ബജിങ്: ചൈനയും കാനഡയും തമ്മിലുള്ള വ്യാപാരബന്ധങ്ങളില്‍ പുതുചുവടുവെപ്പ് പ്രഖ്യാപിച്ച് പരസ്പര തീരുവ ഇളവുകള്‍ക്ക് ധാരണയിലെത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും തമ്മില്‍ നടത്തിയ നിര്‍ണായക കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഇരു രാജ്യങ്ങളും ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ സൂചന നല്‍കിയത്. ലോകം ഗണ്യമായി മാറിയിരിക്കുന്നു എന്ന് കാര്‍ണി വ്യക്തമാക്കുകയും ചൈന- കാനഡ പങ്കാളിത്തം ഒരു പുതിയ ലോകക്രമത്തിലേക്ക് ഇരു രാജ്യങ്ങളെയും നയിക്കുമെന്നും അഭിപ്രായപ്പെട്ടു.
കരാറിന്റെ ഭാഗമായി 2026 മാര്‍ച്ച് ഒന്നിനകം കാനഡയില്‍ നിന്നുള്ള കടുകെണ്ണയ്ക്ക് ചൈന ഈടാക്കുന്ന തീരുവ 85 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറയ്ക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഏറ്റവും അനുകൂല രാഷ്ട്ര നിരക്കായ 6.1 ശതമാനം തീരുവ ചുമത്താന്‍ ഒട്ടാവ സമ്മതിച്ചതായി പ്രധാനമന്ത്രി കാര്‍ണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വര്‍ഷങ്ങളായി നിലനിന്നിരുന്ന സംഘര്‍ഷങ്ങളും പ്രതികാര തീരുവകളും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒട്ടാവ- ബീജിങ് കരാര്‍. ഏകദേശം ഒരു ദശാബ്ദത്തിന് ശേഷം ചൈന സന്ദര്‍ശിക്കുന്ന ആദ്യ കാനഡ നേതാവായ കാര്‍ണിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ബന്ധങ്ങളില്‍ ഉണ്ടായ 'വലിയ തിരിച്ചുവരവ്' ഷി ജിന്‍പിംഗ് പ്രശംസിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടയ്ക്കിടെ മാറുന്ന തീരുവ നയങ്ങള്‍ മൂലം വ്യാപാര അനിശ്ചിതത്വം വര്‍ധിച്ചതിനുശേഷം കാനഡയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ യു എസിനുള്ള ആശ്രയം കുറച്ച് വ്യാപാരം വൈവിധ്യമാക്കാനുള്ള ശ്രമത്തിലാണ് കാര്‍ണി. അമേരിക്കയുടെ താത്പര്യങ്ങള്‍ക്ക് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതാണ് ഈ കരാര്‍. കാരണം ഇതിലൂടെ യു എസിന്റെ അതിര്‍ത്തിക്കടുത്തായ കാനഡയില്‍ കൂടുതല്‍ ചൈനീസ് നിക്ഷേപങ്ങള്‍ക്ക് വഴിയൊരുങ്ങും.
ട്രംപിന്റെ തീരുവ നയങ്ങളാണ് ഈ കരാറിലേക്ക് നയിച്ചതെന്ന് കാര്‍ണി സൂചിപ്പിച്ചു. അതുവഴി യു എസിന്റെ ഒരു പ്രധാന സഖ്യകക്ഷി അതിന്റെ ഏറ്റവും വലിയ എതിരാളിയിലേക്കാണ് അടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബീജിങുമായുള്ള ചര്‍ച്ചകള്‍ 'പരസ്പര ബഹുമാനത്തോടെയും യാഥാര്‍ഥ്യബോധത്തോടെയും' നടന്നുവെന്നും കാര്‍ണി വ്യക്തമാക്കി. മനുഷ്യാവകാശ വിഷയങ്ങളും തെരഞ്ഞെടുപ്പ് ഇടപെടലിനെക്കുറിച്ചുള്ള ആശങ്കകളും ഉള്‍പ്പെടെ കാനഡയുടെ 'റെഡ് ലൈനുകള്‍' ഷി ജിന്‍പിംഗിനോട് വ്യക്തമായി അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകം ഗണ്യമായി മാറിയിരിക്കുന്നു; വരാനിരിക്കുന്ന ദശാബ്ദങ്ങളിലെ നമ്മുടെ ഭാവി രൂപപ്പെടുത്തുന്ന തരത്തില്‍ കാനഡ നിലയുറപ്പിക്കുകയാണ് ലക്ഷ്യം, കാര്‍ണി പറഞ്ഞു. ചൈന- കാനഡ പങ്കാളിത്തം ഇരു രാജ്യങ്ങളെയും ഒരു പുതിയ ലോകക്രമത്തിനായി തയ്യാറാക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗ്രേറ്റ് ഹാള്‍ ഓഫ് ദി പീപ്പിളില്‍ പ്രതിനിധി സംഘങ്ങള്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍, ചൈന- കാനഡ ബന്ധങ്ങളുടെ ആരോഗ്യകരവും സ്ഥിരതയുള്ളതുമായ വികസനം ലോക സമാധാനത്തിനും സ്ഥിരതക്കും വികസനത്തിനും സമൃദ്ധിക്കും സഹായകരമാണ് എന്ന് ഷി ജിന്‍പിംഗ് പറഞ്ഞു.
2024ല്‍ ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കാനഡ 100 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. യുഎസിന്റെ സമാന നടപടികള്‍ക്ക് പിന്നാലെയായിരുന്നു ഇത്. പ്രതികാരമായി ബീജിങ് കടുക് വിത്തും എണ്ണയും ഉള്‍പ്പെടെ 2 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള കാനഡന്‍ കൃഷി- ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തി. ഇതിന്റെ ഫലമായി 2025ല്‍ കാനഡ ഉത്ന്നങ്ങളുടെ ചൈനയിലേക്കുള്ള കയറ്റുമതി 10 ശതമാനം കുറഞ്ഞു.
കരാര്‍ പ്രകാരം 6.1 ശതമാനം തീരുവ നിരക്കില്‍ 49,000 ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കാനഡ വിപണിയില്‍ പ്രവേശനം അനുവദിക്കും. കുറഞ്ഞ വിലയുള്ള ചൈനീസ് ഇലക്ട്രിക്ക് വാഹനങ്ങള്‍ വലിയ തോതില്‍ വിപണിയില്‍ കടന്നുകയറുമെന്ന കാനഡ വാഹന നിര്‍മാതാക്കളുടെ ആശങ്ക കണക്കിലെടുത്താണ് ഈ പരിധി നിശ്ചയിച്ചതെന്ന് അറിയിച്ചു.
ചൈന സന്ദര്‍ശനത്തിന് മുമ്പ് ആഗോള വ്യാപാര അട്ടിമറികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ മത്സരക്ഷമവും സുസ്ഥിരവും സ്വതന്ത്രവുമായ സമ്പദ്വ്യവസ്ഥ നിര്‍മ്മിക്കുന്നതിലേക്കാണ് കാനഡയുടെ ശ്രദ്ധയെന്ന് കാര്‍ണി വ്യക്തമാക്കിയിരുന്നു.
