ട്രംപിന്റെ എതിര്‍പ്പുകള്‍ക്കിടെ ഗോര്‍ഡി ഹോവ് അന്താരാഷ്ട്ര പാലം ഈ ആഴ്ച തുറക്കും

ട്രംപിന്റെ എതിര്‍പ്പുകള്‍ക്കിടെ ഗോര്‍ഡി ഹോവ് അന്താരാഷ്ട്ര പാലം ഈ ആഴ്ച തുറക്കും


ഒട്ടാവ: കാനഡയെയും അമേരിക്കയെയും ബന്ധിപ്പിക്കുന്ന ഗോര്‍ഡി ഹോവ് അന്താരാഷ്ട്ര പാലം ഈ ആഴ്ച അവസാനത്തോടെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അറിയിച്ചു.

പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായാണ് കാര്‍ണി ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ട് രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ പ്രതീകം മാത്രമല്ല, അതിന്റെ യാഥാര്‍ഥ്യവുമാണ് പാലമെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തി കടക്കുന്ന കനേഡിയന്‍ പൗരന്മാര്‍ക്കും അമേരിക്കക്കാര്‍ക്കും വ്യാപാര മേഖലയ്ക്കും ഇത് വലിയ നേട്ടമാകുമെന്നും കാര്‍ണി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഈ പാലത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായത് ഫെബ്രുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനയെ തുടര്‍ന്നായിരുന്നു. ഒന്റാറിയോയെയും മിഷിഗണെയും ബന്ധിപ്പിക്കുന്ന പുതിയ പാലവും വ്യാപാര പാതയും തുറക്കാന്‍ അനുവദിക്കില്ലെന്നും കാനഡയ്ക്ക് അമേരിക്ക നല്‍കിയ എല്ലാത്തിനും നഷ്ടപരിഹാരം ലഭിക്കുന്നതുവരെ പദ്ധതി തടയുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, പാലം ഉടന്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് ചൊവ്വാഴ്ച കാര്‍ണി വീണ്ടും ആവര്‍ത്തിച്ചു.

അതിര്‍ത്തിയുടെ ഇരുവശത്തും ഈ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും പാലം പ്രവര്‍ത്തനം ആരംഭിക്കുന്നത് കാണാന്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി.

ഒന്റാറിയോ- മിഷിഗണ്‍ വ്യാപാര ഇടനാഴിയിലെ പ്രധാന അതിര്‍ത്തി കടന്നുപോകല്‍ കേന്ദ്രമായി ഗോര്‍ഡി ഹോവ് അന്താരാഷ്ട്ര പാലം പ്രവര്‍ത്തിക്കും. സമീപത്തുള്ള ആംബാസഡര്‍ പാലത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുകയെന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

പാലത്തിന്റെ നിര്‍മാണച്ചെലവ് പൂര്‍ണമായും കാനഡ സര്‍ക്കാരാണ് വഹിച്ചത്. എന്നാല്‍, പാലത്തിന്റെ ഉടമസ്ഥാവകാശം കാനഡയും അമേരിക്കയിലെ മിഷിഗണ്‍ സംസ്ഥാനവും സംയുക്തമായിട്ടായിരിക്കും വഹിക്കുക.

അമേരിക്കയും കാനഡയും തമ്മിലുള്ള മൊത്തം വ്യാപാരത്തിന്റെ ഏകദേശം മൂന്നിലൊന്ന് ഡെട്രോയിറ്റ്- വിന്‍ഡ്‌സര്‍ മേഖല വഴിയാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ പുതിയ പാലം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര- ഗതാഗത ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.