കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയില്‍ നിന്ന് വിരമിച്ച് ജെറമി ഹാന്‍സന്‍; ചന്ദ്രദൗത്യം പൂര്‍ത്തിയാക്കിയ ആദ്യ കനേഡിയന് പുതിയ ചുമതലകള്‍

കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയില്‍ നിന്ന് വിരമിച്ച് ജെറമി ഹാന്‍സന്‍; ചന്ദ്രദൗത്യം പൂര്‍ത്തിയാക്കിയ ആദ്യ കനേഡിയന് പുതിയ ചുമതലകള്‍


ഒട്ടാവ: കാനഡയുടെ ചരിത്രത്തിലെ ആദ്യ ചാന്ദ്രദൗത്യത്തില്‍ പങ്കെടുത്ത ബഹിരാകാശ സഞ്ചാരി കേണല്‍ ജെറമി ഹാന്‍സന്‍ കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയിലെ പൂര്‍ണസമയ സേവനത്തില്‍ നിന്ന് വിരമിക്കുന്നു. സെപ്റ്റംബര്‍ 2026 മുതല്‍ പുതിയ പ്രൊഫഷണല്‍ ചുമതലകള്‍ ഏറ്റെടുക്കുമെന്നും അതേസമയം റോയല്‍ കനേഡിയന്‍ എയര്‍ഫോഴ്‌സില്‍ റിസര്‍വിസ്റ്റായി സേവനം തുടരുമെന്നും കനേഡിയന്‍ ബഹിരാകാശ ഏജന്‍സി അറിയിച്ചു.

ഇക്കാര്യം ഹാന്‍സന്‍ സമൂഹമാധ്യമത്തിലൂടെയും സ്ഥിരീകരിച്ചു.

32 വര്‍ഷത്തെ സൈനിക സേവനത്തിനും 17 വര്‍ഷത്തെ കനേഡിയന്‍ ബഹിരാകാശ ഏജന്‍സി സേവനത്തിനും ശേഷം ആര്‍ട്ടെമിസ് ടു ദൗത്യത്തിലൂടെ ചന്ദ്രനെ ചുറ്റിപ്പറക്കാന്‍ ലഭിച്ച അപൂര്‍വ അവസരത്തിന്റെ ഓര്‍മ്മകളുമായി താന്‍ പൂര്‍ണസമയ ചുമതലയില്‍ നിന്ന് മാറുകയാണെന്നും എന്നാല്‍ ഇത് വിടവാങ്ങലല്ലെന്നും കാനഡയുടെ ബഹിരാകാശ ദൗത്യങ്ങളോടുള്ള തന്റെ പ്രതിബദ്ധത തുടരുമെന്നും ഹാന്‍സന്‍ കുറിച്ചു.

2026 ഏപ്രിലില്‍ നാസയുടെ ആര്‍ട്ടെമിസ് ടു ദൗത്യത്തിന്റെ ഭാഗമായി നാസ ബഹിരാകാശ സഞ്ചാരികളായ റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോച്ച് എന്നിവര്‍ക്കൊപ്പം ഹാന്‍സന്‍ ചന്ദ്രനെ ചുറ്റിപ്പറന്നിരുന്നു. ചന്ദ്രദൗത്യത്തില്‍ പങ്കെടുക്കുന്ന ആദ്യ കനേഡിയന്‍ എന്ന ചരിത്രനേട്ടവും ഇതോടെ അദ്ദേഹത്തിന്റെ പേരിലായി.

2009-ലാണ് ജെറമി ഹാന്‍സന്‍ കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2011-ല്‍ ബഹിരാകാശ സഞ്ചാരി പരിശീലനം പൂര്‍ത്തിയാക്കിയ അദ്ദേഹം പിന്നീട് നാസയുടെ മിഷന്‍ കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുകയും ആര്‍ട്ടെമിസ് ടു ദൗത്യത്തിനായി വര്‍ഷങ്ങളോളം കഠിന പരിശീലനം നടത്തുകയും ചെയ്തു.

