വാഷിംഗ്ടണ്‍/ ഒട്ടാവ: ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതായി ആരോപിക്കപ്പെടുന്ന മൂന്ന് പ്രമുഖ സംഘടിത കുറ്റകൃത്യ സംഘങ്ങള്‍ക്കെതിരെ അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍ സംയുക്തമായി നടത്തിയ വന്‍ നടപടിയില്‍ 37 പേര്‍ക്കെതിരെ കൊലപാതകം, പണം തട്ടിയെടുക്കല്‍, മയക്കുമരുന്ന് കടത്ത്, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി വിവിധ കുറ്റങ്ങള്‍ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചു. ലോറന്‍സ് ബിഷ്ണോയ് നയിക്കുന്ന ബിഷ്ണോയ് ഗാങും അന്വേഷണ പരിധിയിലുണ്ട്.
അമേരിക്കന്‍ പ്രോസിക്യൂട്ടര്‍മാര്‍ പുറത്തുവിട്ട കുറ്റപത്രങ്ങള്‍ പ്രകാരം ബ്രിട്ടീഷ് കൊളംബിയയില്‍ മൂന്ന് വര്‍ഷം മുമ്പ് കൊല്ലപ്പെട്ട സിഖ് വിഘടനവാദ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് ഉത്തരവിട്ടെന്ന കേസിലും ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്ണോയ് ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
അമേരിക്കന്‍ അറ്റോര്‍ണി ബില്‍ എസ്സായ്‌ലിയുടെ നേതൃത്വത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലായി മൂന്ന് കുറ്റകൃത്യ ശൃംഖലകളുമായി ബന്ധപ്പെട്ട 24ഓളം പ്രതികളെ അറസ്റ്റ് ചെയ്തതായും കാലിഫോര്‍ണിയയുടെ തെക്കന്‍, കിഴക്കന്‍ മേഖലകളില്‍ 42 സ്ഥലങ്ങളില്‍ പരിശോധന നടത്തിയതായും അറിയിച്ചു.
വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് മൂന്ന് വ്യത്യസ്ത കുറ്റപത്രങ്ങളിലൂടെ 37 പേര്‍ക്കെതിരെ സംഘടിത കുറ്റകൃത്യം, പണം തട്ടിയെടുക്കല്‍, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷ്യമിട്ട കൊലപാതകങ്ങള്‍, ഭീഷണിപ്പെടുത്തി പണം തട്ടല്‍, തട്ടിക്കൊണ്ടുപോകല്‍ എന്നിവയിലൂടെ പ്രവര്‍ത്തിച്ച സംഘങ്ങള്‍ വന്‍തോതില്‍ കൊക്കെയിനും മെത്താംഫെറ്റാമിനും വിതരണം ചെയ്തിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ ധന്ദാ ഗാങ് നേതാവുള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. അമേരിക്കയില്‍ നിന്ന് പ്രതിവാരം നൂറുകണക്കിന് കിലോഗ്രാം കൊക്കെയിനും മെത്താംഫെറ്റാമിനും കാനഡയിലേക്ക് കടത്തിയെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. എന്നാല്‍ ഇവര്‍ക്കെതിരായ കുറ്റങ്ങള്‍ ഇതുവരെ കോടതിയില്‍ തെളിയിക്കപ്പെട്ടിട്ടില്ല.
അതേസമയം, കുറ്റപത്രങ്ങള്‍ പുറത്തുവന്നതോടെ കാനഡയിലെ ദക്ഷിണേഷ്യന്‍ സമൂഹങ്ങളില്‍ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഭവങ്ങള്‍ അവസാനിക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. അറസ്റ്റ് നടപടികള്‍ പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് തന്നെ ബ്രിട്ടീഷ് കൊളംബിയയിലെ സറെയില്‍ പണം തട്ടല്‍ സംഘങ്ങളുമായി ബന്ധപ്പെട്ടതായി കരുതുന്ന വെടിവെപ്പ് നടന്നിരുന്നു.
കാനഡയിലെ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് (ആര്‍ സി എം പി) അന്വേഷണത്തില്‍ കേസുകളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ ലിസ മൊര്‍ലാന്‍ഡ് വ്യക്തമാക്കി. അന്വേഷണത്തില്‍ ഇന്ത്യ സഹകരിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ കാനഡയിലെ ചില സിഖ് സംഘടനകള്‍ അന്വേഷണം സ്വാഗതം ചെയ്‌തെങ്കിലും ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ പങ്കിനെക്കുറിച്ചുള്ള സംശയങ്ങള്‍ ഇപ്പോഴും തുടരുന്നതായി ചൂണ്ടിക്കാട്ടി. 2023ല്‍ അന്നത്തെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യന്‍ സര്‍ക്കാരിനെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഉണ്ടെന്ന് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇന്ത്യ ഈ ആരോപണം അന്നും പിന്നീട് പലതവണയും ശക്തമായി നിഷേധിച്ചിട്ടുണ്ട്.
കാനഡ നീതിന്യായ മന്ത്രി ഷോണ്‍ ഫ്രേസര്‍ ഈ നടപടിയെ 'അസാധാരണമായ ദിവസം' എന്ന് വിശേഷിപ്പിച്ചു. അന്താരാഷ്ട്ര കുറ്റകൃത്യ ശൃംഖലകള്‍ക്ക് ശക്തമായ സന്ദേശമാണ് ഈ നടപടിയെന്നും ഇത്തരം സംഘങ്ങളുടെ നേതൃത്വത്തെ തകര്‍ക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും. അതുവരെ ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും.
