എഡ്മന്റണ്‍: കാനഡയില്‍ നിന്ന് ആല്‍ബര്‍ട്ട പ്രവിശ്യ വേര്‍പിരിയുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 19-ന് നടക്കാനിരിക്കുന്ന ഹിതപരിശോധനയില്‍ താന്‍ എങ്ങനെ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കാന്‍ വിസമ്മതിച്ച് ആല്‍ബര്‍ട്ട ഗതാഗത മന്ത്രി ഡെവിന് ഡ്രിഷന്‍. പ്രവിശ്യ കാനഡയില്‍ തന്നെ തുടരണമെന്ന് പൊതുവേദികളില്‍ ആവര്‍ത്തിച്ച് പറയുന്ന പ്രീമിയര്‍ ഡാനിയേല്‍ സ്മിത്തിന്റെ നിലപാടില്‍ നിന്ന് വ്യത്യസ്തമായാണ് മന്ത്രിയുടെ പ്രതികരണം.
പാസഞ്ചര്‍ റെയില്‍ പഠന റിപ്പോര്‍ട്ടിന്റെ ഫലങ്ങള്‍ പ്രഖ്യാപിക്കുന്നതിന് പ്രീമിയര്‍ സ്മിത്തിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഡ്രിഷനോട് ഹിതപരിശോധനയിലെ വോട്ടിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചത്. കാനഡയില്‍ തുടരണമോ, അതോ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നിര്‍ബന്ധിത വോട്ടെടുപ്പിലേക്ക് നീങ്ങണമോ എന്നതാണ് ആല്‍ബര്‍ട്ടക്കാര്‍ക്ക് മുന്നിലുള്ള ചോദ്യം.
എന്നാല്‍, തന്റെ 'ഒരൊറ്റ വോട്ടിന്' വലിയ പ്രാധാന്യമില്ലെന്നായിരുന്നു ഡ്രിഷന്റെ ആദ്യ പ്രതികരണം. പകരം, കാനഡയുടെ ഐക്യം നിലനിര്‍ത്തേണ്ട ഉത്തരവാദിത്തം ഫെഡറല്‍ സര്‍ക്കാരിനാണെന്നും ആല്‍ബര്‍ട്ടക്കാര്‍ക്ക് രാജ്യത്ത് തുടരേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തേണ്ടത് ഒട്ടാവയാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ നേതാക്കളുടെ വ്യക്തിപരമായ അഭിപ്രായങ്ങളെക്കുറിച്ചാണ് മാധ്യമങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നും എന്നാല്‍ രാജ്യത്തെ ഒന്നിച്ച് നിലനിര്‍ത്താന്‍ ഫെഡറല്‍ സര്‍ക്കാര്‍ എന്ത് ചെയ്യുമെന്ന കാര്യത്തില്‍ വേണ്ടത്ര സമ്മര്‍ദം ചെലുത്തപ്പെടുന്നില്ലെന്നും ഡ്രിഷന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍, ഈ നിലപാട് പ്രീമിയര്‍ ഡാനിയേല്‍ സ്മിത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ്. ആല്‍ബര്‍ട്ട കാനഡയുടെ ഭാഗമായി തുടരണമെന്ന നിലപാടാണ് തനിക്കുള്ളതെന്നും കാനഡയില്‍ തുടരുന്നതിന്റെ ഗുണങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും സ്മിത്ത് പലതവണ വ്യക്തമാക്കിയിട്ടുണ്ട്.
സ്മിത്തിന്റെ മന്ത്രിസഭയിലെ മറ്റ് നിരവധി അംഗങ്ങളും ഹിതപരിശോധനയില്‍ കാനഡയില്‍ തുടരുന്നതിനാണ് പിന്തുണ നല്‍കുന്നതെന്ന് പരസ്യമായി അറിയിച്ചിട്ടുണ്ട്. എന്നാല്‍, വേര്‍പിരിയലിനെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്ന് ഇതുവരെ ആരും തുറന്ന് പറഞ്ഞിട്ടില്ല.
