മിസ് ഓട്ടവ ആയി മലയാളി പെണ്‍കുട്ടി ലെനോര്‍ സൈനബ്

മിസ് ഓട്ടവ ആയി മലയാളി പെണ്‍കുട്ടി ലെനോര്‍ സൈനബ്


ഓട്ടവ, കാനഡ: മിസ് ഓട്ടവ ആയി മലയാളി പെണ്‍കുട്ടി ലെനോര്‍ സൈനബ്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പെണ്‍കുട്ടി ഈ നേട്ടം കരസ്ഥമാക്കുന്നത്. ടൊറോന്റോയിലുള്ള പാജന്റ് ഗ്രൂപ്പ് കാനഡ എന്ന സംഘടനയാണ് എല്ലാ വര്‍ഷവും ഈ സൗന്ദര്യ മത്സരം സംഘടിപ്പിക്കുന്നത്. കാനഡയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി എത്തിയ മുപ്പത്തഞ്ചോളം മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് ലെനോര്‍ സൈനബ് കാനഡയില്‍ മലയാളികളുടെ അഭിമാനമായത്. ക്രിമിനോളജിയിലും നിയമത്തിലും ബിരുദം പഠനം നടത്തുകയാണ് പത്തൊമ്പത്കാരിയായ ഈ കൊച്ചുമിടുക്കി.

1998 ലെ മിസ് വേള്‍ഡ് വിജയി ലിനര്‍ അബര്‍ഗിലിന്റെ പേരില്‍ നിന്നാണ് എന്റെ അമ്മ ഫാത്തിമ റഹ്മാന്‍ എനിക്ക് ഈ പേരിട്ടത്. അത് മത്സരങ്ങളോടുള്ള എന്റെ അഭിനിവേശത്തില്‍ വലിയ പങ്കുവഹിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടക്കാനും മത്സരങ്ങള്‍ പരീക്ഷിക്കാനും ധൈര്യം നേടിയതിന്റെ ഒന്നാമത്തെ കാരണവും അമ്മയാണ്. എന്റെ യാത്രയിലുടനീളം അമ്മ പൂര്‍ണ്ണ പിന്തുണ നല്‍കി- ലെനോര്‍ സൈനബ് പറഞ്ഞു.

മൈസൂരില്‍ ജനിച്ചു, ഇന്ത്യ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, കാനഡ എന്നിങ്ങനെ നാല് വ്യത്യസ്ത രാജ്യങ്ങളില്‍ വളര്‍ന്ന ലെനോര്‍ സൈനബ് ഇപ്പോള്‍ കാനഡയുടെ തലസ്ഥാനമായ ഓട്ടവയില്‍ കുടുംബസമേതം താമസിക്കുന്നു. കാല്‍ഗറി ഫുട് ഹില്‍സ് ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗം ഡോക്ടര്‍ മുഹമ്മദ് ലിബാബിന്റെയും ഫാത്തിമാ റഹ്മാന്റേയും മൂത്ത മകളാണ് ലെനോര്‍. മുഹമ്മദ് ഇമ്രാന്‍, ഡന്നിയാല്‍ എന്നിവര്‍ ആണ് സഹോദരന്മാര്‍. നാട്ടില്‍ ആലുവ സ്വദേശിയാണ് ലെനോറിന്റെ പിതാവ്. വരും വര്‍ഷങ്ങളില്‍ സമാനമായ നിരവധി മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ തയ്യാറെടുക്കുകയാണ് ലെനോര്‍ സൈനബ്.

മിസ് ഓട്ടവ ആയി മലയാളി പെണ്‍കുട്ടി ലെനോര്‍ സൈനബ്