കാട്ടുതീ കൈകാര്യം ചെയ്യുന്നതില്‍ ഒന്റാറിയോ സര്‍ക്കാരിനെതിരെ അന്വേഷണം വേണമെന്ന് ഫസ്റ്റ് നേഷന്‍സ് നേതാക്കള്‍

കാട്ടുതീ കൈകാര്യം ചെയ്യുന്നതില്‍ ഒന്റാറിയോ സര്‍ക്കാരിനെതിരെ അന്വേഷണം വേണമെന്ന് ഫസ്റ്റ് നേഷന്‍സ് നേതാക്കള്‍


തണ്ടര്‍ ബേ: വടക്കുപടിഞ്ഞാറന്‍ ഒന്റാറിയോയില്‍ കാട്ടുതീ വ്യാപക നാശം വിതച്ച സാഹചര്യത്തില്‍ ദുരന്തനിവാരണത്തിലും ജനങ്ങളെ ഒഴിപ്പിക്കുന്നതിലും ഒന്റാറിയോ സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ആരോപിച്ച് ഫസ്റ്റ് നേഷന്‍സ് നേതാക്കള്‍ പൊതുഅന്വേഷണം ആവശ്യപ്പെട്ടു.

നിഷ്‌നാവ്‌ബെ ആസ്‌കി നേഷന്‍ (നാന്‍) തണ്ടര്‍ ബേയില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച ഗള്‍ ബേ ഫസ്റ്റ് നേഷന്‍സ് ചീഫ് വില്‍ഫ്രഡ് കിങ്, സര്‍ക്കാര്‍ സംവിധാനത്തിന്റെ ആശയവിനിമയ പരാജയവും ഒഴിപ്പിക്കല്‍ നടപടികളിലെ വീഴ്ചയും എല്ലാ കനേഡിയന്‍ പൗരന്മാരെയും ഞെട്ടിക്കേണ്ടതാണെന്ന് പറഞ്ഞു.

2026-ല്‍ പോലും ഇങ്ങനെയൊരു സാഹചര്യം എങ്ങനെ ഉണ്ടായെന്നു സംശയിച്ച അദ്ദേഹം ഇനി ഒരിക്കലും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് ചെയ്യണം എന്നതിന് അന്വേഷണ കമ്മിഷന്‍ മറുപടി കണ്ടെത്തണമെന്നും തങ്ങളുടെ സമൂഹത്തെ സ്വന്തം നിലയ്ക്ക് ഉപേക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കാട്ടുതീയെ തുടര്‍ന്ന് ഒന്റാറിയോയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ച 2,400-ലധികം പേര്‍ നിലവില്‍ വിവിധ ആതിഥേയ സമൂഹങ്ങളില്‍ കഴിയുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നമയ്ഗൂസിസഗഗുന്‍ ഫസ്റ്റ് നേഷന്‍, വൈറ്റ്വാട്ടര്‍ ലേക്ക് ഫസ്റ്റ് നേഷന്‍ എന്നീ രണ്ട് തദ്ദേശീയ സമൂഹങ്ങള്‍ കാട്ടുതീയില്‍ പൂര്‍ണമായും നശിച്ചതായും നേതാക്കള്‍ പറഞ്ഞു.

കാട്ടുതീ നേരിടുന്നതിലെ പ്രവര്‍ത്തനരീതി, ദുരന്തനിവാരണ ഏകോപനം, ഫസ്റ്റ് നേഷന്‍സ് സമൂഹങ്ങളുമായുള്ള ആശയവിനിമയം, ഒഴിപ്പിക്കല്‍ പദ്ധതി, വിഭവങ്ങളുടെ വിനിയോഗം, സര്‍ക്കാരിന്റെ ദുരന്തസന്നദ്ധത എന്നിവയെക്കുറിച്ച് സമഗ്രമായ പൊതുഅന്വേഷണം നടത്തണമെന്ന് ചീഫ് വില്‍ഫ്രഡ് കിങ് ആവശ്യപ്പെട്ടു.

ഒന്റാറിയോ പ്രകൃതിവിഭവ മന്ത്രാലയത്തിലെ ഉന്നത നേതൃത്വത്തില്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, അത്യന്തം പ്രതികൂല സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന അഗ്നിശമന സേനാംഗങ്ങളുടെയും ദുരന്തനിവാരണ ഉദ്യോഗസ്ഥരുടെയും സേവനത്തെ തങ്ങള്‍ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജീവനക്കാര്‍ക്കെതിരെയല്ല തങ്ങളുടെ വിമര്‍ശനമെന്നും നയരൂപീകരണവും ആസൂത്രണവും മേല്‍നോട്ടവും തീരുമാനങ്ങളും കൈകാര്യം ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥരോടാണെന്നും അദ്ദേഹം പറഞ്ഞു.

ആരോപണങ്ങള്‍ തള്ളിയ ഒന്റാറിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ്, ഫസ്റ്റ് നേഷന്‍സ് സമൂഹങ്ങളുമായി സര്‍ക്കാര്‍ നിരന്തര ആശയവിനിമയം നടത്തുന്നുണ്ടെന്ന് പറഞ്ഞു.

