ഒട്ടാവ: കാനഡയും അമേരിക്കയും തമ്മില്‍ ഒന്റാറിയോയിലെ വിന്‍ഡ്സറിനെയും അമേരിക്കയിലെ ഡെട്രോയിറ്റിനെയും ബന്ധിപ്പിക്കുന്ന ഗോര്‍ഡി ഹോവേ അന്താരാഷ്ട്ര പാലം തുറക്കുന്നതിനായി ഒപ്പുവച്ച പുതിയ കരാറിന്റെ ഉള്ളടക്കം പുറത്തുവന്നതോടെ വിവാദം ശക്തമായി. കരാറിലെ വ്യവസ്ഥകള്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി നേരത്തെ നല്‍കിയ വിശദീകരണത്തിന് വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച 'തത്വത്തില്‍ അംഗീകരിച്ച കരാര്‍' പ്രകാരം, പാലം പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ 15 വര്‍ഷക്കാലം പാലത്തിന്റെ അറ്റവരുമാനത്തിന്റെ 50 ശതമാനം അമേരിക്കന്‍ സര്‍ക്കാര്‍ സ്ഥാപിക്കുകയും പൂര്‍ണ നിയന്ത്രണം വഹിക്കുകയും ചെയ്യുന്ന സാമ്പത്തിക വികസന ഫണ്ടിലേക്ക് നല്‍കും.
കരാര്‍ പ്രകാരം പാലത്തില്‍ നിന്ന് ലഭിക്കുന്ന എല്ലാ വരുമാനത്തില്‍ നിന്ന് പ്രവര്‍ത്തനച്ചെലവുകള്‍ കുറച്ച ശേഷമുള്ള തുകയാണ് അറ്റവരുമാനമായി കണക്കാക്കുക.
എന്നാല്‍ കാനഡയുടെ വായ്പാ ബാധ്യതകള്‍ മുഴുവന്‍ തിരിച്ചടച്ചതിന് ശേഷമേ അറ്റലാഭം അമേരിക്കയുമായി പങ്കിടുകയുള്ളുവെന്നായിരുന്നു പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി നേരത്തെ സി ടി വി കാല്‍ഗറിയോട് പറഞ്ഞത്.
പിന്നീട് അദ്ദേഹം അറ്റലാഭമല്ല, അറ്റവരുമാനമാണ് പങ്കിടുന്നതെന്ന് വിശദീകരിച്ചെങ്കിലും അത് കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കിയതായി പ്രതിപക്ഷം ആരോപിച്ചു. ഇതോടെയാണ് കരാര്‍ പൂര്‍ണമായി പുറത്തുവിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്.
6.4 ബില്യണ്‍ കനേഡിയന്‍ ഡോളര്‍ ചെലവില്‍ നിര്‍മ്മിച്ച പാലത്തിന്റെ മുഴുവന്‍ നിര്‍മാണച്ചെലവും കാനഡയാണ് വഹിച്ചത്. ഒരു പതിറ്റാണ്ടിലേറെ മുമ്പ് ഒപ്പുവച്ച യഥാര്‍ഥ കരാര്‍ പ്രകാരം, പാലത്തിന്റെ നിര്‍മാണച്ചെലവ് പൂര്‍ണമായി തിരിച്ചുകിട്ടിയ ശേഷമേ ടോള്‍ വരുമാനം മിഷിഗണ്‍ സംസ്ഥാനവുമായി പങ്കിടുകയുള്ളൂവെന്നായിരുന്നു വ്യവസ്ഥ. ഇത് യാഥാര്‍ഥ്യമാകാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, പഴയ കരാര്‍ ഇപ്പോഴും നിലവിലുണ്ടെന്നാണ് കാനഡ സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്.
പുതിയ കരാറില്‍ പ്രവര്‍ത്തനച്ചെലവുകള്‍ എന്തൊക്കെയാണെന്ന് വ്യക്തമായി നിര്‍വചിച്ചിട്ടില്ല. നിര്‍മാണത്തിനായി കാനഡ എടുത്ത വായ്പ തിരിച്ചടയ്ക്കുന്നതിനെക്കുറിച്ചും പരാമര്‍ശമില്ല.
