ന്യൂഡല്‍ഹി: കാനഡയിലുള്ള ഖലിസ്ഥാന്‍ ഭീകരവാദികള്‍ ഇന്ത്യയ്‌ക്കെതിരെ ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്നു കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് (സിഎസ്‌ഐഎസ്) റിപ്പോര്‍ട്ട്. സ്വതന്ത്രരാജ്യം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളും ധനസമാഹരണവുമെല്ലാം ഇവര്‍ കാനഡ കേന്ദ്രീകരിച്ചു നടത്തുന്നുവെന്നും 1980 കള്‍ മുതല്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കനേഡിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ 2024 വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
കാനഡയുടെ ദേശീയ താല്‍പര്യത്തിനു ഇത് ഭീഷണിയാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഖലിസ്ഥാന്‍ ഭീകരര്‍ക്കെതിരെ ആദ്യമായാണു കാനഡ ഇത്തരത്തില്‍ പ്രതികരിക്കുന്നത്. കാനഡയില്‍ നടന്ന ജി7 സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്തു മടങ്ങിയതിനു പിന്നാലെ ബുധനാഴ്ചയാണു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ വധത്തെത്തുടര്‍ന്നു വിള്ളല്‍ വീണ ഇന്ത്യ-കാനഡ ബന്ധം വീണ്ടും സൗഹൃദവഴിയില്‍ എത്തുന്നതിന്റെ സൂചന മോഡിയുടെ സന്ദര്‍ശനത്തിനു പിന്നാലെ ലഭിച്ചിരുന്നു.
ഇന്ത്യ കാനഡയില്‍ നടത്തുന്ന ഇടപെടലുകള്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഖലിസ്ഥാന്‍ പ്രവര്‍ത്തകര്‍ സജീവമായതോടെ ഇന്ത്യയുടെ വിദേശ ഇടപെടലുകള്‍ വര്‍ധിച്ചുവെന്നാണു നിരീക്ഷണം. ഏറ്റവും വലിയ ഭീഷണി ചൈനയില്‍ നിന്നാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ പാക്കിസ്ഥാന്‍, റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണികളെക്കുറിച്ചും പറയുന്നു.
