മറൈന്‍ലാന്‍ഡിലെ ബെലൂഗ തിമിംഗലങ്ങളെ സ്‌പെയിനിലേക്കും അമേരിക്കയിലേക്കും മാറ്റാന്‍ അനുമതി

മറൈന്‍ലാന്‍ഡിലെ ബെലൂഗ തിമിംഗലങ്ങളെ സ്‌പെയിനിലേക്കും അമേരിക്കയിലേക്കും മാറ്റാന്‍ അനുമതി


ഒട്ടാവ: നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപമുള്ള മറൈന്‍ലാന്‍ഡില്‍ കഴിയുന്ന 30 ബെലൂഗ തിമിംഗലങ്ങളെ സ്‌പെയിനിലെയും അമേരിക്കയിലെയും അക്വേറിയങ്ങളിലേക്ക് മാറ്റാനുള്ള രക്ഷാപദ്ധതിക്ക് കാനഡ സര്‍ക്കാര്‍ അനുമതി നല്‍കി.

കാനഡയുടെ മത്സ്യ- സമുദ്രകാര്യ വകുപ്പ് കഴിഞ്ഞ ആഴ്ച അംഗീകരിച്ച പദ്ധതിപ്രകാരം തിമിംഗലങ്ങളെ വിഭജിച്ച് സ്‌പെയിനിലെ വലന്‍സിയയിലുള്ള ഓഷ്യനോഗ്രാഫിക് വലന്‍സിയയിലേക്കും അമേരിക്കയിലെ നാല് കേന്ദ്രങ്ങളിലേക്കും മാറ്റും. അമേരിക്കയിലെ അറ്റ്‌ലാന്റയിലെ ജോര്‍ജിയ അക്വേറിയം, ഷിക്കാഗോയിലെ ഷെഡ് അക്വേറിയം, കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോ സീവേള്‍ഡ്, ടെക്‌സാസിലെ സാന്‍ ആന്റോണിയോ സീവേള്‍ഡ് എന്നിവയാണ് മറ്റ് കേന്ദ്രങ്ങള്‍.

കഴിഞ്ഞ വര്‍ഷം മറൈന്‍ലാന്‍ഡ് അധികൃതര്‍ ബെലൂഗകളെ ചൈനയിലെ ചിമെലോങ് ഓഷ്യന്‍ കിംഗ്ഡത്തിലേക്ക് കയറ്റുമതി ചെയ്യാനുള്ള അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഫെഡറല്‍ സര്‍ക്കാര്‍ അത് നിരസിച്ചിരുന്നു. ഇതോടെ തിമിംഗലങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലായിരുന്നു.

മറൈന്‍ലാന്‍ഡിന്റെ ഉടമകളായ ജോണ്‍ ഹോളറും ഭാര്യ മേരി ഹോളറും മരണപ്പെട്ടതിനെ തുടര്‍ന്ന് 2024-ല്‍ പാര്‍ക്കും മൃഗശാലയും അടച്ചുപൂട്ടിയെങ്കിലും അവശേഷിക്കുന്ന മൃഗങ്ങളുടെ സംരക്ഷണം ജീവനക്കാരാണ് നിര്‍വഹിക്കുന്നത്. 

മാറ്റുന്നതിന് കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നടപടി ആരംഭിക്കാന്‍ തങ്ങള്‍ സജ്ജരാണെന്ന് പങ്കാളികളായ അക്വേറിയങ്ങളുടെ കൂട്ടായ്മയുടെ പ്രതിനിധിയും ഷെഡ് അക്വേറിയത്തിന്റെ വൈസ് പ്രസിഡന്റുമായ ജോണി ഫോര്‍ഡ് പറഞ്ഞു.  

