ഡഗ് ഫോര്‍ഡിന്റെ ദിനപരിപാടി ഇനി രഹസ്യം; വിവരാവകാശ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തം

ഡഗ് ഫോര്‍ഡിന്റെ ദിനപരിപാടി ഇനി രഹസ്യം; വിവരാവകാശ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തം


ടൊറന്റോ: ഒന്റാറിയോ പ്രവിശ്യാ പ്രീമിയര്‍ ഡഗ് ഫോര്‍ഡിന്റെ ദൈനംദിന പരിപാടികളുടെ വിവരങ്ങള്‍ ഇനി പൊതുജനങ്ങള്‍ക്ക് ലഭ്യമാകില്ല. മന്ത്രിമാരുടെയും അവരുടെ ഓഫീസുകളുടെയും രേഖകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്ന തരത്തില്‍ ഒന്റാറിയോ സര്‍ക്കാര്‍ വരുത്തിയ പുതിയ ഭേദഗതിയെ തുടര്‍ന്നാണ് ഈ മാറ്റം.

2018ല്‍ അധികാരത്തിലെത്തിയതുമുതല്‍ തന്റെ പൊതുപരിപാടികളുടെ ദിനക്രമം മാധ്യമങ്ങള്‍ക്ക് കൈമാറാതിരുന്ന ഡഗ് ഫോര്‍ഡിന്റെ കലണ്ടര്‍ വിവരങ്ങള്‍, ഇതുവരെ വിവരാവകാശ (എഫ് ഒ ഐ) അപേക്ഷകളിലൂടെയാണ് മാധ്യമങ്ങള്‍ നേടിയിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസം സമര്‍പ്പിച്ച അപേക്ഷ തള്ളിയതോടെയാണ് ഇനി ആ രേഖകള്‍ ലഭ്യമല്ലെന്ന് വ്യക്തമായത്.

ഒന്റാറിയോയുടെ 'ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് പ്രൈവസി ആക്ട്' (എഫ് ഐ പി പി എ) ഭേദഗതി ചെയ്ത് മന്ത്രിമാര്‍, പാര്‍ലമെന്ററി അസിസ്റ്റന്റുമാര്‍, അവരുടെ ഓഫീസുകള്‍ എന്നിവയുടെ രേഖകള്‍ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്ന മാറ്റം മാര്‍ച്ചില്‍ പ്രഖ്യാപിക്കുകയും ഏപ്രില്‍ അവസാനം പ്രാബല്യത്തില്‍ വരികയും ചെയ്തു.

മറ്റ് പ്രവിശ്യകളുമായി താരതമ്യം ചെയ്യുമ്പോള്‍ മന്ത്രിമാരുടെ രേഖകള്‍ക്ക് വ്യക്തമായ സംരക്ഷണം ഇല്ലാത്ത ചുരുക്കം പ്രദേശങ്ങളില്‍ ഒന്നാണ് ഒന്റാറിയോ എന്നതാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്ന കാരണം. എന്നാല്‍ സ്വകാര്യതാ കമ്മിഷണര്‍, പ്രതിപക്ഷ പാര്‍ട്ടികള്‍, സുതാര്യതാ വിദഗ്ധര്‍ എന്നിവര്‍ ഭേദഗതിക്കെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി.

ടൊറന്റോ മെട്രോപൊളിറ്റന്‍ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഫ്രീ എക്‌സ്പ്രഷന്‍ ഡയറക്ടര്‍ ജെയിംസ് ടര്‍ക്ക്, നിലവിലെ നിയമപ്രകാരം തന്നെ മന്ത്രിസഭാ രഹസ്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന സാഹചര്യത്തില്‍ കലണ്ടര്‍ വിവരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയത് ജനാധിപത്യത്തിനെതിരായ അടിസ്ഥാനപരമായ ആക്രമണം ആണെന്ന് വിമര്‍ശിച്ചു.

അദ്ദേഹം പ്രവിശ്യയുടെ പ്രീമിയറാണെന്നും അദ്ദേഹം എന്താണ് ചെയ്യുന്നത്, ആരെയാണ് കാണുന്നത് എന്നറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും മാധ്യമങ്ങള്‍ പൊതുജനങ്ങളുടെ കണ്ണും ചെവിയുമാണെന്നും ഇപ്പോള്‍ അവരുടെ കണ്ണില്‍ മറപിടിക്കുകയാണെന്നും ടര്‍ക്ക് പറഞ്ഞു.

