റഡാര്‍ ഗവേഷണ വിഭാഗം പിരിച്ചുവിട്ടത് പൊതുസുരക്ഷയ്ക്ക് ഭീഷണിയെന്ന് കാലാവസ്ഥാ വിദഗ്ധര്‍

റഡാര്‍ ഗവേഷണ വിഭാഗം പിരിച്ചുവിട്ടത് പൊതുസുരക്ഷയ്ക്ക് ഭീഷണിയെന്ന് കാലാവസ്ഥാ വിദഗ്ധര്‍


കാനഡയില്‍ എഐ അധിഷ്ഠിത കാലാവസ്ഥ പ്രവചന സംവിധാനം ഉടന്‍

ഒട്ടാവ: കാലാവസ്ഥാ റഡാര്‍ ഗവേഷണ വിഭാഗം പിരിച്ചുവിട്ടതിനെതിരെ ശക്തമായ ആശങ്കയുമായി കാലാവസ്ഥാ വിദഗ്ധരും ഗവേഷകരും. പൊതുസുരക്ഷയെ ബാധിക്കുന്ന തീരുമാനമാണിതെന്നും കനത്ത മഴ, ചുഴലിക്കാറ്റ്, ആലിപ്പഴ വര്‍ഷം തുടങ്ങിയ അതിതീവ്ര കാലാവസ്ഥാ സാഹചര്യങ്ങള്‍ കൃത്യമായി പ്രവചിക്കുന്നതില്‍ തിരിച്ചടിയാകുമെന്നും മുന്നറിയിപ്പുണ്ട്.

പ്രെയറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൊടുങ്കാറ്റ് നിരീക്ഷകയും കാലാവസ്ഥാ വിദഗ്ധയുമായ ജെന്നി ഹാഗന്‍, തത്സമയ റഡാര്‍ വിവരങ്ങളാണ് തന്റെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം എന്ന് വ്യക്തമാക്കി. ചുഴലിക്കാറ്റുകളും ഹിമപാതങ്ങളും പിന്തുടര്‍ന്ന് വിവരങ്ങളും ചിത്രങ്ങളും ശേഖരിക്കുന്നതിന് ദേശീയ റഡാര്‍ സംവിധാനത്തെ ആശ്രയിക്കേണ്ടിവരുന്നുവെന്ന് അവര്‍ പറഞ്ഞു.

റഡാര്‍ സംവിധാനങ്ങള്‍ കാറ്റിന്റെ വേഗത, ആലിപ്പഴത്തിന്റെ വലിപ്പം തുടങ്ങി കൊടുങ്കാറ്റിന്റെ തീവ്രതയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ നല്‍കുന്നുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ എത്ര അടുത്ത് പോകാം, എത്ര അകലം പാലിക്കണം എന്ന് തീരുമാനിക്കുന്നതെന്നും ഹാഗന്‍ പറഞ്ഞു.

എന്‍വയോണ്‍മെന്റ് ആന്റ് ക്ലൈമറ്റ് ചെയ്ഞ്ച് കാനഡ (ഇസിസിസി)യുടെ റഡാര്‍ ഗവേഷണ വിഭാഗം അടുത്തിടെ പിരിച്ചുവിട്ടതായും റഡാര്‍ സാങ്കേതികവിദ്യയുടെ വികസനം ഇനി മുന്നോട്ടുകൊണ്ടുപോകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ജീവനക്കാരുടെ മാറ്റങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ ഇ സി സി സി തയ്യാറായില്ല. കാനഡയുടെ റഡാര്‍ ശൃംഖലയുടെ പരിപാലനത്തിന് ആവശ്യമായ വിദഗ്ധ സേവനം തുടരുമെന്ന് സംഘടന പ്രസ്താവനയില്‍ അറിയിച്ചു.

വിദഗ്ധരുടെ അഭിപ്രായത്തില്‍ കാനഡയുടെ റഡാര്‍ സാങ്കേതികവിദ്യ ഇതിനകം തന്നെ അമേരിക്കയേക്കാള്‍ ഏകദേശം 15 വര്‍ഷം പിന്നിലാണ്. സസ്‌കഷെവാനിലെ കര്‍ഷകനായ ലീ സ്റ്റാന്‍ലി കാലാവസ്ഥ വിവരങ്ങള്‍ക്കായി കാനഡയേക്കാള്‍ അമേരിക്കന്‍ ആപ്പുകളെയാണ് ആശ്രയിക്കുന്നതെന്ന് പറഞ്ഞു.

