കാണാതായ കാനഡ നടന്‍ കൊലപ്പെട്ടെന്ന് സംശയം

കാണാതായ കാനഡ നടന്‍ കൊലപ്പെട്ടെന്ന് സംശയം


ബ്രിട്ടീഷ് കൊളംബിയ: കാണാതായ നടന്‍ സ്റ്റുവര്‍ട്ട് മക്ലീന്‍ കൊല്ലപ്പെട്ടതായി സംശയിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കേസിന്റെ അന്വേഷണം ഇപ്പോള്‍ ബ്രിട്ടീഷ് കൊളംബിയയുടെ ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം (ഐഎച്ച്‌ഐടി) ഏറ്റെടുത്തു.

ബ്രിട്ടീഷ് കൊളംബിയയിലെ ലയണ്‍സ് ബേ സ്വദേശിയായ 45കാരനായ സ്റ്റുവര്‍ട്ട് മക്ലീനെ മെയ് 15ന് ശേഷം കാണാതായതായി മെയ് 18നാണ് സ്‌ക്വാമിഷ് ആര്‍ സി എം പിയെ അറിയിച്ചത്.

വാന്‍കൂവറിന് വടക്കുപടിഞ്ഞാറായി ഏകദേശം 20 കിലോമീറ്റര്‍ അകലെയുള്ള സീ-ടു-സ്‌കൈ മേഖലയിലെ ലയണ്‍സ് ബേയിലുള്ള സ്വന്തം വസതിയിലാണ് മക്ലീനെ അവസാനമായി കണ്ടതെന്ന് ആര്‍ സി എം പി സര്‍ജന്റ് വനേസ മണ്‍ അറിയിച്ചു.

'വര്‍ജിന്‍ റിവര്‍', 'മര്‍ഡര്‍ ഇന്‍ എ സ്‌മോള്‍ ടൗണ്‍' തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധ നേടിയ നടനായിരുന്നു മക്ലീന്‍.

മക്ലീനെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി മെയ് 19ന് പൊലീസ് രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തെയും സുരക്ഷയെയും കുറിച്ച് ആശങ്കയുണ്ടെന്ന് അന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

മെയ് 20ന് ലയണ്‍സ് ബേ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സംഘത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചത്. രാവിലെ ഒമ്പത് മണിയോടെ തുടങ്ങിയ തിരച്ചില്‍ ഉച്ചയോടെ അവസാനിപ്പിച്ചതായി സെര്‍ച്ച് മാനേജര്‍ മരിയ മാസിയാര്‍ പറഞ്ഞു.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മക്ലീന്‍ കൊപ്പെട്ടതായി സംശയിക്കാന്‍ ഇടയാക്കിയ തെളിവുകള്‍ ലഭിച്ചതെന്ന് ആര്‍ സി എം പി വ്യക്തമാക്കി.

തിരച്ചില്‍ ആരംഭിച്ച അതേ ദിവസമാണ് കേസ് ഹോമിസൈഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം ഏറ്റെടുത്തത്. സ്‌ക്വാമിഷ് ആര്‍ സി എം പിയും ഫോറന്‍സിക് ഐഡന്റിഫിക്കേഷന്‍ സര്‍വീസും ചേര്‍ന്ന് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

മക്ലീന്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ടോ, എവിടെയാണ് അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നതെന്നോ സംബന്ധിച്ച് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മക്ലീന്റെ ബ്രണ്‍സ്വിക് ബീച്ച് പ്രദേശത്തെ വീടിന് സമീപവും റെയില്‍പാതയിലുമായി സമീപ ജലാശയങ്ങളിലും അന്വേഷണ ഉദ്യോഗസ്ഥരെ കണ്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, മക്ലീനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് അയല്‍വാസികളും രംഗത്തെത്തി. ദീര്‍ഘകാല അയല്‍വാസിയായ റസ് മൈക്കിള്‍ജോണ്‍, മക്ലീനെ ആരെങ്കിലും ഉപദ്രവിക്കുമെന്ന കാര്യം വിശ്വസിക്കാനാകുന്നില്ലെന്ന് പറഞ്ഞു.

ഭാര്യ ഡൊറോത്തി മൈക്കിള്‍ജോണിന്റെ വാക്കുകളില്‍ മക്ലീന്‍ എല്ലാവരോടും സ്നേഹത്തോടെ ഇടപെടുന്ന വ്യക്തിയായിരുന്നു. മഴയായാലും മഞ്ഞുവീഴ്ചയായാലും കാണുമ്പോഴെല്ലാം വലിയൊരു ആലിംഗനം നല്‍കുമായിരുന്നുവെന്നും അഭിനേതാവെന്ന നിലയില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ അദ്ദേഹം ഏറെ പരിശ്രമിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. അദ്ദേഹം ഇനി ഇല്ലെന്ന കാര്യം ഉള്‍ക്കൊള്ളാന്‍ വളരെ ബുദ്ധിമുട്ടാണെന്നും ചെറിയൊരു സമൂഹമായിരുന്നെങ്കിലും അതിന്റെ വലിയൊരു ഭാഗമായിരുന്നു അദ്ദേഹമെന്നും ഡൊറോത്തി കൂട്ടിച്ചേര്‍ത്തു.

നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ പൂര്‍ണ സജ്ജരായി പ്രദേശത്ത് അന്വേഷണം നടത്തിയത് നാട്ടുകാരെ ഞെട്ടിച്ചുവെന്നും അയല്‍വാസികള്‍ പ്രതികരിച്ചു.