ടൊറന്റോയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ

ടൊറന്റോയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ


ന്യൂഡല്‍ഹി / ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോയുടെ സാര്‍ബറോ ക്യാംപസിന് സമീപം 20 വയസ്സുകാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ഇന്ത്യക്കാരനായ ശിവാങ്ക് അവസ്ഥിയാണു കൊല്ലപ്പെട്ടത്. ടൊറന്റോയില്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന 41ാമത്തെ കൊലപാതകമാണിതെന്ന് പൊലീസ് വ്യക്തമാക്കി.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.34ഓടെ ഹൈലന്‍ഡ് ക്രീക്ക് ട്രെയില്‍-ഓള്‍ഡ് കിങ്സ്റ്റണ്‍ റോഡ് മേഖലയിലെ 'അജ്ഞാത പ്രശ്‌നം' എന്ന പരാതിയെത്തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് സ്ഥലത്തുതന്നെ മരിച്ചതായി സ്ഥിരീകരിച്ചു. ആക്രമണത്തിനു ശേഷം പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു.

സംഭവത്തില്‍ വിവരങ്ങള്‍ ലഭിക്കുന്നവര്‍ 4168087400 എന്ന നമ്പറിലോ െ്രെകം സ്‌റ്റോപ്പേഴ്‌സ് വഴി 416222ടിപ്‌സ് (8477) എന്ന നമ്പറിലോ [www.222tips.com](http://www.222tips.com) വഴിയോ വിവരങ്ങള്‍ കൈമാറണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ഇന്ത്യ കടുത്ത ദുഃഖം രേഖപ്പെടുത്തി. ടൊറന്റോയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍, ശിവാങ്ക് അവസ്ഥിയുടെ കുടുംബവുമായി നിരന്തരമായി ബന്ധത്തിലുണ്ടെന്നും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നതായും അറിയിച്ചു.
'യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോ സാര്‍ബറോ ക്യാംപസിന് സമീപം നടന്ന വെടിവയ്പ്പില്‍ ഇന്ത്യന്‍ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ ശിവാങ്ക് അവസ്ഥി മരിച്ചതില്‍ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തുന്നു. പ്രാദേശിക അധികാരികളുമായി സഹകരിച്ച് കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ട്,' കോണ്‍സുലേറ്റ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

അതേസമയം, കഴിഞ്ഞ ആഴ്ച ടൊറന്റോയില്‍ തന്നെ 30 വയസ്സുകാരിയായ ഇന്ത്യന്‍ യുവതി ഹിമാന്‍ഷി ഖുറാന കൊല്ലപ്പെട്ട സംഭവവും ആശങ്ക ഉയര്‍ത്തിയിരുന്നു. കാണാതായതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്ട്രാചന്‍ അവന്യൂ-വെല്ലിങ്ടണ്‍ സ്ട്രീറ്റ് വെസ്റ്റ് മേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ 32കാരനായ അബ്ദുല്‍ ഗഫൂറിനെതിരെ ഒന്നാംഘട്ട കൊലപാതകക്കുറ്റം ചുമത്തി പൊലീസ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇരുവരും അടുത്ത ബന്ധത്തിലായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം.