കാട്ടുനായ്ക്കളുടെ ആവാസ വ്യവസ്ഥകളിലേക്ക് ഭവന രഹിതര്‍; ആരോഗ്യ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയെന്ന് പഠനം

കാട്ടുനായ്ക്കളുടെ ആവാസ വ്യവസ്ഥകളിലേക്ക് ഭവന രഹിതര്‍; ആരോഗ്യ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയെന്ന് പഠനം


എഡ്മണ്‍ടണ്‍: നഗര പ്രാന്തങ്ങളിലെ കാട്ടുനായക്കളുടെ ആവാസവ്യവസ്ഥകളോട് ചേര്‍ന്ന് ഭവനരഹിതരുടെ ക്യാംപുകള്‍ വ്യാപിക്കുന്നതോടെ മനുഷ്യരുടെയും വന്യജീവികളുടെയും ആരോഗ്യസുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയരുന്നതായി പുതിയ പഠനത്തിലെ മുന്നറിയിപ്പ്.

ശാസ്ത്രീയ ജേണലായ ഫ്രണ്ടിയേഴ്‌സ് ഇന്‍ ഇക്കോളജി ആന്‍ഡ് ദ എന്‍വയോണ്‍മെന്റ്-ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, ഭവനരഹിതരുടെ ക്യാംപുകളും കാട്ടുനായ്ക്കളും തമ്മിലുള്ള ബന്ധം ആദ്യമായാണ് വിശദമായി പരിശോധിച്ചത്. എഡ്മണ്‍ടണിലെ നോര്‍ത്ത് സസ്‌കാഷെവാന്‍ നദീതട മേഖലയെയാണ് പഠനത്തിന്റെ മാതൃകാ പ്രദേശമായി ഉപയോഗിച്ചത്.

അല്‍ബെര്‍ട്ട സര്‍വകലാശാലയുടെ നേതൃത്വത്തിലുള്ള എഡ്മണ്‍ടണ്‍ അര്‍ബന്‍ കോയോട്ട് പ്രോജക്ട് നടത്തിയ പഠനത്തില്‍, ഭവനരഹിതരും കാട്ടുനായ്ക്കളും പലപ്പോഴും ഒരേ പ്രദേശങ്ങളില്‍ അടുത്തടുത്തായി ജീവിക്കുന്നതായി കണ്ടെത്തി.

സ്ഥലത്തിനും വിഭവങ്ങള്‍ക്കും വേണ്ടിയുള്ള മത്സരം മനുഷ്യരും കാട്ടുനായ്ക്കളും തമ്മിലുള്ള സംഘര്‍ഷത്തിനും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന പകര്‍ച്ചവ്യാധികള്‍ക്കും സാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍.

ഇത് എല്ലാവര്‍ക്കും നഷ്ടമാകുന്ന അവസ്ഥയാണ് സൃഷ്ടിക്കുന്നതെന്ന് പഠനത്തിന്റെ മുഖ്യ ഗവേഷകയും അല്‍ബെര്‍ട്ട സര്‍വകലാശാലയിലെ ഗവേഷകയുമായ സേജ് റെയ്മണ്ട് പറഞ്ഞു.

കാട്ടുനായ്ക്കള്‍ ക്യാംപുകളില്‍ നിന്ന് ഭക്ഷണം കണ്ടെത്തുന്നത് അവയ്ക്ക് ഗുണകരമല്ല. അതേസമയം, ആളുകള്‍ രോഗാണുക്കളുമായി സമ്പര്‍ക്കത്തിലാകാനുള്ള സാധ്യതയും വര്‍ധിക്കുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

കടുത്ത ദാരിദ്ര്യവും നഗരത്തിലെ കാട്ടുനായ്ക്കളുടെ സാന്നിധ്യവും ഒരുമിച്ചു നിലനില്‍ക്കുന്ന വടക്കേ അമേരിക്കയിലെ മറ്റ് നഗരങ്ങളിലും സമാന സാഹചര്യം രൂപപ്പെട്ടിട്ടുണ്ടാകാമെന്ന് റെയ്മണ്ട് അഭിപ്രായപ്പെട്ടു.