ആര്‍ട്ടെമിസ് ടു ദൗത്യത്തെക്കുറിച്ച് പ്രതികരിക്കവെ റോക്കറ്റിലെ യാത്രയും ചന്ദ്രനെ ചുറ്റിയുള്ള കാഴ്ചകളും ഉള്‍പ്പെടെ നിരവധി അനുഭവങ്ങള്‍ മറക്കാനാവാത്തതാണെന്ന് ഹാന്‍സന്‍ പറഞ്ഞു.

റോക്കറ്റില്‍ കുതിച്ചുയരുന്നതും ക്യാപ്‌സ്യൂളില്‍ തിരിച്ചിറങ്ങുന്നതും ഉള്‍പ്പെടെയുള്ള അനുഭവങ്ങള്‍ അതിശയകരമായിരുന്നുവെന്നും എന്നാല്‍ അതിനുമപ്പുറം മനുഷ്യര്‍ ഒരുമിച്ച് പങ്കുവെച്ച അനുഭവങ്ങളാണ് തനിക്ക് ഏറ്റവും വിലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

കാനഡയുടെ വ്യവസായ മന്ത്രിയും ക്യൂബെക് മേഖലയിലെ സാമ്പത്തിക വികസന ചുമതലയുള്ള മന്ത്രിയുമായ മെലനി ജോളി, ഹാന്‍സന്റെ നേട്ടങ്ങളെ അഭിനന്ദിച്ചു.

ചാന്ദ്രദൗത്യത്തില്‍ പങ്കെടുത്ത ആദ്യ കനേഡിയനെന്ന നിലയില്‍ ജെറമി ഹാന്‍സന്‍ ചരിത്രം സൃഷ്ടിച്ചതായും അദ്ദേഹത്തിന്റെ നേട്ടം എല്ലാ തലമുറകളിലുമുള്ള കനേഡിയന്‍ ജനങ്ങള്‍ക്ക് പ്രചോദനമാണെന്നും ബഹിരാകാശ ഗവേഷണരംഗത്ത് കാനഡയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനൊപ്പം സ്വപ്‌നങ്ങള്‍ക്ക് അതിരുകളില്ലെന്ന് യുവതലമുറയ്ക്ക് അദ്ദേഹം തെളിയിച്ചുകൊടുത്തുവെന്നും മന്ത്രി പറഞ്ഞു.

ഹാന്‍സന്റെ വിരമിക്കലിന് ശേഷം ഡേവിഡ് സെന്റ്- ജാക്വസ്, ജോഷ്വ കുട്രിക്, ജെന്നി ഗിബ്ബണ്‍സ് എന്നിവരാണ് കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയിലെ സജീവ ബഹിരാകാശ സഞ്ചാരികളായി തുടരുക. ജോഷ്വ കുട്രിക് സെപ്റ്റംബറില്‍ ക്രൂ-13 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്  യാത്ര തിരിക്കാനിരിക്കുകയാണ്.

വിരമിക്കല്‍ പ്രഖ്യാപനത്തിന്റെ അവസാനം ഹാന്‍സന്‍ നന്ദി രേഖപ്പെടുത്തി. കനേഡിയന്‍ സായുധസേനയ്ക്കും കനേഡിയന്‍ ബഹിരാകാശ ഏജന്‍സിക്കും നാസയ്ക്കും അന്താരാഷ്ട്ര പങ്കാളികള്‍ക്കും തന്റെ കുടുംബത്തിനും നന്ദിയെന്നും ഉയര്‍ന്ന ലക്ഷ്യങ്ങള്‍ മുന്നില്‍കണ്ട് മുന്നേറുമ്പോള്‍ രാജ്യത്തിന് എന്തെല്ലാം നേടാനാകുമെന്ന് വിശ്വസിച്ച എല്ലാ കനേഡിയന്‍ ജനങ്ങള്‍ക്കും തന്റെ ഹൃദയം നിറഞ്ഞ നന്ദിയെന്നും ്അദ്ദേഹം പറഞ്ഞു.