മോണ്‍ട്രിയല്‍: വംശീയ വിവേചനവുമായി ബന്ധപ്പെട്ട ഗുരുതര ആരോപണത്തെ തുടര്‍ന്ന് അന്വേഷണം നേരിടുന്ന മോണ്‍ട്രിയല്‍ പൊലീസിന്റെ കാര്യത്തില്‍ സത്യം പുറത്തുകൊണ്ടുവരുമെന്ന് മോണ്‍ട്രിയല്‍ മേയര്‍ സൊറായ മാര്‍ട്ടിനെസ് ഫെറാഡ വ്യക്തമാക്കി. ജനങ്ങള്‍ ശാന്തത പാലിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.
മോണ്‍ട്രിയല്‍-നോര്‍ഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേഷന്‍ 39-ലെ ഒരു പൊലീസ് യൂണിറ്റിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മേയര്‍ പ്രതികരിച്ചത്.
വംശീയ പ്രൊഫൈലിങ്, വിവേചനം, അക്രമം എന്നിവയുടെ ഏത് രൂപവും അംഗീകരിക്കാനാവില്ലെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മോണ്‍ട്രിയലിലോ ഏതെങ്കിലും സമൂഹത്തിലോ സ്ഥാപനങ്ങളിലോ സ്ഥാനമില്ലെന്ന് മേയര്‍ പറഞ്ഞു.
കറുത്ത വര്‍ഗക്കാരോടും അറബ് വംശജരോടും പൊലീസ് പരിശോധനയ്ക്കിടെ വംശീയവും വിദ്വേഷപരവുമായ പെരുമാറ്റം കാട്ടിയെന്ന ആരോപണത്തില്‍ സ്റ്റേഷന്‍ 39-ലെ 16 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടക്കുന്നതായി മോണ്‍ട്രിയല്‍ പൊലീസ് വെള്ളിയാഴ്ച സ്ഥിരീകരിച്ചിരുന്നു.
സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുന്നതിന് ആവശ്യമായ എല്ലാ ചോദ്യങ്ങളും ഉന്നയിക്കുമെന്നും വിഷയത്തിന്റെ സത്യാവസ്ഥ കണ്ടെത്തുമെന്നും മേയര്‍ വ്യക്തമാക്കി.
ആരോപണങ്ങളെ തുടര്‍ന്ന് മോണ്‍ട്രിയല്‍ പൊലീസ് മേധാവി ഫാദി ദാഗര്‍ അടിയന്തര വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇത്തരത്തിലുള്ള പെരുമാറ്റം ഒരിക്കലും സഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
2026-ല്‍ ഇങ്ങനെ സംഭവിക്കുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും ഇത് തന്നെ എത്രത്തോളം വേദനിപ്പിച്ചുവെന്ന് വാക്കുകളില്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഉദ്യോഗസ്ഥര്‍ യൂണിഫോമിന്റെ മാന്യതയ്ക്ക് കളങ്കമുണ്ടാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റേഡിയോ കാനഡയുടെ റിപ്പോര്‍ട്ട് പ്രകാരം പൊലീസ് നടപടിക്കിടെ ചിലരുടെ തലമുടിയില്‍ നിന്ന് മുറിച്ചെടുത്ത ഡ്രെഡ്ലോക്കുകളുടെ ഭാഗങ്ങള്‍ ചില ഉദ്യോഗസ്ഥര്‍ ശേഖരിച്ചിരുന്നുവെന്നാണ് ആരോപണം.
കൂടാതെ, വ്യക്തികളുടെ വംശീയ പശ്ചാത്തലം മാത്രം പരിഗണിച്ച് പിഴ ചുമത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
അന്വേഷണം തുടരുന്നതിനാല്‍ ആരോപണങ്ങളെക്കുറിച്ചുള്ള കൂടുതല്‍ ചോദ്യങ്ങള്‍ക്ക് വിശദമായി മറുപടി നല്‍കാന്‍ പൊലീസ് മേധാവി തയ്യാറായില്ല. എന്നാല്‍, ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
ഇതുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായും മൂന്ന് പേരെ മറ്റ് ചുമതലകളിലേക്ക് മാറ്റിയതായും യൂണിറ്റിലെ ബാക്കിയുള്ളവരെ താത്ക്കാലികമായി പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകാത്ത വിഭാഗങ്ങളിലേക്ക് മാറ്റിയതായും അദ്ദേഹം അറിയിച്ചു.
രണ്ട് കേസുകള്‍ ക്രിമിനല്‍ കുറ്റം ചുമത്താനാകുമോ എന്ന് പരിശോധിക്കുന്നതിനായി ക്യൂബെക്കിലെ ഡയറക്ടര്‍ ഓഫ് ക്രിമിനല്‍ ആന്‍ഡ് പീനല്‍ പ്രോസിക്യൂഷന്‍സിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേഷന്‍ 39-ലെ സഹപ്രവര്‍ത്തകരാണ് സംശയാസ്പദമായ പെരുമാറ്റത്തെക്കുറിച്ച് അധികൃതരെ അറിയിച്ചതെന്നും തുടര്‍ന്ന് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും റേഡിയോ കാനഡ റിപ്പോര്‍ട്ട് ചെയ്തു.