ഭവനരഹിതരുടെ എണ്ണവും മനുഷ്യ- കാട്ടുനായ സംഘര്‍ഷങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യമുണ്ടായിട്ടും ഈ സഹവര്‍ത്തിത്വത്തെക്കുറിച്ചുള്ള പഠനങ്ങള്‍ വളരെ കുറവാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കാട്ടുനായ്ക്കളുടെ ഗുഹകള്‍ക്ക് സമീപം താമസിക്കുന്ന ഭവനരഹിതര്‍ക്ക് അപകടകരമായ ഏറ്റുമുട്ടലുകള്‍ക്കും അണുബാധകള്‍ക്കും കൂടുതല്‍ സാധ്യതയുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. അല്‍ബെര്‍ട്ടയിലെ കാട്ടുനായ്ക്കളില്‍ വ്യാപകമായി കണ്ടെത്തിയിട്ടുള്ള പരാദ രോഗങ്ങളും ഇവരിലേക്ക് പകരാനുള്ള സാധ്യതയുണ്ട്.

അതേസമയം, മനുഷ്യരുടെ ഭക്ഷണാവശിഷ്ടങ്ങള്‍ ഉപയോഗിക്കാന്‍ കാട്ടുനായ്ക്കള്‍ ശീലമാക്കുന്നത് അവയുടെ സ്വഭാവത്തില്‍ മാറ്റം വരുത്തുകയും സമീപ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ശല്യമായി മാറുകയും ചെയ്യാമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു.

പഠനഫലങ്ങള്‍ ഭവനരഹിതര്‍ക്കെതിരായ കടുത്ത നടപടികള്‍ക്കോ കാട്ടുനായ്ക്കളെ കൂട്ടത്തോടെ നശിപ്പിക്കാനോ വഴിവെക്കരുതെന്ന് റെയ്മണ്ട് പറഞ്ഞു.

പകരം, വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക, പൊതുജന ബോധവത്കരണം വര്‍ധിപ്പിക്കുക, അപകടസാധ്യതയുള്ള വിഭാഗങ്ങള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ കൂടുതല്‍ ലഭ്യമാക്കുക തുടങ്ങിയ നടപടികളാണ് ആവശ്യമെന്ന് അവര്‍ വ്യക്തമാക്കി.

2009 മുതല്‍ എഡ്മണ്‍ടണിലെ കാട്ടുനായ്ക്കളുടെ ജീവിതരീതികളെ നിരീക്ഷിച്ച് വരുന്ന എഡ്മണ്‍ടണ്‍ അര്‍ബന്‍ കോയോട്ട് പ്രോജക്ടിന്റെ 15 വര്‍ഷത്തെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം തയ്യാറാക്കിയത്.

പഠനസംഘത്തിന്റെ കണക്കുകള്‍ പ്രകാരം എഡ്മണ്‍ടണില്‍ ഏകദേശം 3,000 കോയോട്ടുകള്‍ ജീവിക്കുന്നുണ്ട്. നഗരത്തിലെ നോര്‍ത്ത് സസ്‌കാഷെവാന്‍ നദീതട പാര്‍ക്ക് പ്രദേശമാണ് ഇവയുടെ പ്രധാന ആവാസവ്യവസ്ഥ. അതേസമയം, ഓരോ വര്‍ഷവും ആയിരക്കണക്കിന് ഭവനരഹിതരുടെ ക്യാംപുകളും ഈ മേഖലയിലാണ് രൂപപ്പെടുന്നത്.

ഹോംവേഡ് ട്രസ്റ്റിന്റെ കണക്കുകള്‍ പ്രകാരം എഡ്മണ്‍ടണില്‍ ഏകദേശം 5,000 ഭവനരഹിതരാണുള്ളത്. ഇവരില്‍ ആയിരത്തോളം പേര്‍ ദിവസേന തെരുവുകളിലും തുറസ്സായ സ്ഥലങ്ങളിലുമാണ് അന്തിയുറങ്ങുന്നത്.