കാനഡയും സസ്‌കഷെവാന്‍ സര്‍ക്കാരും കാലാവസ്ഥ പ്രവചന രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ ഉണ്ടായ ശക്തമായ കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടായെങ്കിലും ദിവസങ്ങള്‍ക്ക് മുമ്പ് മുന്നറിയിപ്പ് നല്‍കിയതിന് ഇ സി സി സിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

അതേസമയം, കാനഡ കാലാവസ്ഥ പ്രവചന രംഗത്ത് പുതിയ എ ഐ അധിഷ്ഠിത ഹൈബ്രിഡ് മോഡല്‍ അവതരിപ്പിക്കാനും ഒരുങ്ങുകയാണ്. ഈ സംവിധാനം ഉപയോഗിക്കുന്ന ആദ്യ രാജ്യമായി കാനഡ മാറും. പരമ്പരാഗത ഭൗതികശാസ്ത്ര അടിസ്ഥാനത്തിലുള്ള മോഡലുകളും കൃത്രിമ ബുദ്ധി സംവിധാനവും സംയോജിപ്പിച്ചാണ് പുതിയ പ്രവചന സംവിധാനം പ്രവര്‍ത്തിക്കുക.

ഇ സി സി സി ഗവേഷകനായ ജീന്‍-ഫ്രാന്‍സ്വാ കാരോണ്‍ പറയുന്നതനുസരിച്ച് പുതിയ സംവിധാനം ഉപയോഗിച്ച് ആറു മുതല്‍ പത്ത് ദിവസത്തേക്കുള്ള പ്രവചനങ്ങളുടെ കൃത്യത നിലവിലെ അഞ്ചുദിവസ പ്രവചന നിലവാരത്തിലെത്തിക്കാനാകും.

മുമ്പത്തെ കാലാവസ്ഥ വിവരങ്ങള്‍ എ ഐ സംവിധാനത്തിന് നല്‍കി പരിശീലിപ്പിച്ചിട്ടുണ്ടെന്നും അതിലൂടെ അന്തരീക്ഷത്തിന്റെ പ്രവര്‍ത്തനം പഠിച്ച സംവിധാനം നിലവിലെ സാഹചര്യങ്ങള്‍ വിശകലനം ചെയ്ത് പ്രവചനം നടത്തുമെന്നും കാരോണ്‍ പറഞ്ഞു.

വ്യാപക പ്രദേശങ്ങളെ ബാധിക്കുന്ന കൊടുങ്കാറ്റുകള്‍, ഹിമപാതം, ഇടിമിന്നല്‍, ഉഷ്ണതരംഗം തുടങ്ങിയവ ദിവസങ്ങള്‍ക്ക് മുമ്പ് കൂടുതല്‍ കൃത്യതയോടെ തിരിച്ചറിയാന്‍ പുതിയ സംവിധാനത്തിന് കഴിയുമെന്നാണ് പ്രതീക്ഷ.

എന്നാല്‍ മക്മാസ്റ്റര്‍ സര്‍വകലാശാലയിലെ നോര്‍ത്തേണ്‍ ടോര്‍ണഡോസ് പ്രോജക്ട് ഡയറക്ടര്‍ ഡേവിഡ് സില്‍സ് റഡാര്‍ വികസനം കുറയ്ക്കുകയും അതേസമയം എ ഐ സംവിധാനങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുന്നത് വൈരുധ്യമാണെന്ന് ചൂണ്ടിക്കാട്ടി.

ഭാവിയിലെ പ്രവചനങ്ങള്‍ മെച്ചപ്പെടുത്തുന്നതുപോലെ നിലവിലെ റഡാര്‍ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതും അത്ര തന്നെ പ്രധാനമാണെന്നും നിലവാരമില്ലാത്ത റഡാര്‍ ചിത്രങ്ങള്‍ കാരണം പലപ്പോഴും ചുഴലിക്കാറ്റ് സാധ്യത തിരിച്ചറിയാന്‍ കഴിയാതെ പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റഡാര്‍ എന്‍ജിനീയര്‍മാരെയും ശാസ്ത്രജ്ഞരെയും വീണ്ടും കണ്ടെത്തുന്നത് എളുപ്പമല്ലെന്നും ഒരിക്കല്‍ വിദഗ്ധ പരിജ്ഞാനം നഷ്ടപ്പെട്ടാല്‍ അത് തിരിച്ചുപിടിക്കുന്നത് പ്രയാസമാണെന്നും സില്‍സ് മുന്നറിയിപ്പ് നല്‍കി.

റഡാര്‍ ഗവേഷണ വിഭാഗത്തിലെ വെട്ടിക്കുറവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സില്‍സ് രണ്ട് ആഴ്ച മുമ്പ് ആരംഭിച്ച കത്ത് ക്യാംപെയിനിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ആദ്യ 48 മണിക്കൂറിനുള്ളില്‍ 8,000 കത്തുകളാണ് ജനപ്രതിനിധികള്‍ക്ക് അയച്ചത്. ഇപ്പോള്‍ ആ എണ്ണം 10,000ലേക്ക് അടുക്കുകയാണ്.