നിര്‍ദിഷ്ട എണ്ണ പൈപ്പ്ലൈന്‍ പദ്ധതിക്കെതിരെ ഫസ്റ്റ് നേഷന്‍സ് ആശങ്ക; മതിയായ കൂടിയാലോചനയില്ലെന്ന് നേതാക്കള്‍

നിര്‍ദിഷ്ട എണ്ണ പൈപ്പ്ലൈന്‍ പദ്ധതിക്കെതിരെ ഫസ്റ്റ് നേഷന്‍സ് ആശങ്ക; മതിയായ കൂടിയാലോചനയില്ലെന്ന് നേതാക്കള്‍


ടൊറന്റോ: ആല്‍ബര്‍ട്ടയില്‍ നിന്ന് ഒന്റാറിയോയിലെ സാര്‍നിയയിലേക്ക് നിര്‍ദിഷ്ട 'നോര്‍ത്തേണ്‍ ഷീല്‍ഡ്' എണ്ണ പൈപ്പ്ലൈന്‍ പദ്ധതിയില്‍ ബന്ധപ്പെട്ട ഫസ്റ്റ് നേഷന്‍സ് സമൂഹങ്ങളുമായി ഇതുവരെ മതിയായ കൂടിയാലോചന നടത്തിയിട്ടില്ലെന്ന് നേതാക്കള്‍. പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ച ഘട്ടം മുതല്‍ തങ്ങളുടെ അഭിപ്രായം തേടേണ്ടതായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

ആംജിനാംഗ് ഫസ്റ്റ് നേഷന്‍ ചീഫ് ജനെല്‍ നഹ്മാബിന്‍ നിര്‍ദിഷ്ട പദ്ധതിയെക്കുറിച്ച് നിര്‍മാണാത്മക ചര്‍ച്ചകള്‍ക്ക് തങ്ങളുടെ സമൂഹം തയ്യാറാണെന്ന് പറഞ്ഞെങ്കിലും പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക ആശയവിനിമയം നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി.

തങ്ങളുടെ അവകാശങ്ങളും അധികാരപരിധിയും വീണ്ടും അവഗണിക്കപ്പെടുകയാണെന്നും 2024 മുതല്‍ ബെന്‍സീന്‍ മലിനീകരണ പ്രതിസന്ധി നേരിടുകയാണ് തങ്ങളുടെ സമൂഹമെന്നും അദ്ദേഹം പറഞ്ഞു. 2026 മാര്‍ച്ചില്‍ തങ്ങളുടെ ഭൂമിയോട് ചേര്‍ന്നുള്ള പൈപ്പ്ലൈനില്‍ നിന്നുണ്ടായ എണ്ണച്ചോര്‍ച്ചയുടെ പ്രത്യാഘാതങ്ങളില്‍ നിന്നും ഇപ്പോഴും പൂര്‍ണമായി കരകയറിയിട്ടില്ലെന്നും നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുമ്പ് പുതിയ പദ്ധതി കൊണ്ടുവരുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും നഹ്മാബിന്‍ പറഞ്ഞു.

ആല്‍ബര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്തും ഒന്റാറിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡും ചേര്‍ന്നാണ് കാല്‍ഗറിയില്‍ 3,300 കിലോമീറ്റര്‍ നീളമുള്ള നിര്‍ദിഷ്ട പൈപ്പ്ലൈന്‍ പദ്ധതി പ്രഖ്യാപിച്ചത്.

പദ്ധതി യാഥാര്‍ഥ്യമായാല്‍ പശ്ചിമ കാനഡയില്‍ നിന്ന് പ്രതിദിനം അഞ്ച് ലക്ഷം ബാരല്‍ എണ്ണ തെക്കന്‍ ഒന്റാറിയോയിലെ റിഫൈനറികളിലേക്ക് എത്തിക്കാനാകും. ഭാവിയില്‍ ഇത് എട്ട് ലക്ഷം ബാരല്‍ പ്രതിദിന ശേഷിയിലേക്ക് വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നു.

കാള്‍ഡ്വെല്‍ ഫസ്റ്റ് നേഷന്‍, ഡെലവെയര്‍ നേഷന്‍ എന്നിവ ഉള്‍പ്പെടുന്ന അസോസിയേഷന്‍ ഓഫ് ഇറോക്വോയിസ് ആന്‍ഡ് അലൈഡ് ഇന്ത്യന്‍സിന്റെ ഗ്രാന്‍ഡ് ചീഫ് ജോയല്‍ അബ്രം, പദ്ധതി അംഗീകരിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നതിന് മുമ്പ് ഫസ്റ്റ് നേഷന്‍സ് സമൂഹങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ മാനിക്കണമെന്നും പറഞ്ഞു.

