ടൊറന്റോ: ഉയര്‍ന്ന ജീവിതച്ചെലവും വിലക്കയറ്റവും സാമ്പത്തിക അനിശ്ചിതത്വവും മൂലം കടബാധ്യതയില്‍ അകപ്പെടുന്ന കനേഡിയന്‍ പൗരന്മാരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. 2026-ലെ ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം 37,000-ത്തിലധികം പേര്‍ സാമ്പത്തിക പാപ്പരത്തവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് അപേക്ഷ നല്‍കിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2008 സാമ്പത്തിക പ്രതിസന്ധിക്കുശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ടൊറന്റോയിലെ റീട്ടെയില്‍ ജീവനക്കാരനായ 41-കാരന്‍ ഷോണ്‍ പിക്കാര്‍ഡിന് ക്രെഡിറ്റ് കാര്‍ഡ് വഴിയുണ്ടായിരുന്ന ഏകദേശം 30,000 കനേഡിയന്‍ ഡോളറിന്റെ കടം തിരിച്ചടയ്ക്കാനാകാതെ വര്‍ഷങ്ങളോളം വിഷമിക്കേണ്ടി വന്നു. പലിശ അടയ്ക്കാനായി മാത്രം പണം ചെലവഴിച്ചെങ്കിലും കടം കുറയുന്നില്ലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
അല്‍ബര്‍ട്ട ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാത്ത ക്രെഡിറ്റ് കൗണ്‍സലിങ് ഏജന്‍സിയായ മണി മെന്റേഴ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്റ്റേസി യാഞ്ചുക് ഒലെക്‌സിയുടെ അഭിപ്രായത്തില്‍ ഭവനച്ചെലവിലെ വര്‍ധന, കോവിഡ് കാലത്തിനു ശേഷമുള്ള വിലക്കയറ്റം, അമേരിക്കന്‍ വ്യാപാരനയങ്ങളുടെ ആഘാതം, ഇന്ധനവില വര്‍ധന തുടങ്ങിയ ഘടകങ്ങള്‍ ചേര്‍ന്നാണ് പല കുടുംബങ്ങളെയും സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത്.
കടം ആരെയും വേര്‍തിരിച്ച് കാണുന്നില്ലെന്നും ശ്രദ്ധിക്കാതിരുന്നാല്‍ അത് ആരെയും ബാധിക്കുമെന്നും അവര്‍ പറഞ്ഞു.
കടബാധ്യത നേരിടുന്നവര്‍ക്കായി സാമ്പത്തിക കൗണ്‍സലിങ്, തിരിച്ചടവ് പദ്ധതികള്‍, വായ്പാ ഏകീകരണം, പലിശ കുറയ്ക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ ലഭ്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചെലവുകള്‍ നിയന്ത്രിക്കുകയും ബജറ്റ് തയ്യാറാക്കുകയും ചെയ്യുന്നതും പ്രധാനമാണെന്ന് അവര്‍ പറയുന്നു.
കടബാധ്യതയെക്കുറിച്ച് ലജ്ജിക്കേണ്ടതില്ലെന്നും എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടെന്ന് സ്റ്റേസി യാഞ്ചുക് ഒലെക്‌സി പറഞ്ഞു.
ലൈസന്‍സുള്ള ഇന്‍സോള്‍വന്‍സി ട്രസ്റ്റിയായ സ്‌കോട്ട് ടെറിയോയുടെ അഭിപ്രായത്തില്‍, കടബാധ്യതയില്‍പ്പെട്ടവര്‍ക്ക് 'കണ്‍സ്യൂമര്‍ പ്രൊപ്പോസല്‍' പോലുള്ള നിയമപരമായ മാര്‍ഗങ്ങളിലൂടെ ആശ്വാസം നേടാന്‍ കഴിയും. വായ്പാദാതാക്കളുമായി ധാരണയിലെത്തി കടത്തിന്റെ ഒരു ഭാഗം മാത്രം തിരിച്ചടയ്ക്കുന്നതിനോ കൂടുതല്‍ സമയം ലഭിക്കുന്നതിനോ ഇതിലൂടെ സാധിക്കും.
ഷോണ്‍ പിക്കാര്‍ഡ് രണ്ട് വര്‍ഷം മുന്‍പ് സഹായം തേടിയതിനെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തെ തിരിച്ചടവ് പദ്ധതി തയ്യാറാക്കിയിരുന്നു. അധിക പലിശ കൂടാതെ കടം ഘട്ടംഘട്ടമായി കുറയ്ക്കാന്‍ ഇതിലൂടെ സാധിച്ചുവെന്ന് അദ്ദേഹം പറയുന്നു.
മുമ്പ് പലിശയിലേക്കു മാത്രം പണം പോകുമായിരുന്നത് ഇപ്പോള്‍ ഓരോ ശമ്പളവും ലഭിക്കുമ്പോഴും നിശ്ചിത തുക നേരിട്ട് കടം തിരിച്ചടയ്ക്കാന്‍ പോകുന്നുവെന്നും കടം കുറയുന്നതിന്റെ ആശ്വാസം അനുഭവിക്കാനാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുമ്പ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൂടുതലായി വാടകവീടുകളില്‍ താമസിക്കുന്നവരിലായിരുന്നു കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ നല്ല വരുമാനമുള്ള വീടുടമകള്‍ പോലും കടബാധ്യതയില്‍പ്പെടുന്നതായി സ്‌കോട്ട് ടെറിയോ ചൂണ്ടിക്കാട്ടി. അടുത്ത രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന സാമ്പത്തിക സമ്മര്‍ദം രാജ്യം നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അതേസമയം, സഹായം തേടാന്‍ വൈകിയതില്‍ ഖേദമുണ്ടെന്ന് ഷോണ്‍ പിക്കാര്‍ഡ് പറയുന്നു.
പത്ത് വര്‍ഷത്തോളമാണ് താന്‍ മടിച്ചു നിന്നതെന്നും രണ്ട് വര്‍ഷം മുമ്പ് സഹായം തേടിയില്ലായിരുന്നെങ്കില്‍ ഇന്നും അതേ അവസ്ഥയിലായിരിക്കുമെന്നും പറഞ്ഞ അദ്ദേഹം ആദ്യ ചുവടുവെക്കാന്‍ ധൈര്യം കാണിക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും വിശദമാക്കി.