റിസര്‍വ് പ്രദേശങ്ങളുടെ ഉത്തരവാദിത്തം ഫെഡറല്‍ സര്‍ക്കാരിനാണെങ്കിലും ഒന്റാറിയോ സര്‍ക്കാര്‍ നേതൃത്വം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

155 അഗ്നിശമന സംഘങ്ങളും ഏകദേശം 8,900 വനാഗ്നി അഗ്നിശമന സേനാംഗങ്ങളും രംഗത്തുണ്ടെന്നും കഴിയുന്നതെല്ലാം തങ്ങള്‍ ചെയ്യുന്നുണ്ടെന്നും ഫോര്‍ഡ് പറഞ്ഞു.

ഫെഡറല്‍ സര്‍ക്കാരിനും ഉത്തരവാദിത്തമുണ്ടെങ്കിലും അധികാര പരിധിയെച്ചൊല്ലിയ തര്‍ക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് വില്‍ഫ്രഡ് കിങ് പറഞ്ഞു.

നാന്‍ ഗ്രാന്‍ഡ് ചീഫ് ആല്‍വിന്‍ ഫിഡ്‌ലറും ഇതേ നിലപാട് പങ്കുവെച്ചു. 'റിങ് ഓഫ് ഫയര്‍' ഖനന പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒന്റാറിയോയും കാനഡയും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഗുരുതര ഭീഷണികളെ അവഗണിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

കാലാവസ്ഥാ വ്യതിയാനം യാഥാര്‍ഥ്യമാണെന്നും പുറത്തേക്കിറങ്ങി വായുവിന്റെ ഗന്ധം അനുഭവിച്ചാല്‍ മാത്രം മതി അത് മനസ്സിലാക്കാനെന്നും ഫിഡ്‌ലര്‍ പറഞ്ഞു.

ജൂലൈ 13-ന് ഒഴിപ്പിക്കപ്പെട്ട വൈറ്റ്‌സാന്‍ഡ് ഫസ്റ്റ് നേഷന്‍സിലെ ജനങ്ങള്‍ തണ്ടര്‍ ബേയില്‍ കഴിയുകയാണെന്ന് ചീഫ് ലോറന്‍സ് വനകാമിക് പറഞ്ഞു.

തങ്ങളുടെ ജനങ്ങള്‍ക്ക് വീട്ടിലേക്ക് മടങ്ങാനാണ് ആഗ്രഹമെന്നും നഗരജീവിതം അവര്‍ക്ക് പരിചിതമല്ലെന്നും തീപിടുത്തത്തിന് ശേഷം ശേഷിച്ച സ്വന്തം ഭൂമിയിലേക്കാണ് അവര്‍ മടങ്ങാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഫോര്‍ട്ട് ഹോപ്പ് എന്നറിയപ്പെടുന്ന ഈബമീറ്റൂങ് ഫസ്റ്റ് നേഷന്‍സിലെ 940-ലധികം പേരെ കനേഡിയന്‍ സായുധസേനയുടെ സഹായത്തോടെ നയാഗ്ര ഫാള്‍സിലേക്ക് മാറ്റി.

സഹായം ലഭിക്കാന്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നതായി ഈബമീറ്റൂങ് ഫസ്റ്റ് നേഷന്‍സ് ചീഫ് സോളമന്‍ അറ്റ്ലൂക്കന്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രതികരണം വൈകിയതിനെ തുടര്‍ന്ന് 'തദ്ദേശീയ ജനതയെ ഇല്ലാതാക്കാനുള്ള മറ്റൊരു മാര്‍ഗമാണോ ഇത്?' എന്ന് 14 വയസ്സുള്ള ഒരു പെണ്‍കുട്ടി തന്നോട് ചോദിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

ഒന്റാറിയോ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി (എന്‍ ഡി പി) നേതാവ് മാരിറ്റ് സ്‌റ്റൈല്‍സ്, ഫസ്റ്റ് നേഷന്‍സ് നേതാക്കളുമായി പ്രവിശ്യാ- ഫെഡറല്‍ സര്‍ക്കാരുകള്‍ കൂടുതല്‍ ഫലപ്രദമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു.

ഒഴിപ്പിക്കപ്പെട്ട ജനങ്ങളുമായും ഗോത്രനേതാക്കളുമായും സംസാരിക്കുമ്പോള്‍ മനസ്സിലാകുന്നത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ മുന്നൊരുക്കമോ സമയോചിതമായ മുന്നറിയിപ്പോ ഉണ്ടായിരുന്നില്ലെന്നാണെന്നും അതാണ് ഏറ്റവും ആശങ്കാജനകമായ കാര്യമെന്നും അവര്‍ പറഞ്ഞു.

നിലവില്‍ കാറ്റ് ലേക്ക്, ഈബമീറ്റൂങ്, ഗകിജിവാനോങ് അനിഷിനാബി, ഗള്‍ ബേ, ലാക് ഡെ മില്ലെ ലാക്‌സ്, മിഷ്‌കീഗോഗമാങ്, നമയ്ഗൂസിസഗഗുന്‍, നെസ്‌കന്റാഗ, ഒജിബ്വേ നേഷന്‍ ഓഫ് സൗഗീന്‍, വൈറ്റ്‌സാന്‍ഡ് എന്നിവ ഉള്‍പ്പെടെയുള്ള ഫസ്റ്റ് നേഷന്‍സ് സമൂഹങ്ങള്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് വിധേയമായിട്ടുണ്ട്.