ടൊറന്റോ: അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ വിസ്‌കി ബ്രാന്‍ഡുകളിലൊന്നായ ജാക്ക് ഡാനിയേലിന്റെ കാനഡയിലെ വില്‍പ്പനയില്‍ വന്‍ ഇടിവ്. കാനഡയില്‍ യു എസ് മദ്യ ബഹിഷ്‌ക്കരണത്തെ തുടര്‍ന്ന് 62 ശതമാനം ഇടിവാണുണ്ടായതെന്ന് ജാക്ക് ഡാനിയേല്‍ ബ്രാന്‍ഡിന് പിന്നിലുള്ള കമ്പനിയായ ബ്രൗണ്‍-ഫോര്‍മാന്‍ വ്യക്തമാക്കി. ആഗോളതലത്തില്‍ മദ്യ ഉപഭോഗം കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് കാനഡ.
ജാക്ക് ഡാനിയേലിന്റെയും വുഡ്ഫോര്‍ഡ് റിസര്‍വിന്റെയും മറ്റ് അമേരിക്കന്‍ ബ്രാന്‍ഡുകളുടെ ചില്ലറ വില്‍പ്പന വടക്കേ അമേരിക്കന്‍ വിപണിയില്‍ ഇല്ലാതായി.
ബഹിഷ്‌കരണത്തിന്റെ തീവ്രതയാണ് വില്‍പ്പന ഇടിവ് വ്യക്തമാക്കുന്നത്. 2025 മാര്‍ച്ച് തുടക്കം മുതല്‍ ഏപ്രില്‍ അവസാനം വരെ കാനഡയിലെ യു എസ് സ്പിരിറ്റ് വില്‍പ്പന 66.3 ശതമാനമാണ് കുറഞ്ഞത്.
എന്നാല്‍ ഇതേ കാലയളവില്‍ രാജ്യത്തെ മൊത്തത്തിലുള്ള സ്പിരിറ്റ് വില്‍പ്പന 12.8 ശതമാനം മാത്രമാണ് കുറഞ്ഞത്. കാനഡയിലെ ഏറ്റവും വലിയ പ്രവിശ്യാ വിപണിയായ ഒന്റാറിയോയില്‍ യു എസ് മദ്യ വില്‍പ്പന 80 ശതമാനം കുറഞ്ഞു. ഇത് ഉപഭോക്താക്കള്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഒഴിവാക്കുന്നതിന്റെ സൂചനയാണ്.
ആല്‍ബെര്‍ട്ടയും സസ്‌കാച്ചെവനും യു എസ് മദ്യ വില്‍പ്പന പുന:രാരംഭിച്ചിട്ടുണ്ടെങ്കിലും ബഹിഷ്‌കരണത്തിന്റെ അലയൊലികള്‍ ഇപ്പോഴും അനുഭവപ്പെടുന്നുണ്ട്. കാനഡയിലുടനീളമുള്ള ചില്ലറ വ്യാപാരികള്‍ക്കും വിതരണക്കാര്‍ക്കും ഇന്‍വെന്ററി, മാര്‍ക്കറ്റിംഗ്, വില്‍പ്പന തന്ത്രങ്ങള്‍ എന്നിവയില്‍ മാറ്റം വരുത്തേണ്ടിവന്നിട്ടുണ്ട്.
ബ്രൗണ്‍-ഫോര്‍മാന്റെ മൊത്തം ആഗോള വില്‍പ്പനയുടെ ഏകദേശം 1 ശതമാനം മാത്രമേ കാനഡയില്‍ വില്‍പ്പനയുള്ളുവെങ്കിലും ബഹിഷ്‌കരണത്തിന്റെ സ്വാധീനം വിപണിയില്‍ വ്യക്തമാണ്.
ജാക്ക് ഡാനിയേലിന്റെ മാതൃ കമ്പനിയായ ബ്രൗണ്‍-ഫോര്‍മാന്‍ ബഹിഷ്‌കരണം ഇതിനകം തന്നെ ത്രൈമാസ ലാഭത്തില്‍ 45 ശതമാനം ഇടിവും വാര്‍ഷിക വില്‍പ്പനയില്‍ 5 ശതമാനം ഇടിവും ഉണ്ടായെന്ന് സ്ഥിരീകരിച്ചു. ഇത് വാര്‍ഷിക വരുമാനത്തില്‍ ഏകദേശം നാല് ബില്യണ്‍ ഡോളര്‍ കുറവുണ്ടാക്കി. അറ്റാദായം 15 ശതമാനമാണ് കുറഞ്ഞത്.
