ആല്‍ബര്‍ട്ട വിട്ടുപോവുകയാണെങ്കില്‍ പെന്‍ഷനും പാസ്‌പോര്‍ട്ടുമൊക്കെ എന്താകുമെന്ന ചോദ്യമുയര്‍ത്തി സംവാദം

ആല്‍ബര്‍ട്ട വിട്ടുപോവുകയാണെങ്കില്‍ പെന്‍ഷനും പാസ്‌പോര്‍ട്ടുമൊക്കെ എന്താകുമെന്ന ചോദ്യമുയര്‍ത്തി സംവാദം


കാല്‍ഗറി: ആല്‍ബര്‍ട്ട പ്രവിശ്യ സ്വതന്ത്ര രാഷ്ട്രമാകുകയാണെങ്കില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന കനേഡിയന്‍ പെന്‍ഷന്‍ നഷ്ടമാകുമോ,  നിലവിലുള്ള കനേഡിയന്‍ പാസ്പോര്‍ട്ടുകള്‍ അസാധുവാകുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ പോലും ഇപ്പോള്‍ ആല്‍ബര്‍ട്ടയില്‍ കടുത്ത തര്‍ക്കവിഷയമായിരിക്കുകയാണ്.

ഒക്ടോബറില്‍ നടക്കാനിരിക്കുന്ന സ്വാതന്ത്ര്യ ഹിതപരിശോധനയ്ക്ക് മുന്നോടിയായി സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്നവരും കാനഡയുമായി ഐക്യം നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നവരും പരസ്പരം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ആരോപിക്കുന്നു.

സ്വാതന്ത്ര്യ അനുകൂല പ്രവര്‍ത്തക വെന്‍ഡി ഫിറ്റ്‌സ്പാട്രിക്കിന്റെ അഭിപ്രായത്തില്‍, ഒപ്പുശേഖരണത്തിനിടെ മുതിര്‍ന്ന പൗരന്മാര്‍ ഏറ്റവും കൂടുതല്‍ ആശങ്ക പ്രകടിപ്പിച്ചത് പെന്‍ഷനെക്കുറിച്ചായിരുന്നു.

കനേഡിയന്‍ പെന്‍ഷന്‍ പദ്ധതിയെയും വാര്‍ധക്യകാല പെന്‍ഷനെയും കുറിച്ച് പല മുതിര്‍ന്നവര്‍ക്കും തെറ്റായ ധാരണയുണ്ടെന്നും ആല്‍ബര്‍ട്ട വേര്‍പിരിഞ്ഞാല്‍ പെന്‍ഷന്‍ നഷ്ടമാകുമെന്ന് അവര്‍ കരുതുന്നതായും ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്താനാവില്ലെന്നും ഫിറ്റ്‌സ്പാട്രിക്ക് പറഞ്ഞു.

158 വര്‍ഷം പഴക്കമുള്ള ഒരു രാജ്യത്തെ വിഭജിക്കുന്ന പ്രക്രിയ അതീവ സങ്കീര്‍ണമാകുമെന്നതിനാല്‍ നിരവധി ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ വ്യക്തമായ ഉത്തരങ്ങളില്ലെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.

സ്വാതന്ത്ര്യ അനുകൂല സംഘടനയായ 'ലെറ്റ്‌സ് ടോക്ക് ആല്‍ബര്‍ട്ട' സംഘടിപ്പിച്ച പരിപാടികളിലും കാനഡയുമായി തുടരണമെന്ന നിലപാടുള്ളവരുടെ സംഗമങ്ങളിലും പങ്കെടുത്ത് ഇരുവിഭാഗത്തിന്റെയും ആശങ്കകള്‍ സി ബി സി ന്യൂസ് രേഖപ്പെടുത്തി.

ബ്രൂക്‌സിന് സമീപം നടന്ന സ്വാതന്ത്ര്യ അനുകൂലികളുടെ യോഗത്തില്‍ പെന്‍ഷന്‍ വിഷയമാണ് പ്രധാന ചര്‍ച്ചയായത്. ആല്‍ബര്‍ട്ടയിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങള്‍ സമ്പാദിച്ച പെന്‍ഷന്‍ ലഭിക്കാനുള്ള അവകാശമുണ്ടെന്നും അത് ആരും എടുത്തുകളയാനാവില്ലെന്നും പലരും അഭിപ്രായപ്പെട്ടു.

പാസ്പോര്‍ട്ട് വിഷയത്തിലും സമാനമായ വാദങ്ങളാണ് ഉയര്‍ന്നത്. മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കുന്നവര്‍ക്ക് നിലവില്‍ കനേഡിയന്‍ പാസ്പോര്‍ട്ട് ഉപേക്ഷിക്കേണ്ട സാഹചര്യമില്ലെങ്കില്‍, ഭാവിയില്‍ ആല്‍ബര്‍ട്ടയുടെ പൗരത്വം ലഭിക്കുന്നവരുടെ കാര്യത്തിലും വ്യത്യാസമുണ്ടാകില്ലെന്നാണ് സ്വാതന്ത്ര്യ അനുകൂലികളുടെ നിലപാട്.

അതേസമയം, സ്വാതന്ത്ര്യം ആല്‍ബര്‍ട്ടയ്ക്ക് സാമ്പത്തിക പുരോഗതിയും മെച്ചപ്പെട്ട ജീവിതനിലവാരവും ഉറപ്പുനല്‍കുമെന്ന വാദം യാഥാര്‍ഥ്യവിരുദ്ധമാണെന്ന് കാനഡ അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നു.

