കനത്ത മഴ; കാല്‍ഗറിക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്

കനത്ത മഴ; കാല്‍ഗറിക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്


കാല്‍ഗറി: തുടര്‍ച്ചയായി പെയ്ത കനത്ത മഴയെ തുടര്‍ന്ന് ആല്‍ബര്‍ട്ട പ്രവിശ്യയുടെ തെക്കുപടിഞ്ഞാറന്‍ മേഖലകളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കാല്‍ഗറിക്ക് പടിഞ്ഞാറ് ഒഴുകുന്ന എല്‍ബോ നദിയിലെ ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നതായും അടുത്ത ദിവസങ്ങളില്‍ ഇനിയും അര മീറ്ററോളം ഉയരാന്‍ സാധ്യതയുണ്ടെന്നും പ്രവിശ്യാ അധികൃതര്‍ അറിയിച്ചു.

ബ്രാഗ് ക്രീക്ക് ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണ് വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലവിലുള്ളത്. പട്ടണത്തിന് മുകളിലുള്ള ചില വീടുകളിലേക്കുള്ള റോഡുകളും ഡ്രൈവ്വേകളും വെള്ളത്തിനടിയിലാകാന്‍ സാധ്യതയുണ്ടെന്നും ഗ്ലെന്‍കോ ഗോള്‍ഫ് കോഴ്സിന് സമീപം പ്രാദേശിക വെള്ളക്കെട്ട് രൂപപ്പെടാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, കാല്‍ഗറിക്ക് പടിഞ്ഞാറുള്ള സ്പ്രിങ്ബാങ്ക് റിസര്‍വോയറിന് താഴെയുള്ള എല്‍ബോ നദിയില്‍ ജലനിരപ്പ് ക്രമേണ കുറയുമെന്നാണ് പ്രതീക്ഷ. സമീപകാല കനത്ത മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്കജലം സംഭരിക്കുന്നതിനായി നിര്‍മ്മിച്ച സ്പ്രിങ്ബാങ്ക് ഡ്രൈ റിസര്‍വോയര്‍ ആദ്യമായി പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാക്കുകയായിരുന്നു.

കാല്‍ഗറിയില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ പടിഞ്ഞാറ് റോക്കി വ്യൂ കൗണ്ടിയിലുള്ള ഈ റിസര്‍വോയര്‍, എല്‍ബോ നദിയിലെ അധികജലം താത്ക്കാലികമായി സംഭരിച്ച് പിന്നീട് സുരക്ഷിതമായി ഒഴുക്കിവിടുന്നതിനായാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഈ സംവിധാനത്തിന്റെ പ്രാഥമിക പ്രവര്‍ത്തനം പ്രതീക്ഷ നല്‍കുന്നതാണെന്ന് കാല്‍ഗറി മേയര്‍ ജെറോമി ഫാര്‍ക്കസ് പറഞ്ഞു. ഇത്തരം അടിസ്ഥാനസൗകര്യ നിക്ഷേപങ്ങളുടെ പ്രാധാന്യം ഇത് തെളിയിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാല്‍ഗറിയിലെയും നഗരത്തിന് പടിഞ്ഞാറന്‍ പ്രദേശങ്ങളിലെയും ബോ നദിയിലും ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് കാന്‍മോര്‍ പട്ടണത്തില്‍ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൗഗര്‍ ക്രീക്ക്, സ്റ്റോണ്‍വര്‍ക്‌സ് ക്രീക്ക്, ത്രീ സിസ്റ്റേഴ്‌സ് തുടങ്ങിയ മേഖലകളിലെ മലഞ്ചെരിവുകളിലൂടെ ഒഴുകുന്ന ചെറുനദികളില്‍ വെള്ളപ്പൊക്ക നിരീക്ഷണം ഏര്‍പ്പെടുത്തി. 

കാല്‍ഗറിക്ക് പടിഞ്ഞാറുള്ള കനനാസ്‌കിസ് മേഖലയിലെ ക്യാമ്പ് കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യമായാല്‍ ആളുകളെ ഒഴിപ്പിക്കുന്നതിനും അപകടസാധ്യതയുള്ള റോഡുകള്‍ അടച്ചിടുന്നതിനുമായി അടിയന്തരസേന പ്രവര്‍ത്തിക്കുന്നതായി ആല്‍ബര്‍ട്ട പാര്‍ക്‌സ് അറിയിച്ചു.

കനനാസ്‌കിസ് മേഖലയിലെ ഹൈവേ 40-ന്റെ ചില ഭാഗങ്ങള്‍ വെള്ളപ്പാച്ചിലില്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതത്തിനായി അടച്ചു. നിരവധി സ്ഥലങ്ങളില്‍ റോഡ് ഒലിച്ചുപോയതായും അധികൃതര്‍ അറിയിച്ചു.