സ്ഥിരമായി ആഗോള വളര്‍ച്ചയുള്ള കമ്പനിക്ക് കാനഡയില്‍ നിന്നുള്ള ബിസിനസില്‍ പെട്ടെന്നുള്ള പിന്മാറ്റം ആഘാതകരമാണ്. ബ്രൗണ്‍-ഫോര്‍മാന്റെ ആഗോള ബിസിനസിന്റെ ഏകദേശം ഒരു ശതമാം മാത്രമേ കാനഡയില്‍ നിന്നുള്ളൂവെങ്കിലും ഇടിവിന്റെ വേഗതയും കാഠിന്യവും ഒറ്റരാത്രികൊണ്ട് നിക്ഷേപകരെ അസ്വസ്ഥരാക്കുകയും സ്റ്റോക്ക് ഇടിയാന്‍ കാരണമാവുകയും ചെയ്തു.
ചില പ്രദേശങ്ങളില്‍ യു എസ് മദ്യത്തെ സ്റ്റോര്‍ ഷെല്‍ഫുകളില്‍ നിന്ന് പൂര്‍ണ്ണമായും പിന്‍വലിച്ചു. ബ്രൗണ്‍-ഫോര്‍മാന്‍ സി ഇ ഒ ലോസണ്‍ വൈറ്റിംഗ് നിക്ഷേപകരോട് പറഞ്ഞത് ഈ തന്ത്രം 'ഒരു താരിഫിനേക്കാള്‍ മോശമാണ്' എന്നാണ്. കാരണം ഇത് വില്‍പ്പന മന്ദഗതിയിലാക്കുക മാത്രമല്ല അവയെ പൂര്‍ണ്ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.
കനേഡിയന്‍ ഉപഭോക്താക്കള്‍ സ്‌കോച്ച്, ഐറിഷ് വിസ്‌കി, തദ്ദേശീയ ബ്രാന്‍ഡുകള്‍ എന്നിവയിലേക്കാണ് മാറിയത്.
യു എസ് മദ്യ കയറ്റുമതിക്കാര്‍ക്ക് അപകട സാധ്യതയാണ് കനേഡിയന്‍ ബഹിഷ്‌കരണം അടിവരയിടുന്നത്. വ്യാപാര ഡേറ്റ പ്രകാരം 2025ന്റെ ആദ്യ പകുതിയില്‍ കാനഡയിലേക്കുള്ള യു എസ് മദ്യ കയറ്റുമതി 62 ശതമാനവും വൈന്‍ കയറ്റുമതി 67 ശതമാനവും കുറഞ്ഞു.
ജാക്ക് ഡാനിയേലിനെ സംബന്ധിച്ചിടത്തോളം നഷ്ടമായ കനേഡിയന്‍ വില്‍പ്പനയ്ക്കപ്പുറം ആഘാതം വര്‍ധിക്കുന്നുണ്ട്. അന്താരാഷ്ട്ര ബാറുകളുടെയും റീട്ടെയില്‍ ഔട്ട്ലെറ്റുകളുടെയും പ്രധാന ഘടകമെന്ന നിലയില്‍ ബ്രാന്‍ഡിന്റെ പ്രതിച്ഛായയെയും ബാധിക്കുന്നുണ്ട്. കനേഡിയന്‍ ഷെല്‍ഫുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ബ്രാന്‍ഡിന്റെ ദൃശ്യപരത ദുര്‍ബലപ്പെടുത്തുകയും എതിരാളികളായ യൂറോപ്യന്‍ വിസ്‌കി നിര്‍മ്മാതാക്കളുടെ ആധിപത്യം ഉറപ്പിക്കാന്‍ കാരണമാവുകയും ചെയ്യും.