മൂന്ന് പതിറ്റാണ്ടുകളായി വിവരാവകാശ നിയമങ്ങളെക്കുറിച്ച് പഠനം നടത്തുന്ന മാസച്യുസെറ്റ്‌സ് സര്‍വകലാശാലയിലെ പൊതുനയ പ്രൊഫസര്‍ അലസ്‌ദെയര്‍ റോബര്‍ട്‌സും ഭേദഗതിയെ സുതാര്യതയുടെ അടിസ്ഥാനതത്വങ്ങള്‍ക്കെതിരായ നടപടിയെന്ന് വിശേഷിപ്പിച്ചു.

നല്ല വിവരാവകാശ നിയമം ചില വിവരങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെക്കാനുള്ള അവകാശം അംഗീകരിക്കുന്നതോടൊപ്പം അതിന്റെ ശരിയായ സന്തുലനം ഉറപ്പാക്കാന്‍ സ്വതന്ത്രമായ മേല്‍നോട്ട സംവിധാനവും ഉറപ്പാക്കണമെന്നും എന്നാല്‍ ഒന്റാറിയോ സര്‍ക്കാര്‍ ഇപ്പോള്‍ ആ സന്തുലനം പാലിക്കുന്നുണ്ടോ എന്ന് പോലും അറിയാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡഗ് ഫോര്‍ഡിന്റെ കലണ്ടര്‍ വിവരങ്ങള്‍ സ്വമേധയാ പുറത്തുവിടുമോയെന്നും ഭേദഗതിക്ക് പിന്നിലെ കാരണങ്ങളും ചോദിച്ച് മാധ്യമങ്ങള്‍ ഫോര്‍ഡിന്റെ ഓഫീസിനെ സമീപിച്ചെങ്കിലും മറുപടി ലഭിച്ചില്ല. പകരം പൊതുസേവന വിതരണ വകുപ്പ് മന്ത്രി സ്റ്റീഫന്‍ ക്രോഫോര്‍ഡിന്റെ ഓഫീസിലേക്കാണ് ചോദ്യങ്ങള്‍ കൈമാറിയത്.

നാല്പത് വര്‍ഷം പഴക്കമുള്ള നിയമം ഡിജിറ്റല്‍ കാലഘട്ടത്തിന് അനുയോജ്യമായി നവീകരിക്കേണ്ടതിന്റെ ഭാഗമായാണ് ഭേദഗതിയെന്ന് മന്ത്രിയുടെ പ്രസ് സെക്രട്ടറി ജിയുലിയ പൈകിന്‍ ഇ-മെയില്‍ പ്രസ്താവനയില്‍ പറഞ്ഞു. മറ്റ് മിക്ക പ്രവിശ്യകളിലെയും ഫെഡറല്‍ സംവിധാനത്തിലെയും നിയമങ്ങളുമായി ഒന്റാറിയോയെ യോജിപ്പിക്കാനാണ് ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി.

എന്നാല്‍ ഫെഡറല്‍ നിയമം പാശ്ചാത്യ ലോകത്തിലെ ഏറ്റവും രഹസ്യാത്മകമായ സംവിധാനങ്ങളിലൊന്നാണെന്നും ഒന്റാറിയോയില്‍ മുന്‍പ് അത്തരമൊരു അപകടസാധ്യത ഉണ്ടായിരുന്നില്ലെന്നും ജെയിംസ് ടര്‍ക്ക് ചൂണ്ടിക്കാട്ടി.

1980-കളില്‍ മുതല്‍ 2000ത്തിന്റെ തുടക്കം വരെ ലോകമെമ്പാടും സുതാര്യതയ്ക്ക് അനുകൂലമായ പ്രവണത ശക്തമായിരുന്നുവെന്നും പിന്നീട് 9/11 ആക്രമണം, കോവിഡ് മഹാമാരി, അമേരിക്ക- കാനഡ സംഘര്‍ഷം തുടങ്ങിയ പ്രതിസന്ധികളെ ഉപയോഗപ്പെടുത്തി സര്‍ക്കാരുകള്‍ സുതാര്യതാ സംവിധാനങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും പ്രൊഫസര്‍ റോബര്‍ട്‌സ് അഭിപ്രായപ്പെട്ടു.

ജനാധിപത്യത്തില്‍ ഏറ്റവും നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കുന്ന കാലഘട്ടങ്ങളിലാണ് കൂടുതല്‍ സുതാര്യത ആവശ്യമാകുന്നതെന്നും ചരിത്രത്തിലെ ഇത്തരം വഴിത്തിരിവുകളില്‍ സര്‍ക്കാരുകള്‍ക്കുള്ളില്‍ എന്താണ് നടക്കുന്നതെന്ന് ജനങ്ങള്‍ക്ക് അറിയാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.