പ്രദേശത്തുള്ളവര്‍ സുരക്ഷിത സ്ഥലങ്ങളില്‍ തുടരണമെന്നും അനാവശ്യ യാത്രകള്‍ മാറ്റിവയ്ക്കണമെന്നും ആല്‍ബര്‍ട്ട പാര്‍ക്‌സ് അഭ്യര്‍ഥിച്ചു. കാലാവസ്ഥയെ തുടര്‍ന്ന് ആളുകള്‍ കുടുങ്ങിയതായോ പരിക്കേറ്റതായോ ഇതുവരെ റിപ്പോര്‍ട്ടുകളില്ല.

കനനാസ്‌കിസ് വില്ലേജിന് സമീപത്തെ ബൗണ്ടറി റാഞ്ച് മാനേജര്‍ ഹെയ്ലി ഗ്വിന്‍, നിലവിലെ സാഹചര്യം 2013-ലെ വിനാശകരമായ വെള്ളപ്പൊക്കത്തെ ഓര്‍മ്മിപ്പിക്കുന്നതാണെങ്കിലും അത്ര രൂക്ഷമല്ലെന്ന് പറഞ്ഞു.

ആവശ്യക്കാര്‍ക്ക് താത്ക്കാലിക അഭയം നല്‍കാന്‍ വില്യം വാട്‌സണ്‍ ലോഡ്ജും പീറ്റര്‍ ലൗഗ്ഹീഡ് ഡിസ്‌കവറി സെന്ററും സജ്ജമാണെന്ന് ആല്‍ബര്‍ട്ടയുടെ വനം- പാര്‍ക്ക് മന്ത്രി ടോഡ് ലോവന്‍ അറിയിച്ചു. കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ബാധിക്കപ്പെട്ട ബുക്കിങ്ങുകള്‍ സ്വമേധയാ റദ്ദാക്കി തുക തിരികെ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

കാല്‍ഗറിയില്‍ എല്‍ബോ, ബോ നദികളില്‍ ഉയര്‍ന്ന ജലപ്രവാഹ മുന്നറിയിപ്പ് നഗരഭരണം പുറപ്പെടുവിച്ചു. റിസര്‍വോയറുകള്‍ ഉപയോഗിച്ച് നദികളിലെ ജലപ്രവാഹം നിയന്ത്രിക്കുമെന്നും നഗരപരിധിക്കുള്ളില്‍ നദികള്‍ കരകവിഞ്ഞൊഴുകാന്‍ നിലവില്‍ സാധ്യതയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ കാലാവസ്ഥ അതിവേഗം മാറാന്‍ സാധ്യതയുള്ളതിനാല്‍ മുന്നറിയിപ്പുകളും കാലാവസ്ഥാ പ്രവചനങ്ങളും ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് മേയര്‍ ഫാര്‍ക്കസ് നിര്‍ദേശിച്ചു.

നദികളുടെയും തോടുകളുടെയും തീരപ്രദേശങ്ങളില്‍ പ്രാദേശിക വെള്ളക്കെട്ടിനും ബോ നദിക്കരയിലെ താഴ്ന്ന പ്രദേശങ്ങളിലെ ചില വീടുകളില്‍ അടിത്തറയിലേക്ക് വെള്ളം കയറാനുമുള്ള സാധ്യത നഗരഭരണം ചൂണ്ടിക്കാട്ടി.

കാനഡ പരിസ്ഥിതി- കാലാവസ്ഥാ വകുപ്പ് അറിയിച്ചതനുസരിച്ച് ശനിയാഴ്ച മുതല്‍ കനനാസ്‌കിസ് മേഖലയില്‍ 102 മില്ലിമീറ്ററും കാല്‍ഗറി മേഖലയില്‍ ഏകദേശം 50 മില്ലിമീറ്ററും മഴ ലഭിച്ചു. ഈ ആഴ്ചയുടെ ശേഷിക്കുന്ന ദിവസങ്ങളില്‍ മഴയുടെ ശക്തി കുറയുകയും കാലാവസ്ഥ ചൂടേറിയതും വരണ്ടതുമായ പ്രവണതയിലേക്ക് മാറുകയും ചെയ്യുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തല്‍.

അതേസമയം, ആല്‍ബര്‍ട്ടയുടെ തലസ്ഥാനമായ എഡ്മന്റണില്‍ ഈ ജൂണില്‍ ഇതിനകം 265 മില്ലിമീറ്റര്‍ മഴ ലഭിച്ചതോടെ നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും മഴ ലഭിച്ച ജൂണ്‍ മാസമെന്ന റെക്കോര്‍ഡ് തിരുത്തിക്കുറിച്ചു. 1914 ജൂണില്‍ രേഖപ്പെടുത്തിയ 217 മില്ലിമീറ്ററെന്ന നൂറ്റാണ്ടിലേറെ പഴക്കമുള്ള റെക്കോര്‍ഡാണ് ഇതോടെ മറികടന്നത്.