കാട്ടുനായ്ക്കളുടെ പകരുന്ന ആല്‍വിയോളര്‍ എക്കിനോകോക്കോസിസ് എന്ന പരാദ രോഗത്തെയും പഠനം പ്രത്യേകം എടുത്തുപറയുന്നു. എക്കിനോകോക്കസ് മള്‍ട്ടിലോകുലാരിസ് എന്ന ടേപ്പ് വേമിന്റെ മുട്ടകളാണ് രോഗത്തിന് കാരണം. എഡ്മണ്‍ടണിലെ കാട്ടുനായ്ക്കളില്‍ പകുതിയിലധികം ഈ പരാദബാധ കണ്ടെത്തിയിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

കാട്ടുനായ്ക്കളുടെ വിസര്‍ജ്യത്തിലൂടെയാണ് രോഗാണുക്കള്‍ പരക്കുന്നത്. ക്യാംപുകള്‍ക്ക് സമീപം ഇത്തരം വിസര്‍ജ്യങ്ങളുടെ സാന്നിധ്യം കൂടുതലാണെന്ന് ഫീല്‍ഡ് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ശുചിത്വ സൗകര്യങ്ങളുടെ അഭാവവും രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകളുടെ സാന്നിധ്യവും ഭവനരഹിതര്‍ക്കിടയില്‍ രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു.

നഗര പരിസ്ഥിതി ഗവേഷകനും കാനഡ റിസര്‍ച്ച് ചെയറുമായ ഡാര്‍സി വിസ്ഷര്‍, അല്‍ബെര്‍ട്ടയെ ഈ രോഗത്തിന്റെ പ്രധാന കേന്ദ്രമായി വിശേഷിപ്പിച്ചു. മനുഷ്യരില്‍ രോഗം ബാധിച്ചാല്‍ 90 ശതമാനം വരെ മരണസാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2012-ലാണ് പശ്ചിമ കാനഡയില്‍ ഈ പരാദബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അതിനുശേഷം അല്‍ബെര്‍ട്ടയില്‍ 50-ലധികം കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇതില്‍ 20 എണ്ണം എഡ്മണ്‍ടണ്‍ മേഖലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പകര്‍ച്ചവ്യാധികള്‍ കണ്ടെത്തുന്നതിനുള്ള ആരോഗ്യ സേവനങ്ങള്‍ ശക്തിപ്പെടുത്തുക, ക്യാംപുകളിലെ ശുചിത്വ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, കാട്ടുനായ്ക്കളെ സുരക്ഷിതമായി അകറ്റാനുള്ള ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയ ശുപാര്‍ശകളാണ് പഠനം മുന്നോട്ടുവയ്ക്കുന്നത്.

എന്നാല്‍, എല്ലാവര്‍ക്കും സുരക്ഷിതമായ പാര്‍പ്പിടം ഉറപ്പാക്കുക എന്നതാണ് ഈ പ്രശ്‌നത്തിനുള്ള ദീര്‍ഘകാല പരിഹാരമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

സമൂഹത്തിലെ ഏറ്റവും ദുര്‍ബല വിഭാഗം പൊതുവെ കരുതിയതിലും കൂടുതല്‍ അപകടാവസ്ഥയിലായിരിക്കാം എന്ന തിരിച്ചറിവ് സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗവേഷക കോളീന്‍ കാസഡി സെന്റ് ക്ലെയര്‍ പറഞ്ഞു.

ആല്‍ബെര്‍ട്ടയിലെ ഭവനരഹിതരുടെ പ്രശ്‌നം സമൂഹത്തില്‍ സൃഷ്ടിക്കുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളുടെ മറ്റൊരു ഉദാഹരണമാണ് ഈ പഠനമെന്ന് എഡ്മണ്‍ടണിലെ അടിയന്തര വിഭാഗം ഡോക്ടറും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. ലൂയിസ് ഫ്രാന്‍സെസ്‌കുട്ടി അഭിപ്രായപ്പെട്ടു.