കാല്‍ഗറിയില്‍ നടന്ന 'ഫോറെവര്‍ കനേഡിയന്‍' പരിപാടിയില്‍ പങ്കെടുത്തവര്‍ പറയുന്നതനുസരിച്ച്, കടലുമായി നേരിട്ട് ബന്ധമില്ലാത്ത ആല്‍ബര്‍ട്ടയ്ക്ക് സ്വതന്ത്ര രാജ്യമെന്ന നിലയില്‍ എണ്ണ- വാതക മേഖല വികസിപ്പിക്കുകയോ നികുതി കുറയ്ക്കുകയോ ചെയ്യുക എളുപ്പമല്ല. പുതിയ രാജ്യം സ്ഥാപിക്കുന്നതിനുള്ള വന്‍ സാമ്പത്തിക ബാധ്യതകളും പ്രവിശ്യ നേരിടേണ്ടിവരും.

വേര്‍പിരിയല്‍ എണ്ണ- വാതക മേഖലയ്ക്ക് കൂടുതല്‍ ദോഷം ചെയ്യുമെന്നും സ്വതന്ത്ര ആല്‍ബര്‍ട്ടയ്ക്ക് പുതിയ പൈപ്പ്ലൈന്‍ പദ്ധതികള്‍ യാഥാര്‍ഥ്യമാകാന്‍ സാധ്യത കുറവാണെന്നും ഒരു കാനഡ അനുകൂലി അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യവാദത്തിന്റെ സാമ്പത്തികവും വൈകാരികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് മതിയായ പഠനം നടത്താതെയാണ് പലരും നിലപാടുകള്‍ സ്വീകരിക്കുന്നതെന്നും മറ്റുചിലര്‍ ചൂണ്ടിക്കാട്ടി.

കാനഡ അനുകൂല പ്രവര്‍ത്തക ടാമി സാവേജ് പറയുന്നതനുസരിച്ച്, ആരോഗ്യ- വിദ്യാഭ്യാസ മേഖലകളില്‍ ആല്‍ബര്‍ട്ടയ്ക്ക് ഫെഡറല്‍ സര്‍ക്കാരില്‍ നിന്ന് കാര്യമായ ധനസഹായം ലഭിക്കുന്നുണ്ട്.

ആല്‍ബര്‍ട്ടയ്ക്ക് എപ്പോഴും അനീതി മാത്രമേ ലഭിക്കുന്നുള്ളൂവെന്ന വാദം ഉയരുന്നുണ്ടെങ്കിലും എല്ലാ വസ്തുതകളും പരിഗണിക്കപ്പെടുന്നില്ലെന്നും ആരോഗ്യ മേഖലയ്ക്കും വിദ്യാഭ്യാസത്തിനും ഗണ്യമായ സഹായം ലഭിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

അതേസമയം, സ്വാതന്ത്ര്യത്തിനുള്ള പിന്തുണ വ്യാപകമാണെന്ന ധാരണയും തെറ്റാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 70 ശതമാനത്തോളം ആളുകളും വേര്‍പിരിയലിനെ പിന്തുണയ്ക്കുന്നില്ല. സ്വാതന്ത്ര്യവാദികളില്‍ പലരും യഥാര്‍ഥത്തില്‍ കൂടുതല്‍ മികച്ച ഫെഡറല്‍ പരിഗണനയാണ് ആഗ്രഹിക്കുന്നതെന്ന് ആല്‍ബര്‍ട്ട സ്വദേശി ലെയ്ന്‍ സെബാസ്റ്റ്യന്‍ പറഞ്ഞു.

സ്വാതന്ത്ര്യ അനുകൂല സംഘടനയുടെ സംഘാടകനായ ക്രിസ് സ്‌കോട്ടിന്റെ അഭിപ്രായത്തില്‍, സാമ്പത്തിക നേട്ടങ്ങള്‍ മാത്രമല്ല പലരെയും ഈ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്നത്. സ്വയം നിര്‍ണയത്തെക്കുറിച്ചാണെന്നും തങ്ങളുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങള്‍ തങ്ങള്‍ക്ക് തന്നെ എടുക്കാനുള്ള അവകാശത്തെക്കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യവാദികള്‍ വംശീയവാദികളാണെന്ന ആരോപണവും തെറ്റാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. ചിലിയില്‍ നിന്ന് കാനഡയിലേക്ക് കുടിയേറിയ മാക്‌സ് ഡയസിന്റെ അഭിപ്രായത്തില്‍, സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ നിരവധി കുടിയേറ്റക്കാരും സജീവമായി പങ്കെടുക്കുന്നുണ്ട്.

അതേസമയം, ആല്‍ബര്‍ട്ട സ്വതന്ത്രമായാല്‍ അമേരിക്കയുടെ ഭാഗമാകുമെന്ന പ്രചാരണവും അടിസ്ഥാനരഹിതമാണെന്ന് പ്രസ്ഥാന നേതാക്കളില്‍ ഒരാളായ ഷെയ്ന്‍ മൈക്കിള്‍ അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരില്‍ വളരെ ചെറിയൊരു വിഭാഗം മാത്രമാണ് അമേരിക്കയുമായി ലയിക്കണമെന്ന് ആഗ്രഹിക്കുന്നത്. ഒരു ഫെഡറല്‍ ഭരണകൂടത്തിന് പകരം മറ്റൊന്നിന്റെ കീഴിലാകാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഹിതപരിശോധനയ്ക്ക് മുന്നോടിയായി പെന്‍ഷന്‍, പാസ്പോര്‍ട്ട്, സമ്പദ്വ്യവസ്ഥ, ദേശീയ തിരിച്ചറിയല്‍ തുടങ്ങിയ വിഷയങ്ങള്‍ ആല്‍ബര്‍ട്ടയിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.