേറ്റില്‍ ജൂണ്‍ 23ന് നടന്ന പ്ലസ് ടു ബിരുദദാനച്ചടങ്ങിനിടെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ലക്ഷക്കണക്കിന് ആളുകള്‍ കാണുകയും ചെയ്തു.
സിറിയയില്‍ നിന്ന് കാനഡയിലെത്തിയ വിദ്യാര്‍ഥിനിയായ ഷൈമ അല്‍ ജമൂസ് പാലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് കെഫിയേ മാതൃകയിലുള്ള സ്‌കാര്‍ഫ് ധരിച്ചതെന്ന് പറഞ്ഞു.
പാലസ്തീന്‍ സംസ്‌കാരത്തെയും വ്യക്തിത്വത്തെയും പ്രതിനിധീകരിക്കുന്ന സ്‌കാര്‍ഫാണ് താന്‍ ധരിച്ചതെന്നും എന്നാല്‍ തന്റെ അനുമതിയില്ലാതെ പ്രിന്‍സിപ്പല്‍ അത് എടുത്തുമാറ്റിയെന്നും യുദ്ധത്തിന്റെ ദുരിതം അനുഭവിച്ച ഒരാളെന്ന നിലയില്‍ പാലസ്തീന്‍ ജനതയുടെ വേദന തനിക്ക് മനസ്സിലാകുന്നുവെന്നും അവര്‍ പറഞ്ഞു.
വേദിയിലേക്ക് കയറുന്നതിനിടെ സ്‌കാര്‍ഫ് ധരിച്ച വിദ്യാര്‍ഥിനി ഫോട്ടോ എടുക്കാന്‍ നില്‍ക്കുമ്പോള്‍ പ്രിന്‍സിപ്പലായ വെന്റി ബെന്‍സണ്‍ അത് നീക്കം ചെയ്യുന്നതും പിന്നീട് തിരികെ നല്‍കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്.
അതേസമയം സസ്‌ക്കാറ്റൂണ്‍ പബ്ലിക്ക് സ്‌കൂള്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ ബിരുദദാനച്ചടങ്ങിന് മുമ്പ് വേദിയില്‍ ധരിക്കാവുന്ന വസ്ത്രധാരണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് വാക്കാലും രേഖാമൂലവും അറിയിച്ചിരുന്നുവെന്ന് വ്യക്തമാക്കി. വേദിയിലേക്ക് കയറുന്നതിന് തൊട്ടുമുമ്പ് സ്‌കാര്‍ഫ് അനുവദിക്കില്ലെന്ന് വിദ്യാര്‍ഥിനിയെ ഓര്‍മിപ്പിച്ചിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
മുന്നറിയിപ്പ് അവഗണിച്ച് സ്‌കാര്‍ഫ് വേദിയില്‍ ധരിച്ചതിനാലാണ് എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒരേ നിയമം ബാധകമാക്കുന്നതിനായി അത് നീക്കം ചെയ്തതെന്നും സ്‌കൂള്‍ അധികൃതര്‍ വിശദീകരിച്ചു.
സംഭവത്തിന് പിന്നാലെ വിദ്യാര്‍ഥിനിയുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിച്ചിരുന്നുവെന്നും ആ ക്ഷണം ഇപ്പോഴും നിലനില്‍ക്കുന്നതായും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ അത്തരമൊരു ക്ഷണം ലഭിച്ചിട്ടില്ലെന്നും ലഭിച്ചാലും സ്വീകരിക്കുമോയെന്ന് ഉറപ്പില്ലെന്നും ഷൈമ അല്‍ ജമൂസ് പ്രതികരിച്ചു.
പ്രിന്‍സിപ്പലിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ ബ്രിയാന്‍ ഫെഫെര്‍ലെ പുറത്തിറക്കിയ പ്രസ്താവനയില്‍ വിദ്യാര്‍ഥിനി തെറ്റായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്ന് ആരോപിച്ചു. പ്രിന്‍സിപ്പലും കുടുംബവും സംഭവത്തിന് ശേഷം വ്യാപകമായ അധിക്ഷേപത്തിനും ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ക്കും ഇരയായതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ബിരുദദാനച്ചടങ്ങുകളില്‍ വേദിയില്‍ ധരിക്കാവുന്ന വസ്ത്രങ്ങള്‍ സംബന്ധിച്ച നിബന്ധനകള്‍ ഓരോ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും വ്യത്യസ്തമാണെന്നും ചില സാംസ്‌കാരിക- ആചാരപരമായ വസ്ത്രങ്ങള്‍ക്കും തദ്ദേശീയ വിഭാഗങ്ങളായ ഫസ്റ്റ് നേഷന്‍സ്, മെറ്റിസ്, ഇന്‍യൂട്ട് വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്ന ഔദ്യോഗിക വസ്ത്രങ്ങള്‍ക്കും മാത്രമാണ് പ്രത്യേക ഇളവുകള്‍ നല്‍കുന്നതെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
