ടൊറന്റോ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നടപടികള്‍ അമേരിക്കന്‍ ജനാധിപത്യത്തെ ഗുരുതരമായി ബാധിക്കുന്നുവെന്ന് പ്രശസ്ത നോവലിസ്റ്റ് ജോണ്‍ ഇര്‍വിംഗ്. ട്രംപ് തന്റെ 'പ്രിയപ്പെട്ട ജന്മനാടിനെ തിരിച്ചറിയാനാകാത്തവിധം മാറ്റിയിരിക്കുകയാണ്' എന്നാരോപിച്ച അദ്ദേഹം പുതിയ പുസ്തകത്തിന്റെ പ്രചാരണത്തിനായി അമേരിക്കയിലേക്ക് പോകില്ലെന്നും വ്യക്തമാക്കി.
കനേഡിയന്‍- അമേരിക്കന്‍ പൗരത്വമുള്ള ജോണ്‍ ഇര്‍വിംഗ് ഇപ്പോള്‍ കാനഡയിലാണ് താമസിക്കുന്നത്. ദി വേള്‍ഡ് അക്കോര്‍ഡിംഗ് ടു ഗാര്‍പ്, എ പ്രയര്‍ ഫോര്‍ ഓവന്‍ മീനി എന്നീ കൃതികളിലൂടെ പ്രശസ്തനായ ഇര്‍വിംഗിന്റെ പുതിയ നോവലായ ക്വീന്‍ എസ്തര്‍ 1985ല്‍ പുറത്തിറങ്ങിയ ദി സിഡാര്‍ ഹൗസ് റൂള്‍സ് എന്ന കൃതിയുടെ പശ്ചാത്തലത്തിലേക്കാണ് വീണ്ടുമെത്തുന്നത്. ഗര്‍ഭച്ഛിദ്രാവകാശവും സ്ത്രീകളുടെ സ്വാതന്ത്ര്യവും പ്രമേയമാക്കിയിരുന്ന ആ കൃതിയുടെ വിഷയങ്ങള്‍ ഇന്നും പ്രസക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്കയില്‍ ഗര്‍ഭച്ഛിദ്രാവകാശം നിയമപരമായി ഉറപ്പാക്കിയിരുന്ന വിധി റദ്ദാക്കപ്പെട്ട ശേഷമുള്ള സാഹചര്യത്തെക്കുറിച്ചും ഇര്‍വിംഗ് ആശങ്ക പ്രകടിപ്പിച്ചു. ഗര്‍ഭച്ഛിദ്രാവകാശം സുരക്ഷിതമാണെന്ന് പലരും കരുതിയതായിരുന്നു ഏറ്റവും വലിയ തെറ്റെന്നും അത് ഒരിക്കലും സ്ഥിരമായി സുരക്ഷിതമല്ലെന്ന് താന്‍ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ ഭരണകാലത്ത് പുറത്തിറക്കിയ ചില എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍, പ്രത്യേകിച്ച് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ അവകാശങ്ങളെ ബാധിക്കുന്ന തീരുമാനങ്ങള്‍ തന്നെ ഏറെ ഞെട്ടിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് ലിംഗങ്ങള്‍ മാത്രമേ ഉള്ളൂ എന്ന രീതിയിലുള്ള ഉത്തരവുകള്‍ സമൂഹത്തെ പതിറ്റാണ്ടുകള്‍ പിന്നോട്ടുകൊണ്ടുപോകുന്നതാണ് എന്ന് അദ്ദേഹം ആരോപിച്ചു.
പൗരാവകാശ സമരങ്ങളും സ്വാതന്ത്ര്യപ്രക്ഷോഭങ്ങളും അമേരിക്കന്‍ സമൂഹത്തെ രൂപപ്പെടുത്തിയ കാലഘട്ടത്തിലാണ് താന്‍ വളര്‍ന്നതെന്ന് പറഞ്ഞ ഇര്‍വിംഗ് ട്രംപിന്റെ ഭരണരീതിയെ അധികാരാധിപത്യപരമായ സമീപനം എന്ന് വിശേഷിപ്പിച്ചു. എല്‍ ജി ബി ടി ക്യു അവകാശങ്ങള്‍ക്കും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും താന്‍ ദീര്‍ഘകാലമായി പിന്തുണ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ട്രംപിനെതിരെ മൗനം പാലിക്കുന്നതും അദ്ദേഹം വിമര്‍ശിച്ചു. ഇടക്കാല തെരഞ്ഞെടുപ്പുകള്‍ പോലും റദ്ദാക്കാനുള്ള സാഹചര്യം ട്രംപ് സൃഷ്ടിച്ചേക്കാമെന്ന് താന്‍ ഭയപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.
ട്രംപ് മൂന്നാം തവണയും അധികാരത്തില്‍ തുടരാമെന്ന പരാമര്‍ശത്തെയും ഇര്‍വിംഗ് രൂക്ഷമായി വിമര്‍ശിച്ചു. ആ മനുഷ്യന്‍ ചിന്തിക്കുന്നതില്‍ നിന്നു പോലും നമ്മളെല്ലാവരും സംരക്ഷിക്കപ്പെടട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
