ഒട്ടാവ: കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ പരിസ്ഥിതി നയങ്ങളിലെ ഇളവുകളെതിരെ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രതിഷേധം ശക്തമാകുന്നു. പരിസ്ഥിതി സംരക്ഷണ നടപടികളില്‍ പിന്നോട്ടുപോക്കുണ്ടാകുന്നുവെന്ന ആശങ്ക ഉയര്‍ത്തി 14 ലിബറല്‍ എം പിമാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.
പരിസ്ഥിതി വിഷയങ്ങളില്‍ തുറന്ന വിമര്‍ശനം ഉന്നയിക്കുന്ന ലിബറല്‍ എം പി സ്റ്റീവന്‍ ഗില്‍ബോ മാത്രമല്ല, പാര്‍ട്ടിയിലെ കൂടുതല്‍ അംഗങ്ങള്‍ക്കും കാര്‍ണിയുടെ സമീപനത്തില്‍ അതൃപ്തിയുണ്ടെന്ന സൂചനയാണ് പുതിയ കത്ത് നല്‍കുന്നത്.
കഴിഞ്ഞ ആഴ്ച ആല്‍ബര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്തുമായി കാര്‍ണി ഒപ്പുവെച്ച പുതിയ കരാറിലാണ് വിവാദം ശക്തമായത്. ഈ കരാറിന്റെ അടിസ്ഥാനത്തില്‍ പശ്ചിമ തീരത്തേക്കുള്ള എണ്ണ പൈപ്പ്ലൈന്‍ നിര്‍മാണം 2027 സെപ്റ്റംബറോടെ ആരംഭിക്കാനിടയുണ്ട്. കൂടാതെ ആല്‍ബര്‍ട്ടയിലെ വ്യാവസായിക കാര്‍ബണ്‍ നികുതി വര്‍ധിപ്പിക്കുന്ന പദ്ധതിയും കരാറിലുണ്ട്. എന്നാല്‍ മുന്‍പ് നിശ്ചയിച്ചിരുന്നതിനെക്കാള്‍ മന്ദഗതിയിലായിരിക്കും ഇത് നടപ്പാക്കുക.
കരാര്‍ ഒപ്പുവെക്കുന്നതിന് മുമ്പ് ഏപ്രില്‍ അവസാനത്തോടെയാണ് 14 എം പിമാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചതോടൊപ്പം നിലവിലെ സാഹചര്യത്തെക്കുറിച്ചുള്ള അവരുടെ ആശങ്കകളും കത്തില്‍ രേഖപ്പെടുത്തിയിരുന്നു.
കത്തില്‍ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും എം പിമാര്‍ തങ്ങളുടെ പേരുകള്‍ പരസ്യമാക്കാന്‍ താത്പര്യപ്പെട്ടില്ല. സര്‍ക്കാരുമായി ഏറ്റുമുട്ടലല്ല, നിര്‍മാണാത്മകവും മാന്യവുമായ ഇടപെടലാണ് ലക്ഷ്യമെന്നാണ് അവരുടെ നിലപാട്.
സര്‍ക്കാരിന്റെ വിശ്വാസ്യതയ്ക്ക് ഗുരുതരമായ തിരിച്ചടി ഉണ്ടാകുമെന്ന ആശങ്ക തങ്ങള്‍ക്കിപ്പോഴും ശക്തമാണെന്ന് റേഡിയോ കാനഡയ്ക്ക് ലഭിച്ച കത്തില്‍ എം പിമാര്‍ ചൂണ്ടിക്കാട്ടി.
ക്യൂബെക്കും ബ്രിട്ടീഷ് കൊളംബിയയും ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എം പിമാരാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.
ആല്‍ബര്‍ട്ടയ്ക്ക് നല്‍കുന്ന ഇളവുകളെ പരാമര്‍ശിച്ചുകൊണ്ട് ശുദ്ധ വൈദ്യുതി ചട്ടങ്ങള്‍ക്ക് പിന്തുണ തുടരണം എന്ന ആവശ്യം എം പിമാര്‍ ആവര്‍ത്തിച്ചു. കാലാവസ്ഥാ വ്യതിയാനം നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ ഭീഷണിയാണെന്ന് എന്നും കത്തില്‍ പറയുന്നു.
അതേസമയം, വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല.
ഇതിനിടെ, കാലാവസ്ഥാ വിഷയങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുന്ന ലിബറല്‍ അംഗങ്ങളെ തുറന്ന നിലപാട് എടുക്കാന്‍ പ്രേരിപ്പിക്കാനാണ് ബ്ലോക്ക് ക്യൂബെക്കോയിസ് പാര്‍ട്ടിയുടെ നീക്കം. വേനല്‍ക്കാല അവധിക്ക് മുമ്പുള്ള പാര്‍ലമെന്റ് സമ്മേളനത്തിന്റെ ശേഷിക്കുന്ന ദിവസങ്ങള്‍ ഇതിനായി ഉപയോഗിക്കുമെന്ന് ബ്ലോക്ക് എം പി പാട്രിക് ബോണിന്‍ പറഞ്ഞു.
കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്ക അവസാനിച്ചിട്ടില്ലെന്നും അതിനെക്കുറിച്ച് സംസാരിക്കുന്നവരുടെ ശബ്ദം പാര്‍ലമെന്റില്‍ ഉയര്‍ന്നുവരണമെന്നും ഉറപ്പാക്കാന്‍ ലഭ്യമായ എല്ലാ പാര്‍ലമെന്ററി മാര്‍ഗങ്ങളും ഉപയോഗിക്കുമെന്നും അദ്ദേഹം ഫ്രഞ്ച് അഭിമുഖത്തില്‍ പറഞ്ഞു.
കാര്‍ണിയുടെയും ഡാനിയേല്‍ സ്മിത്തിന്റെയും ആദ്യ ധാരണാപത്രത്തിന് പിന്നാലെ മന്ത്രിസഭയില്‍നിന്ന് പുറത്തായ സ്റ്റീവന്‍ ഗില്‍ബോ മാത്രമാണ് ഇതുവരെ പരസ്യമായി വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുള്ളത്. ആല്‍ബര്‍ട്ടയിലെ പൈപ്പ്ലൈന്‍ പദ്ധതിക്കായി നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പരിസ്ഥിതി ചട്ടങ്ങള്‍ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങളെയാണ് അദ്ദേഹം വിമര്‍ശിച്ചത്.
കൂടുതല്‍ ലിബറല്‍ അംഗങ്ങള്‍ പരസ്യമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാട്രിക് ബോണിന്‍ പറഞ്ഞു.
എണ്ണ- വാതക കമ്പനികളുടെ അജണ്ട നടപ്പാക്കാനല്ല ജനങ്ങള്‍ തെരഞ്ഞെടുത്തതെന്ന് തുറന്നുപറയാന്‍ ലിബറല്‍ പാര്‍ട്ടിക്കുള്ളില്‍ ആളുകള്‍ മുന്നോട്ടുവരുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ബ്ലോക്കിന്റെ പരിസ്ഥിതി നിരീക്ഷകന്‍ കൂടിയായ ബോണിന്‍ കൂട്ടിച്ചേര്‍ത്തു.
