വാന്‍കൂവര്‍: ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ലിറ്റണ്‍ ഗ്രാമത്തിന് സമീപം പടര്‍ന്നുപിടിച്ച നിയന്ത്രണാതീത കാട്ടുതീ ഭീഷണിയുയര്‍ത്തിയതോടെ 63-ലധികം വസ്തുവകകളിലുള്ള താമസക്കാരെ ഒഴിപ്പിച്ചു. ലിറ്റണില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ തെക്കുഭാഗത്ത് കണ്ടെത്തിയ സോ ക്രീക്ക് കാട്ടുതീ ശനിയാഴ്ചയോടെ ആറ് ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു.
തീ പടര്‍ന്നതിനെ തുടര്‍ന്ന് ബോസ്റ്റണ്‍ ബാറിനും ആഷ്‌ക്രോഫ്റ്റിനുമിടയിലുള്ള ഏകദേശം 116 കിലോമീറ്റര്‍ ദൂരത്തില്‍ ഹൈവേ-1 ഗതാഗതത്തിനായി അടച്ചു. 2021 ജൂണ്‍ 30ന് രണ്ട് പേരുടെ മരണത്തിനും ലിറ്റണ്‍ ഗ്രാമത്തിന്റെ ഭൂരിഭാഗവും ചാമ്പലാകുന്നതിനും കാരണമായ വിനാശകരമായ കാട്ടുതീയുടെ അഞ്ചാം വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പുതിയ ദുരന്തഭീഷണി ഉയര്‍ന്നിരിക്കുന്നത്.
തോംപ്‌സണ്‍- നിക്കോള റീജിയണല്‍ ഡിസ്ട്രിക്ട് (ടി എന്‍ ആര്‍ ഡി) ലിറ്റണ്‍ ഗ്രാമത്തിനും സമീപ പ്രദേശങ്ങള്‍ക്കുമായി രണ്ട് ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ഹൈവേയ്ക്ക് മുകളിലുള്ള പ്രദേശങ്ങളിലെ വീടുകള്‍ക്കാണ് ഇത് ബാധകമായത്. ശനിയാഴ്ച മൂന്ന് വസ്തുവകകള്‍ കൂടി ഒഴിപ്പിക്കല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി.
ലിറ്റണ്‍ ഫസ്റ്റ് നേഷന്‍സും ഫ്‌ളോറന്‍സ് റോഡ് മുതല്‍ ലിറ്റണ്‍ വിമാനത്താവളം വരെയുള്ള ഹൈവേ-1ന്റെ കിഴക്കന്‍ ഭാഗങ്ങളിലെ താമസക്കാര്‍ക്ക് ഒഴിപ്പിക്കല്‍ നിര്‍ദേശം നല്‍കി. ലിറ്റണിലെ ഏകദേശം 170 വിലാസങ്ങളിലുള്ളവര്‍ക്കും സമീപ പ്രദേശങ്ങളിലെ ചിലര്‍ക്കും അടിയന്തര ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ലിറ്റണ്‍ മേയര്‍ ഡെനിസ് ഒ'കോണര്‍, ഒഴിപ്പിക്കല്‍ ഉത്തരവിലുള്ള വീടുകള്‍ക്ക് മുകളിലുള്ള കുന്നിന്‍പ്രദേശങ്ങളിലാണ് തീ ഇപ്പോള്‍ കത്തുന്നതെന്ന് വ്യക്തമാക്കി.
ഒഴിപ്പിക്കപ്പെട്ടവരെ കാംലൂപ്‌സിലെ അടിയന്തര സഹായകേന്ദ്രത്തിലേക്ക് മാറ്റിയതായി ടി എന്‍ ആര്‍ ഡി ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സ്‌കോട്ട് ഹില്‍ഡെബ്രാന്‍ഡ് അറിയിച്ചു.
കാട്ടുതീ കാരണം ചില പ്രദേശങ്ങളില്‍ വൈദ്യുതി തടസ്സപ്പെട്ടതായും ലിറ്റണില്‍ കുടിവെള്ളം തിളപ്പിച്ചശേഷം മാത്രം ഉപയോഗിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയതായും അധികൃതര്‍ അറിയിച്ചു. ബി സി ഹൈഡ്രോയുടെ കണക്കുപ്രകാരം 182 ഉപഭോക്താക്കളെ ബാധിക്കുന്ന രണ്ട് വൈദ്യുതി തടസ്സങ്ങളാണ് നിലവിലുള്ളത്.
ബ്രിട്ടീഷ് കൊളംബിയ വൈല്‍ഡ് ഫയര്‍ സര്‍വീസ് (ബി സി ഡബ്ല്യു എസ്) പ്രകാരം തീ മിതമായതോ ശക്തമായതോ ആയ ഉപരിതല കാട്ടുതീ സ്വഭാവമാണ് കാണിക്കുന്നത്. രാത്രിയിലും ഹെലികോപ്റ്ററുകളുടെ സഹായത്തോടെ അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ തുടരുകയായിരുന്നു. 130 ജീവനക്കാരും ഒമ്പത് ഹെലികോപ്റ്ററുകളും കെട്ടിട സംരക്ഷണ സംഘങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്.
പ്രദേശത്ത് ചൂടും വരണ്ട കാലാവസ്ഥയും തുടരുന്നതിനാല്‍ തീ കൂടുതല്‍ വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ബി സി ഡബ്ല്യു എസ് മുന്നറിയിപ്പ് നല്‍കി. മിന്നലല്ലാത്ത കാരണങ്ങളാല്‍ ഉണ്ടായ തീപിടിത്തമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
2021 ജൂണ്‍ 29ന് 49.6 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി കാനഡയിലെ ഏറ്റവും ഉയര്‍ന്ന താപനിലയുടെ റെക്കോര്‍ഡ് സ്ഥാപിച്ചതിന് പിന്നാലെയായിരുന്നു ലിറ്റണിനെ നശിപ്പിച്ച കാട്ടുതീ. അന്ന് രണ്ട് പേര്‍ മരിക്കുകയും ഗ്രാമത്തിന്റെ ഭൂരിഭാഗവും നശിക്കുകയും ചെയ്തു.
140 ദശലക്ഷം ഡോളറിലധികം ഫെഡറല്‍, പ്രവിശ്യാ സഹായം ലഭിച്ചെങ്കിലും പുനര്‍നിര്‍മാണം മന്ദഗതിയിലാണ്. 2021ലെ തീപിടിത്തത്തിന് മുമ്പ് 210 പേരുണ്ടായിരുന്ന ഗ്രാമത്തില്‍ ഇപ്പോള്‍ ഏകദേശം 75 പേരാണ് താമസിക്കുന്നത്. നിലവില്‍ ബ്രിട്ടീഷ് കൊളംബിയയില്‍ 16 കാട്ടുതീകളാണ് സജീവമായിട്ടുള്ളത്. അവയില്‍ പൊതുസുരക്ഷയ്ക്ക് ഏറ്റവും കൂടുതല്‍ ഭീഷണിയായ 'ഫയര്‍ ഓഫ് നോട്ട്' വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് സോ ക്രീക്ക് കാട്ടുതീയെയാണ്.
