ഒട്ടോവ: കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉപരോധിക്കുമെന്ന ഭീഷണിയുമായിഖാലിസ്ഥാനി സംഘടന. യുഎസ് ആസ്ഥാനമായുള്ള ഖാലിസ്ഥാനി സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) ആണ് വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യാഴാഴ്ച ഉപരോധിക്കുമെന്ന ഭീഷണി മുഴക്കിയത്. വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 12 മണിക്കൂര്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് സംഘടന അറിയിച്ചു.
ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോണ്‍സുലേറ്റിലേക്ക് ആരും എത്തരുതെന്നും ആവശ്യക്കാര്‍ മറ്റൊരു തീയതി തെരഞ്ഞെടുക്കണമെന്നും ഖാലിസ്ഥാനി സംഘടന അറിയിച്ചു. മാസങ്ങള്‍ നീണ്ട വാക്‌പോരിനിടെ ഇന്ത്യയും കാനഡയും നയതന്ത്ര ബന്ധം പുനരാരംഭിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച ഘട്ടത്തിലാണ് വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉപരോധിക്കുമെന്ന ഭീഷണിയുമായി എസ്എഫ്‌ജെ രംഗത്തുവന്നത്.
'വ്യാഴാഴ്ച (പ്രാദേശിക സമയം) രാവിലെ 8 മണി മുതല്‍ കോണ്‍സുലേറ്റ് 12 മണിക്കൂര്‍ ഉപരോധിക്കും. സെപ്റ്റംബര്‍ 18ന് വാന്‍കൂവര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പതിവ് സന്ദര്‍ശനങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്ന ഇന്തോ കനേഡിയന്‍ പൗരന്മാര്‍ സന്ദര്‍ശനം ഒഴിവാക്കി മറ്റൊരു തീയതി തെരഞ്ഞെടുക്കാന്‍ നിര്‍ദേശിക്കുന്നു' എന്ന് ഖാലിസ്ഥാനി സംഘടന അറിയിച്ചു.
കനേഡിയന്‍ മണ്ണില്‍ ഇന്ത്യന്‍ ഭരണകൂടം നടത്തുന്ന ചാരവൃത്തിക്കും ഭീഷണിക്കും എതിരെയാണ് പ്രതിഷേധമെന്ന് സംഘടന അറിയിച്ചു. പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ദിനിഷ് പട്‌നായിക്കിനെ ലക്ഷ്യമിട്ട പോസ്റ്ററും പുറത്തുവിട്ടു. ഖാലിസ്ഥാനികളെ ലക്ഷ്യം വെച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ ചാര ശൃംഖലയും നിരീക്ഷണവും നടത്തുന്നതായി പ്രസ്താവനയില്‍ ആരോപണമുണ്ട്.
രണ്ട് വര്‍ഷം മുന്‍പ് 2023 സെപ്റ്റംബര്‍ 18ന് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാരുടെ പങ്ക് അന്വേഷണത്തിലാണെന്ന് അന്നത്തെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷവും, ഖാലിസ്ഥാന്‍ പ്രചാരകരെ ലക്ഷ്യമിട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് എസ്എഫ്‌ജെ ആരോപിക്കുന്നത്. 2023 ജൂണില്‍ വാന്‍കൂവറിലെ സിഖ് ക്ഷേത്രത്തിന് പുറത്ത് രണ്ട് തോക്കുധാരികളുടെ വെടിയേറ്റാണ് നിജ്ജാര്‍ കൊല്ലപ്പെട്ടത്.
ഈ മാസം ആദ്യം കാനഡ ആസ്ഥാനമായുള്ള വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും തീവ്ര ഖാലിസ്ഥാനി ഗ്രൂപ്പുകള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് കനേഡിയന്‍ സര്‍ക്കാര്‍ ഒരു ആഭ്യന്തര റിപ്പോര്‍ട്ടില്‍ സമ്മതിച്ചിരുന്നു. കാനഡയുടെ ക്രിമിനല്‍ കോഡിന് കീഴില്‍ തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍, ഇന്റര്‍നാഷണല്‍ എസ്‌വൈഎഫ് എന്നിവ ഈ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുന്നുണ്ട്.
വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യാഴാഴ്ച ഉപരോധിക്കുമെന്ന് ഖലിസ്ഥാനി സംഘടന
