ഒട്ടാവ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാടുകളെ പിന്തുണച്ച് കാനഡയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടുന്നുവെന്ന് ആരോപിച്ച് യു.എസ് അംബാസഡര്‍ പീറ്റ് ഹോക്സ്ട്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കാനഡയില്‍ സമര്‍പ്പിച്ച ഹര്‍ജി പാര്‍ലമെന്റിലെത്തി. 2.90 ലക്ഷത്തോളം പേര് ഒപ്പിട്ട ഹര്‍ജി ഗ്രീന്‍ പാര്‍ട്ടി നേതാവ് എലിസബത്ത് മേയാണ് വ്യാഴാഴ്ച ജനപ്രതിനിധിസഭയില്‍ അവതരിപ്പിച്ചത്.
ഹോക്സ്ട്രയെ രാജ്യത്ത് അനഭിമതനായ നയതന്ത്ര പ്രതിനിധിയായി പ്രഖ്യാപിച്ച് നയതന്ത്ര പരിരക്ഷകള്‍ പിന്‍വലിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കാനഡയെ അമേരിക്കയുടെ 51ാമത്തെ സംസ്ഥാനമാക്കണമെന്ന ട്രംപിന്റെ നീക്കത്തെ പിന്തുണയ്ക്കുന്നതിലൂടെ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അംബാസഡര്‍ ഇടപെടുകയാണെന്നും അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം തകര്‍ക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. കാല്‍ഗറി സ്വദേശിയാണ് ഹര്‍ജിക്ക് തുടക്കമിട്ടത്.
കാനഡക്കാരെ ആവര്‍ത്തിച്ച് അപമാനിക്കുകയും അവഹേളിക്കുകയും ചെയ്ത വ്യക്തിയാണ് ഹോക്സ്ട്രയെന്ന് എലിസബത്ത് മേ പ്രതികരിച്ചു. കാനഡ കണ്ടതില്‍ ഏറ്റവും നയതന്ത്ര മര്യാദയില്ലാത്ത നയതന്ത്ര പ്രതിനിധിയാണ് അദ്ദേഹമെന്നും അവര്‍ വിമര്‍ശിച്ചു.
ട്രംപും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും കാനഡയെ 51ാമത്തെ അമേരിക്കന്‍ സംസ്ഥാനമാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തണമെന്ന ഹോക്സ്ട്രയുടെ പ്രസ്താവന നേരത്തേ വിവാദമായിരുന്നു. അമേരിക്കന്‍ എഫ്35 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കാനഡയുടെ പദ്ധതിയെക്കുറിച്ചും അദ്ദേഹം വിമര്‍ശനമുന്നയിച്ചിട്ടുണ്ട്.
പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ഹര്‍ജികള്‍ക്ക് കനേഡിയന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി മറുപടി നല്‍കണം. എന്നാല്‍ ഹര്‍ജിയിലെ ആവശ്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് നിയമപരമായ ബാധ്യതയില്ല.
അമേരിക്കന്‍ അംബാസഡറെ പുറത്താക്കണം; കാനഡയില്‍ 2.90 ലക്ഷം പേരുടെ ഹര്‍ജി പാര്‍ലമെന്റില്‍
