എഡ്മണ്ടണ്‍: ഭാവിയിലെ മൃഗശാലകളില്‍ മൃഗങ്ങള്‍ തന്നെയില്ലാത്ത അവസ്ഥയിലേക്ക് ലോകം നീങ്ങുമോ എന്ന ചോദ്യത്തിന് വഴിവെച്ച് പുതിയ ചര്‍ച്ചകള്‍. കാനഡയിലെ എഡ്മണ്ടണ്‍ വാലി മൃഗശാലയിലെ 'ലൂസി' എന്ന ആനയുടെ ജീവിതമാണ് ഈ ചര്‍ച്ചയ്ക്ക് വീണ്ടും ചൂടേകുന്നത്.
ഏകദേശം 49 വയസുള്ള ലൂസി, മറ്റൊരു ആനയും കൂടെയില്ലാതെ ഒറ്റയ്ക്കാണ് ദിവസങ്ങള്‍ കഴിക്കുന്നത്. എഡ്മണ്ടന്‍ വാലി മൃദശാലയുടെ വെബ്‌സൈറ്റില്‍ പറയുന്നതനുസരിച്ച് ലൂസിയെ പ്രത്യേക പരിചരണസംഘം ശ്രദ്ധാപൂര്‍വം പരിപാലിക്കുന്നുണ്ടെന്നാണ് അവകാശവാദം.
ശ്രീലങ്കയിലെ ഒരു ആന അനാഥാലയത്തില്‍നിന്ന് 1977ലാണ് ലൂസിയെ മൃഗശാലയിലേക്ക് കൊണ്ടുവന്നത്. അന്ന് രണ്ട് വയസായിരുന്നു പ്രായം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ലൂസി കൂടുതലായും ഒറ്റയ്ക്കാണ് ജീവിച്ചത്.
ആനകളെ തടവില്‍ പാര്‍പ്പിക്കുന്നതിന്റെ യാഥാര്‍ഥ്യങ്ങള്‍ പരിശോധിക്കുന്ന ലൂസി: ദി സ്റ്റോളന്‍ ലൈവ്‌സ് ഓഫ് എലിഫന്റ്‌സ് എന്ന ഡോക്യുമെന്ററിയും ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. മൃഗക്ഷേമ പ്രവര്‍ത്തകരുടെയും മുന്‍ മൃഗശാല ജീവനക്കാരുടെയും അഭിമുഖങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചിത്രം ഭാവിയില്‍ ആനകളെ മൃഗശാലകളില്‍ പാര്‍പ്പിക്കുന്ന രീതി പൂര്‍ണമായും അവസാനിപ്പിക്കേണ്ട സമയമായെന്ന വാദമാണ് മുന്നോട്ടുവയ്ക്കുന്നത്.
എലിഫന്റ് വോയ്‌സ് സഹസ്ഥാപക ജോയ്‌സ് പൂലെയുടെ അഭിപ്രായത്തില്‍ വന്യജീവിതത്തില്‍ ആനകള്‍ക്ക് സങ്കീര്‍ണമായ സാമൂഹിക ബന്ധങ്ങളുണ്ട്. ഭക്ഷണം തേടല്‍, കൂട്ടുകാരെ കണ്ടെത്തല്‍, വെള്ളം അന്വേഷിക്കല്‍ തുടങ്ങിയവയാണ് അവയുടെ സ്വാഭാവിക ജീവിതരീതി.
വനത്തില്‍ ആനകള്‍ക്ക് ലക്ഷ്യബോധമുള്ള ജീവിതമുണ്ടെങ്കിലും തടവില്‍ അവയ്ക്ക് ചെയ്യാന്‍ ഒന്നുമില്ലെന്നും പോകാന്‍ ഇടമില്ലെന്നും പുതിയവരെ കാണാനും കഴിയില്ലെന്നും പൂല്‍ പറയുന്നു.
അതേസമയം, ലൂസിക്ക് ദിവസേന നടത്തവും മാനസിക ഉത്തേജനവും നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നുണ്ടെന്നാണ് എഡ്മണ്ടണ്‍ വാലി മൃഗശാലയുടെ വിശദീകരണം.
കാനഡയില്‍ ആനകളെയും വലിയ കുരങ്ങുകളെയും തടവില്‍ പാര്‍പ്പിക്കുന്ന രീതി ഘട്ടംഘട്ടമായി അവസാനിപ്പിക്കാനായിരുന്നു ജെയ്ന്‍ ഗുഡാള്‍ ആക്ട് എന്നറിയപ്പെടുന്ന ബില്‍ എസ്-15 ലക്ഷ്യമിട്ടിരുന്നത്. 2024ല്‍ സെനറ്റില്‍ പാസായ ബില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടതോടെ മുന്നോട്ടുപോയില്ല.
ഇതിനിടെ, മൃഗശാലകളെ പുതിയ രീതിയില്‍ പുനര്‍വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലും ആരംഭിച്ചിട്ടുണ്ട്. 2016ല്‍ അര്‍ജന്റീനയിലെ ബ്യൂണസ് അയറിസ് സര്‍ക്കാര്‍ 140 വര്‍ഷത്തെ പഴക്കമുള്ള മൃഗശാല അടച്ച് മിക്ക മൃഗങ്ങളെയും സംരക്ഷണകേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ തീരുമാനിച്ചു.
ഇന്ന് ആ സ്ഥലം ബ്യൂണസ് അയറിസ് എക്കോ പാര്‍ക്ക് എന്ന പേരില്‍ പരിസ്ഥിതി ബോധവത്ക്കരണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. അര്‍ജന്റീനയുടെയും ലോകത്തിന്റെയും ജൈവവൈവിധ്യത്തെക്കുറിച്ചും വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സാങ്കേതിക സംവിധാനങ്ങളിലൂടെ സന്ദര്‍ശകര്‍ക്ക് ഇവിടെ പരിചയപ്പെടുത്തുന്നു.
ഫൗണ്ടേഷന്‍ ഫ്രാന്‍സ് വെബെറിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ തോമസ് സിയോല്ല പറയുന്നതനുസരിച്ച് മൃഗങ്ങളെ നേരിട്ട് പ്രദര്‍ശിപ്പിക്കാതെ തന്നെ ജൈവവൈവിധ്യത്തെക്കുറിച്ച് ജനങ്ങളെ പഠിപ്പിക്കാനാകും. സാങ്കേതികവിദ്യയും ഇന്ററാക്ടീവ് അനുഭവങ്ങളും ഉപയോഗിച്ച് പുതിയ രീതിയില്‍ കാര്യങ്ങള്‍ ചെയ്യേണ്ട സമയം എത്തിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
ഇക്കോ പാര്‍ക്കിലുണ്ടായിരുന്ന ആഫ്രിക്കന്‍ ആനകളായ 'കുക്കി', 'പ്യൂപി' എന്നിവയെ ബ്രസീലിലെ ആന സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നടപടികളും പുരോഗമിച്ചിരുന്നു. 2024ല്‍ കുക്കി മരിച്ചെങ്കിലും പ്യൂപിയെ പുതിയ ആവാസകേന്ദ്രത്തിലേക്ക് മാറ്റുന്ന നടപടികള്‍ തുടരുകയാണ്.
അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ അര്‍ജന്റീന പൂര്‍ണമായും തടവിലുള്ള ആനകളില്ലാത്ത രാജ്യമാകുമെന്നാണ് പ്രതീക്ഷയെന്നും സിയോല്ല പറഞ്ഞു.