എന്നാല്‍ മുഖ്യതുകയും പലിശയും അടയ്ക്കുന്നതിന് മുമ്പുതന്നെ അറ്റവരുമാനം പങ്കിടണമെന്ന നിലപാടാണ് ട്രംപ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്.
പ്രതിപക്ഷ കണ്‍സര്‍വേറ്റീവ് നേതാവ് പിയറി പൊയിലീവ്രെ, കാര്‍ണിയുടെ മുന്‍ പ്രസ്താവന ചൂണ്ടിക്കാട്ടി അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ചു.
കാനഡയുടെ കടം തിരിച്ചടച്ച ശേഷമേ പണം പങ്കിടുകയുള്ളുവെന്ന് പറഞ്ഞിരുന്നതായും അമേരിക്കയുമായുള്ള ചര്‍ച്ചകളെക്കുറിച്ച് ഇനി പറയുന്ന കാര്യങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
കരാറനുസരിച്ച് സാമ്പത്തിക വികസന ഫണ്ടിന്റെ ലക്ഷ്യങ്ങള്‍ കാനഡയും അമേരിക്കയും ചേര്‍ന്ന് നിശ്ചയിക്കും. എന്നാല്‍ ആ ഫണ്ട് അമേരിക്കയുടെയും കാനഡ- അമേരിക്ക വ്യാപാരത്തിന്റെയും താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നാണ് രേഖയില്‍ പറയുന്നത്.
കരാര്‍ നടപ്പാക്കാന്‍ ആവശ്യമായ നിയമപരവും സാമ്പത്തികവും ഭരണപരവുമായ ക്രമീകരണങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും രേഖയില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ അവ പൂര്‍ത്തിയായിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫെബ്രുവരിയില്‍ നടത്തിയ ഭീഷണിയെ തുടര്‍ന്നാണ് പാലം തുറക്കല്‍ വൈകിയത്. ചില ഇളവുകള്‍ അനുവദിക്കാത്തപക്ഷം പാലം തുറക്കുന്നത് തടയുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പാലത്തിന്റെ നിര്‍മാണച്ചെലവും അനുബന്ധ അടിസ്ഥാനസൗകര്യങ്ങളുടെ ചെലവും മുഴുവന്‍ കാനഡയാണ് വഹിച്ചിരുന്നത്.
പുതിയ പാലം തുറന്നാല്‍ സമീപത്തുള്ള അംബാസഡര്‍ പാലത്തിന്റെ ടോള്‍ വരുമാനം കുറയുമെന്ന ആശങ്കയെ തുടര്‍ന്ന് ആ പാലത്തിന്റെ ഉടമകള്‍ വാഷിംഗ്ടണില്‍ ശക്തമായ ലോബിയിംഗ് നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ മാസം പാലം തുറക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അമേരിക്കയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഉദ്ഘാടനം മാറ്റിവെച്ചത്. തുടര്‍ന്ന് ജൂലൈ 10-ന് ട്രംപ് ഭരണകൂടത്തിന്റെ പിന്തുണയോടെ പുതിയ കരാറിലെത്തി.
ഈ വെള്ളിയാഴ്ച റിബണ്‍ മുറിച്ച് ഉദ്ഘാടനം നടത്താനും തിങ്കളാഴ്ച മുതല്‍ ഗതാഗതത്തിനായി തുറക്കാനുമായിരുന്നു തീരുമാനം. എന്നാല്‍ കനേഡിയന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ അമേരിക്ക പുതിയ താരിഫ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഉദ്ഘാടന ചടങ്ങില്‍ നിന്ന് കാനഡ സര്‍ക്കാര്‍ പിന്മാറി. പകരം ഈ നേട്ടം കനേഡിയന്‍ ജനങ്ങള്‍ക്കൊപ്പം പ്രത്യേകം ആഘോഷിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
