കാനഡയിലെ 'മോസ്റ്റ് വാണ്ടഡ്' പട്ടികയിലെ ഇന്ത്യന്‍ വംശജന്‍ നിക്കോളസ് സിംഗ് അറസ്റ്റില്‍

കാനഡയിലെ 'മോസ്റ്റ് വാണ്ടഡ്' പട്ടികയിലെ ഇന്ത്യന്‍ വംശജന്‍ നിക്കോളസ് സിംഗ് അറസ്റ്റില്‍


ടൊറന്റോ: കാനഡയിലെ 25 'മോസ്റ്റ് വാണ്ടഡ്' കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഇന്ത്യന്‍ വംശജന്‍ നിക്കോളസ് സിംഗ് (23)നെ ടൊറന്റോ പൊലീസ് അറസ്റ്റ് ചെയ്തു. തോക്ക്, വെടിയുണ്ടകള്‍ എന്നിവയുമായി സിംഗ് സഞ്ചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അറസ്റ്റ് നടന്നത്.

ടൊറന്റോ പൊലീസിന്റെ അറിയിപ്പനുസരിച്ച് സിംഗിനെതിരെ റിപീറ്റ് ഒഫന്റഡര്‍ പരോള്‍ എന്‍ഫോഴ്‌സ്‌മെന്റ് വാററന്റ് പ്രകാരം സ്‌ക്വാഡിന്റെ അന്വേഷണത്തിന് വിധേയനായിരുന്നു. മാത്രമല്ല 25 മോസ്റ്റ് വാണ്ടഡ് ലുക്കൗട്ട് പട്ടികയിലും ഉള്‍പ്പെട്ടിരുന്നു.

കൊള്ളയും ആയുധ കുറ്റങ്ങളും ഉള്‍പ്പെടുന്ന 5 വര്‍ഷം 5 മാസം 10 ദിവസത്തെ ശിക്ഷ അനുഭവിക്കുന്നതിനിടെ 2024 മെയ് 31-ന് പരോള്‍ ലംഘിച്ച് ഒളിവില്‍ പോയ സിംഗിനെ അറസ്റ്റ് ചെയ്തതോടെ ആറ് ആയുധ കേസുകള്‍ കൂടി ചുമത്തിയിട്ടുണ്ട്. നിലവിലെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ കൂടിയുണ്ട്. 

ലൈസന്‍സോ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റോ ഇല്ലാതെ നിരോധിത/ നിയന്ത്രിത ആയുധം കൈവശം വയ്ക്കല്‍, സാധാരണ തോക്ക് ലൈസന്‍സില്ലാതെ കൈവശം വെക്കല്‍, അനധികൃതമായി നിരോധിത/ നിയന്ത്രിത ആയുധം അല്ലെങ്കില്‍ ഉപകരണം കൈവശം വയ്ക്കല്‍, ആയുധവുമായി മോട്ടോര്‍ വാഹനത്തില്‍ സഞ്ചരിക്കല്‍, വെടി നിറച്ച ആയുധം കൈവശം വെക്കല്‍, സീരിയല്‍ നമ്പര്‍ മാറ്റം വരുത്തിയ ആയുധം കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് നിക്കോളസ് സിംഗിനെതിരെയുള്ളത്.