മോണ്‍ട്രിയല്‍: ക്യൂബെക് പ്രവിശ്യയിലെ ശക്തമായ മഴയും ഇടിമിന്നലും നിറഞ്ഞ കാലാവസ്ഥാ വ്യതിയാനം മോണ്‍ട്രിയല്‍ ദ്വീപില്‍ വ്യാപക വെള്ളപ്പൊക്കത്തിന് കാരണമായി. പല പ്രദേശങ്ങളിലും റോഡ് ഗതാഗതം അപകടകരമായ നിലയിലായതോടെ അടിയന്തരസേവന വിഭാഗങ്ങള്‍ രംഗത്തെത്തി.
മോണ്‍ട്രിയലിന്റെ പടിഞ്ഞാറന്‍ മേഖലയായ പിയര്‍ഫോണ്‍സ് ബറോയില്‍ സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് നിരവധി പൊലീസ് സംഘങ്ങളെ വിന്യസിച്ചതായി മോണ്‍ട്രിയല്‍ പൊലീസ് വക്താവ് ജോയാനി ഷാര്‍ലാന്‍ഡ് അറിയിച്ചു. വെള്ളക്കെട്ടില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി പല റോഡുകളും അടച്ചിട്ടിരിക്കുകയാണ്.
പിയര്‍ഫോണ്‍സ് ബൊളിവാര്‍ഡും സമീപ പ്രദേശങ്ങളും വാഹനയാത്രക്കാര്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വെസ്റ്റ് ഐലന്‍ഡിലെ ഹൈവേ 40-ലെ 52, 55 എക്‌സിറ്റുകള്‍ അടച്ചതായി ട്രാന്‍സ്‌പോര്‍ട്ട് ക്യൂബെക് അറിയിച്ചു.
തണുപ്പുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണങ്ങളോടെ ചിലരെ പരിശോധിച്ചെങ്കിലും ആരെയും ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്ന് അടിയന്തര മെഡിക്കല്‍ സേവന വിഭാഗം അറിയിച്ചു.
പിയര്‍ഫോണ്‍സിലെ ലൈബ്രറി, സാംസ്‌കാരിക കേന്ദ്രം, മാര്‍സല്‍ മോറിന്‍ കമ്മ്യൂണിറ്റി സെന്റര്‍, വെര്‍സായ് നീന്തല്‍ക്കുളം എന്നിവ ഉള്‍പ്പെടെ നിരവധി മുനിസിപ്പല്‍ കെട്ടിടങ്ങള്‍ അടച്ചിട്ടു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷമേ തുറക്കുകയുള്ളുവെന്ന് മോണ്‍ട്രിയല്‍ നഗരസഭ അറിയിച്ചു.
നിരവധി വീടുകളുടെ അടിത്തട്ടില്‍ വെള്ളം കയറിയതായും വൈദ്യുതി വിതരണം തടസ്സപ്പെട്ടതായും താമസക്കാര്‍ അറിയിച്ചു. ഹൈഡ്രോ- ക്യൂബെക്കിന്റെ കണക്കുകള്‍ പ്രകാരം മോണ്‍ട്രിയല്‍ ദ്വീപിലെ 18,000-ത്തിലധികം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ലഭിച്ചിരുന്നില്ല.
ഡോളാര്‍-ദെ-ഓര്‍മോയില്‍ താമസിക്കുന്ന നതാഷ ക്രൗസ പറഞ്ഞത് തന്റെ വീടിന് മുന്നിലെ റോഡില്‍ ജലനിരപ്പ് ഉയരുന്നത് കണ്ടതിന് പിന്നാലെ അടിത്തട്ടില്‍ പരിശോധിച്ചപ്പോള്‍ മൂന്നടിയോളം വെള്ളം കയറിയതായി കണ്ടെത്തിയെന്നാണ്. തന്റെ വീട്ടുമുറ്റം നീന്തല്‍ക്കുളമായി മാറിയെന്നും വീട്ടില്‍ നിന്ന് പുറത്തുകടക്കാന്‍ പോലും കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞു.
2024-ലെ വെള്ളപ്പൊക്കത്തിന് ശേഷം വെള്ളം പുറത്തേക്കൊഴുക്കാന്‍ പ്രത്യേക പമ്പ് സ്ഥാപിച്ചിരുന്നുവെങ്കിലും ഇത്തവണ സ്ഥിതി കൂടുതല്‍ ഗുരുതരമാണെന്ന് നതാഷ പറഞ്ഞു. ചെയ്യേണ്ടതെല്ലാം ചെയ്തിട്ടും കഴിഞ്ഞ തവണത്തേക്കാള്‍ മോശമാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് അവര്‍ പറഞ്ഞു.
ഡോളാര്‍-ദെ-ഓര്‍മോ നഗരസഭ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനും ബാധിതരെ സഹായിക്കുന്നതിനുമായി പ്രത്യേക സംഘങ്ങളെ വിന്യസിച്ചതായി അറിയിച്ചു. വീടുകളില്‍ വെള്ളം കയറുന്നത് ഒഴിവാക്കാന്‍ കഴിയുന്നത്ര വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാനും സുരക്ഷിതമാണെങ്കില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കാനും അധികൃതര്‍ നിര്‍ദേശിച്ചു.
മോണ്‍ട്രിയലിലെ ട്രൂഡോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സര്‍വീസുകളെയും പ്രതികൂല കാലാവസ്ഥ ബാധിച്ചു. ഇടിമിന്നലും ശക്തമായ മഴയും കാരണം വിമാന സര്‍വീസുകളുടെ സമയക്രമം, ഗ്രൗണ്ട് ഓപ്പറേഷനുകള്‍, ബാഗേജ് വിതരണം എന്നിവയില്‍ തടസ്സമുണ്ടായതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാന സമയക്രമം പരിശോധിക്കണമെന്നും നിര്‍ദേശിച്ചു.
സെയിന്റ്-കോണ്‍സ്റ്റാന്റ്, സെയിന്റ്-മാത്യു എന്നിവ ഉള്‍പ്പെടെയുള്ള മൊണ്ടെറെജി മേഖലയിലെ ചില മുനിസിപ്പാലിറ്റികളിലും വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സെയിന്റ്-മാത്യു കമ്മ്യൂണിറ്റി സെന്ററില്‍ രാത്രി താമസസൗകര്യമുള്‍പ്പെടെ അടിയന്തര അഭയകേന്ദ്രം തുറന്നിട്ടുണ്ട്.