ഡോളര്‍ മൂല്യത്തില്‍ കനേഡിയന്‍ വിപണി താരതമ്യേന ചെറുതാണെങ്കിലും ആഗോള മുഖ്യധാര എന്ന നിലയില്‍ ജാക്ക് ഡാനിയേലിന്റെ പ്രശസ്തിക്കുണ്ടാകുന്ന നഷ്ടം വളരെ പ്രധാനമാണെന്ന് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ബഹിഷ്‌കരണം നീണ്ടുനിന്നാല്‍ പ്രീമിയം വിസ്‌കിയുടെ ആവശ്യം വര്‍ധിച്ചുവരുന്ന ഏഷ്യയിലേക്കും ലാറ്റിന്‍ അമേരിക്കയിലേക്കും ബ്രൗണ്‍-ഫോര്‍മാന്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നേക്കാം.
'സ്ഥിരമായ മാക്രോ ഇക്കണോമിക്, ജിയോപൊളിറ്റിക്കല്‍ വെല്ലുവിളികള്‍' എന്ന് ചൂണ്ടിക്കാട്ടി 2026 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഭാവി പ്രവചനം കമ്പനി ഇതിനകം സൂചിപ്പിച്ചിട്ടുണ്ട്. നിക്ഷേപകര്‍ കൂടുതല്‍ അസ്ഥിരതകള്‍ പ്രതീക്ഷിക്കണമെന്നാണ് ഇതില്‍ വ്യക്തമാക്കുന്നത്.
ട്രംപ് ഭരണകൂടത്തിന്റെ കീഴില്‍ ഏര്‍പ്പെടുത്തിയ യു എസ് താരിഫുകള്‍ക്കെതിരായ വ്യാപകമായ പ്രതികരണത്തിന്റെ ഭാഗമാണ് ഈ ബഹിഷ്‌കരണം. കനേഡിയന്‍ സ്റ്റീല്‍, അലുമിനിയം, മറ്റ് ഇറക്കുമതികള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു താരിഫ്. ഇതിന് പ്രതികരണമായി കനേഡിയന്‍ പ്രവിശ്യകള്‍ രാഷ്ട്രീയമായി പ്രതീകാത്മകമായ യു എസ് സ്പിരിറ്റുകളില്‍ തിരിച്ചടിച്ചു.
കനേഡിയന്‍ ബഹിഷ്‌കരണത്തിന്റെ നെഗറ്റീവ് ആഘാതത്തെ ചെറുക്കുന്നതിന് ബ്രൗണ്‍-ഫോര്‍മാന്‍ വളര്‍ന്നുവരുന്ന വിപണികളിലേക്കും പ്രീമിയം ഉത്പന്നങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വ്യാപാര തടസ്സങ്ങളും ബഹിഷ്‌കരണങ്ങളും ബാധിച്ച പ്രദേശങ്ങളിലെ വരുമാന നഷ്ടം ലഘൂകരിക്കുന്നതിനാണ് ഈ സമീപനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഈ നടപടികള്‍ ഉണ്ടായിരുന്നിട്ടും ബ്രൗണ്‍-ഫോര്‍മന്റെ സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ തങ്ങളുടെ വീഴ്ചയുടെ ആഘാതം സൂചിപ്പിക്കുന്നുണ്ട്. 2025 ജൂലൈ 31ന് അവസാനിച്ച പാദത്തിലെ അറ്റ വില്‍പ്പന 3 ശതമാനം കുറഞ്ഞ് 924 മില്യണ്‍ ഡോളറിലെത്തി.
2026 സാമ്പത്തിക വര്‍ഷത്തിലേക്ക് നോക്കുമ്പോള്‍ ദുര്‍ബലമായ ഉപഭോക്താക്കളും നിലവിലുള്ള അന്താരാഷ്ട്ര വ്യാപാര അനിശ്ചിതത്വങ്ങളും ചൂണ്ടിക്കാട്ടി വരുമാനത്തിലും ലാഭത്തിലും ഇടിവ് കമ്പനി പ്രവചിക്കുന്നു. ശക്തമായ ഒരു ആഗോള ബ്രാന്‍ഡ് പോലും നയാധിഷ്ഠിത വിപണി ആഘാതങ്ങളില്‍ നിന്ന് മുക്തമല്ലെന്നാണ് ഇത് തെളിയിക്കുന്നത്.