തിമിംഗലങ്ങളെ മാറ്റുന്നതിന് മുമ്പ് ഓരോ ജീവിയുടെയും ആരോഗ്യനില കനേഡിയന്‍ മൃഗഡോക്ടര്‍മാര്‍ പരിശോധിച്ച് യാത്രയ്ക്ക് അനുയോജ്യമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. കൂടാതെ അമേരിക്കയുടെയും സ്‌പെയിനിന്റെയും ഇറക്കുമതി അനുമതികളും ലഭിക്കേണ്ടതുണ്ട്. ഇതിനുപുറമെ കയറ്റുമതി അനുമതി നല്‍കേണ്ടത് കാനഡ സര്‍ക്കാരാണ്. മത്സ്യബന്ധന നിയമപ്രകാരം രാജ്യത്തിന് പുറത്തേക്ക് മാറ്റുന്നത് തിമിംഗലങ്ങളുടെ താത്പര്യത്തിന് അനുകൂലമാണെന്ന് ഉറപ്പായാല്‍ മാത്രമേ അനുമതി നല്‍കുകയുള്ളു.

അന്തിമ ആരോഗ്യപരിശോധനകള്‍ പൂര്‍ത്തിയായ ശേഷം കൊണ്ടുപോകാനുള്ള തിയ്യതി നിശ്ചയിച്ചതിന് ശേഷം കയറ്റുമതി അനുമതി നല്‍കുമെന്ന് കാനഡ മത്സ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സുരക്ഷിതവും സമയബന്ധിതവുമായ മാറ്റം ഉറപ്പാക്കാന്‍ കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിയുമായും ഹെല്‍ത്ത് കാനഡയുമായും സഹകരിച്ചാണ് നടപടികള്‍ പുരോഗമിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

അന്തര്‍ദേശീയ അതിര്‍ത്തികള്‍ കടന്ന് ബെലൂഗ തിമിംഗലങ്ങളെ വിജയകരമായി മാറ്റിപ്പാര്‍പ്പിച്ച അനുഭവമുള്ളതിനാലാണ് സ്‌പെയിനിലെ ഓഷ്യനോഗ്രാഫിക് വലന്‍സിയ ഈ പദ്ധതിയുടെ തുടക്കം മുതല്‍ പങ്കാളിയായതെന്ന് ജോണി ഫോര്‍ഡ് പറഞ്ഞു.

2024 ജൂണില്‍ യുക്രെയിനിലെ ഖാര്‍കിവിലുള്ള അക്വേറിയത്തില്‍ നിന്ന് 15 വയസ്സുള്ള പ്ലോംബിര്‍ എന്ന ആണ്‍ ബെലൂഗയെയും 14 വയസ്സുള്ള മിറാണ്ട എന്ന പെണ്‍ ബെലൂഗയെയും അവിടേക്ക് മാറ്റിയിരുന്നു. അന്ന് തിമിംഗലങ്ങളുടെ ടാങ്കുകളില്‍ നിന്ന് ഏതാനും മീറ്റര്‍ അകലത്തില്‍ ബോംബാക്രമണം നടക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രസ്തുത ദൗത്യത്തില്‍ ജോര്‍ജിയ അക്വേറിയവും സീവേള്‍ഡും പങ്കാളികളായിരുന്നു. പ്രത്യേക ടാങ്കുകളിലാക്കി 12 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള റോഡ് യാത്രയിലൂടെ ബെലൂഗകളെ മോള്‍ഡോവയിലേക്ക് എത്തിക്കുകയും തുടര്‍ന്ന് പ്രത്യേക വിമാനത്തില്‍ വലന്‍സിയയിലേക്ക് കൊണ്ടുപോകുകയുമാണുണ്ടായത്. 

ദീര്‍ഘദൂരങ്ങളിലേക്ക് ബെലൂഗകളെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കുന്നതില്‍ പതിറ്റാണ്ടുകളുടെ പരിചയമുള്ള സംഘമാണ് ഈ ദൗത്യത്തിന് പിന്നില്‍. മറൈന്‍ലാന്‍ഡില്‍ നിന്നുള്ള മാറ്റവും അതേ നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളോടെയായിരിക്കുമെന്ന് ഫോര്‍ഡ് പറഞ്ഞു.