ഇത്തരമൊരു വലിയ പദ്ധതി സ്വതന്ത്രവും മുന്‍കൂര്‍ അറിവോടെയുള്ള സമ്മതം എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മുന്നോട്ടുപോകാവൂ എന്നും പൈപ്പ്ലൈന്‍ പാത തീരുമാനിച്ചശേഷമോ രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ നടത്തിയശേഷമോ ആദിവാസികളെ സമീപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പരിസ്ഥിതി സംരക്ഷണം, പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങളില്‍ ഫസ്റ്റ് നേഷന്‍സ് സമൂഹങ്ങള്‍ക്ക് പങ്കാളിത്തം ഉറപ്പാക്കല്‍, അപകടസാധ്യതകള്‍ സംബന്ധിച്ച വ്യക്തത എന്നിവയും ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഒന്റാറിയോയില്‍ ഉപയോഗിക്കുന്ന ഭൂരിഭാഗം എണ്ണയും പശ്ചിമ കാനഡയില്‍ നിന്നാണെങ്കിലും അത് അമേരിക്കയിലൂടെ കടന്നുപോകുന്ന പൈപ്പ്ലൈനുകളിലൂടെയാണ് എത്തുന്നത്. പുതിയ 'നോര്‍ത്തേണ്‍ ഷീല്‍ഡ്' പൈപ്പ്ലൈന്‍ പൂര്‍ണമായും കാനഡയ്ക്കുള്ളിലൂടെയായിരിക്കും കടന്നുപോകുക.

സാര്‍നിയയിലെ മൂന്ന് എണ്ണ റിഫൈനറികളിലേക്കും നാന്റികോക്കിലെ മറ്റൊരു റിഫൈനറിയിലേക്കുമാണ് എണ്ണ എത്തിക്കുക എന്നതാണ് ലക്ഷ്യം.

പാര്‍ലമെന്റ് അംഗം മാരിലിന്‍ ഗ്ലാഡു പദ്ധതിയെ സ്വാഗതം ചെയ്തു. സാര്‍നിയയെ ലക്ഷ്യസ്ഥാനമാക്കി പൂര്‍ണമായും കാനഡയ്ക്കുള്ളിലൂടെ പോകുന്ന പൈപ്പ്ലൈന്‍ നിര്‍മിക്കുന്നത് ദീര്‍ഘകാലമായി കാത്തിരുന്ന വികസന പദ്ധതിയാണെന്ന് അവര്‍ പറഞ്ഞു.

തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും റിഫൈനറികള്‍ക്ക് സ്ഥിരതയുള്ള അസംസ്‌കൃത എണ്ണ വിതരണം ഉറപ്പാക്കുകയും ചെയ്യുമെന്നും അമേരിക്കയിലൂടെ കടന്നുപോകുന്ന ലൈന്‍-5 പൈപ്പ്ലൈനുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളില്‍ നിന്നുള്ള ആശ്രയവും കുറയുമെന്നും അവര്‍ പറഞ്ഞു.

സാര്‍നിയ മേയര്‍ മൈക്ക് ബ്രാഡ്‌ലിയും പദ്ധതിയെ പിന്തുണച്ചു. ഒന്റാറിയോയ്ക്കും ആല്‍ബര്‍ട്ടയ്ക്കും മാത്രമല്ല, മുഴുവന്‍ കാനഡയ്ക്കും വിജയമാണെന്ന് അദ്ദേഹം പറഞ്ഞു.

സാര്‍നിയ- ലാംബ്ടണ്‍ ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പ് സി ഇ ഒ മാത്യു സ്ലോവിന്‍സ്‌കിയുടെ അഭിപ്രായത്തില്‍ പുതിയ പൈപ്പ്ലൈന്‍ കാനഡയുടെ ഊര്‍ജസുരക്ഷ ശക്തിപ്പെടുത്തുകയും വിതരണ ശൃംഖലയിലെ അനിശ്ചിതത്വം കുറയ്ക്കുകയും ചെയ്യും.

സാര്‍നിയ- ലാംബ്ടണ്‍ ചേംബര്‍ ഓഫ് കൊമേഴ്സും പദ്ധതിയെ സ്വാഗതം ചെയ്തു. പ്രദേശത്തെ നിലവിലുള്ള വ്യവസായ അടിസ്ഥാന സൗകര്യങ്ങളും വിദഗ്ധ തൊഴിലാളി ശക്തിയും കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ ഇതിലൂടെ കഴിയുമെന്ന് സംഘടന വിലയിരുത്തി.

അതേസമയം, പദ്ധതിയുടെ സാധ്യതാ പഠനത്തിന് ഇതിനകം 1.1 കോടി കനേഡിയന്‍ ഡോളര്‍ ചെലവഴിച്ചതായി ഒന്റാറിയോ സര്‍ക്കാര്‍ അറിയിച്ചു. പഠന റിപ്പോര്‍ട്ട് ഈ വര്‍ഷാവസാനത്തോടെ പുറത്തുവരുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ അന്തിമ ചെലവും നിര്‍മാണ സമയക്രമവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.