വാര്‍ത്താസമ്മേളനത്തില്‍ ഡ്രിഷന്‍, സ്മിത്ത് പതിവായി ഉയര്‍ത്തിക്കാട്ടുന്ന 'ഐക്യ കാനഡയ്ക്കുള്ളിലെ ശക്തമായ ആല്‍ബര്‍ട്ട' എന്ന ആശയവും ആവര്‍ത്തിച്ചില്ല. പകരം, ആല്‍ബര്‍ട്ടയിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയെന്നതാണ് പ്രവിശ്യാ സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
മധ്യ ആല്‍ബര്‍ട്ടയിലെ ഗ്രാമീണ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഡ്രിഷന്റെ നിലപാട് ശ്രദ്ധേയമാണ്. അഭിപ്രായ സര്‍വേകള്‍ പ്രകാരം പ്രവിശ്യമൊട്ടാകെ വേര്‍പിരിയലിനുള്ള പിന്തുണ കുറവാണെങ്കിലും കാല്‍ഗറിയ്ക്കും എഡ്മന്റണിനും പുറത്തുള്ള ഗ്രാമീണ മേഖലകളിലാണ് അതിന് കൂടുതല്‍ സ്വീകാര്യതയുള്ളത്. ഭരണകക്ഷിയായ യുണൈറ്റഡ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പിന്തുണക്കാരില്‍ പകുതിയിലധികം പേര്‍ കാനഡയില്‍ നിന്ന് വേര്‍പിരിയുന്നതിനെ അനുകൂലിക്കുന്നതായും സര്‍വേകള്‍ സൂചിപ്പിക്കുന്നു.
അതേസമയം, ഗ്രാമീണ മേഖലകളെ പ്രതിനിധീകരിക്കുന്ന മറ്റ് ചില മന്ത്രിമാര്‍ കാനഡയില്‍ തുടരുന്നതിനുള്ള പിന്തുണ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യം വിടേണ്ട സമയമല്ല ഇതെന്നും നേതൃത്വം നല്‍കേണ്ട സമയമാണെന്നും ഐക്യ കാനഡയ്ക്കുള്ളിലാണ് ആല്‍ബര്‍ട്ട കൂടുതല്‍ ശക്തമാകുകയെന്നും മുനിസിപ്പല്‍ കാര്യ മന്ത്രി ഡാന്‍ വില്യംസ് സമൂഹമാധ്യമത്തില്‍ കുറിച്ചു.
കാനഡയുടെ ഭാഗമായിരിക്കുമ്പോഴാണ് ആല്‍ബര്‍ട്ട കൂടുതല്‍ ശക്തമാകുന്നത് ധനമന്ത്രി ജേസണ്‍ നിക്സണും അടുത്തിടെ സി ബി സി അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.
ഡ്രിഷന്റെ പ്രതികരണത്തിനിടെ അദ്ദേഹത്തിനരികില്‍ നിന്നിരുന്ന പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് വിഷയത്തില്‍ പ്രതികരിച്ചില്ല. മന്ത്രിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രീമിയറുടെ ഓഫീസ് മറുപടി നല്‍കിയിട്ടില്ല.
ആല്‍ബര്‍ട്ടയുടെ സ്വാതന്ത്ര്യത്തെ ശക്തമായി എതിര്‍ക്കുന്ന പ്രതിപക്ഷ എന്‍ ഡി പി, ഹിതപരിശോധനയില്‍ തങ്ങളുടെ നിലപാട് എല്ലാ നിയമസഭാംഗങ്ങളും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, യു സി പിയിലെ ഒരു നിയമസഭാംഗവും ഇതുവരെ വേര്‍പിരിയല്‍ പ്രക്രിയ ആരംഭിക്കുന്നതിനായി വോട്ട് ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം, കഴിഞ്ഞ വര്‍ഷം പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡ്രിഷന്‍ കാനഡയെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചിരുന്നു. താന്‍ കാനഡയെ പിന്തുണയ്ക്കുന്ന ആളാണെന്നും ലോകമഹായുദ്ധങ്ങളില്‍ തന്റെ കുടുംബം കാനഡയ്ക്കായി പോരാടിയിട്ടുണ്ടെന്നും ആല്‍ബര്‍ട്ട പ്രവിശ്യ രൂപീകരിക്കപ്പെടുന്നതിന് മുമ്പേ തന്റെ കുടുംബം ഇവിടെ എത്തിയിരുന്നുവെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
എന്നാല്‍ തങ്ങളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു ഫെഡറല്‍ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ അഭിമാനത്തോടെ കാനഡക്കാരനാണെന്ന് പറയുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
