ഒട്ടാവ: ചൈനയുമായി ബന്ധപ്പെട്ട വിദേശ ഇടപെടല്‍ കേസില്‍ കാനഡയിലെ മുന്‍ ഫെഡറല്‍ സര്‍ക്കാര്‍ ശാസ്ത്രജ്ഞനെതിരെ ഗുരുതര ആരോപണങ്ങള്‍. ഫെഡറല്‍ വകുപ്പിന്റെ പങ്കിട്ട സര്‍വറില്‍ നിന്ന് 2,400-ലധികം രേഖകള്‍ പകര്‍ത്തി ചൈനയ്ക്ക് കൈമാറാന്‍ ശ്രമിച്ചെന്നാണ് ഡെന്നിസ് ലു (65) എന്ന മുന്‍ ഉദ്യോഗസ്ഥനെതിരായ ആരോപണം.
കാനഡയുടെ പ്രകൃതിവിഭവ മന്ത്രാലയത്തിന് കീഴിലുള്ള സെന്റര്‍ ഫോര്‍ മിനറല്‍ ആന്‍ഡ് എനര്‍ജി ടെക്‌നോളജിയില്‍ പതിറ്റാണ്ടുകളോളം ശുദ്ധ ഊര്‍ജം, കാര്‍ബണ്‍ ക്യാപ്ചര്‍, ഡീകാര്‍ബണൈസേഷന്‍ എന്നീ മേഖലകളില്‍ ഗവേഷകനായി പ്രവര്‍ത്തിച്ചിരുന്ന ലുവിനെ 2023 ഓഗസ്റ്റില്‍ വിരമിക്കാനിരുന്ന ആഴ്ചയിലാണ് സര്‍വീസില്‍ നിന്ന് പുറത്താക്കിയത്.
ഫെഡറല്‍ ചുമതലകളുമായി ബന്ധപ്പെട്ട വിശ്വാസലംഘനം, അനുമതിയില്ലാതെ കമ്പ്യൂട്ടര്‍ ഉപയോഗിക്കല്‍ എന്നീ കുറ്റങ്ങള്‍ ഉള്‍പ്പെടെ മൂന്ന് കുറ്റങ്ങളാണ് ലുവിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിന്റെ വിചാരണ അടുത്ത വര്‍ഷം ഒട്ടാവയില്‍ നടക്കും.
2023-ല്‍ തായ്വാനും ചൈനയും സന്ദര്‍ശിക്കാന്‍ അവധിയെടുത്ത കാലം മുതല്‍ 2024-ല്‍ അറസ്റ്റിലാകുന്നതുവരെയുള്ള സംഭവങ്ങളാണ് കേസിന് ആധാരം. സര്‍ക്കാര്‍ സേവനം അവസാനിപ്പിച്ച ശേഷം ഏകദേശം ഒരു വര്‍ഷത്തോളം ലു ചൈനയില്‍ താമസിച്ചിരുന്നതായും അന്വേഷണ രേഖകളില്‍ പറയുന്നു.
കോടതി രേഖകള്‍ പ്രകാരം ലു പകര്‍ത്തിയ രേഖകള്‍ യഥാര്‍ഥത്തില്‍ ചൈനയ്ക്ക് കൈമാറിയെന്നതിന് വ്യക്തമായ തെളിവുകളില്ല. എന്നാല്‍, ഒട്ടാവയിലെ അദ്ദേഹത്തിന്റെ വസതിയില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളില്‍ ചൈനീസ് കമ്പനികള്‍, സര്‍വകലാശാലകള്‍, ഗവേഷകര്‍ എന്നിവരുമായി ബന്ധപ്പെട്ട ബന്ധങ്ങളുടെയും തൊഴില്‍ ഇടപാടുകളുടെയും തെളിവുകള്‍ കണ്ടെത്തിയതായും പ്രകൃതിവിഭവ മന്ത്രാലയത്തിന്റെ ആഭ്യന്തര ചട്ടങ്ങള്‍ക്ക് വിരുദ്ധമായ ഇത്തരം ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ രേഖകള്‍ ചൈനയുമായി പങ്കിടാനായിരുന്നു ലുവിന്റെ ഉദ്ദേശ്യമെന്നാണ് പ്രോസിക്യൂഷന്റെ വാദമെന്നും കോടതി രേഖകള്‍ വ്യക്തമാക്കുന്നു.
അതേസമയം, ലുവിനെതിരായ ആരോപണങ്ങള്‍ ഇതുവരെ കോടതിയില്‍ തെളിയിക്കപ്പെട്ടിട്ടില്ല.
കാനഡയുടെ സുരക്ഷാ- രഹസ്യാന്വേഷണ ഏജന്‍സിയായ സി എസ് ഐ എസ് 2000 മുതല്‍ 2021 വരെയുള്ള കാലയളവില്‍ കുറഞ്ഞത് മൂന്ന് തവണയെങ്കിലും ലുവിനെക്കുറിച്ച് പ്രകൃതിവിഭവ മന്ത്രാലയത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കോടതി രേഖകളില്‍ പറയുന്നു.
2021 ഫെബ്രുവരിയില്‍ മന്ത്രാലയത്തിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ക്ക് നല്‍കിയ അവസാന മുന്നറിയിപ്പിനെ തുടര്‍ന്ന് 2023 ജനുവരിയില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ലുവിന്റെ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ പ്രത്യേക കീവേഡുകള്‍ ഉപയോഗിച്ച് പരിശോധിക്കുകയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളുണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു.
2023 ഫെബ്രുവരിയില്‍ അവധിയെടുത്ത് വിദേശത്തേക്ക് പോയ ലു, മാര്‍ച്ചില്‍ അതേ വര്‍ഷം ഓഗസ്റ്റില്‍ വിരമിക്കുമെന്ന് മേലധികാരിയെ അറിയിച്ചതായും രേഖകളിലുണ്ട്.
ചൈനയില്‍ താമസിക്കുന്നതിനിടെ ഔദ്യോഗിക ഇ-മെയില്‍ അക്കൗണ്ടില്‍ നിന്ന് വ്യക്തിഗത ഇ-മെയിലിലേക്ക് ഏകദേശം 2,000 ഇ-മെയിലുകള്‍ അയച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി.
2023 ജൂണില്‍ മന്ത്രാലയം ലുവിന്റെ ഔദ്യോഗിക ഇ-മെയില്‍, സര്‍വര്‍ ആക്‌സസ് എന്നിവ റദ്ദാക്കിയെങ്കിലും വിരമിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി പിന്നീട് അത് പുനഃസ്ഥാപിച്ചു.
2,400-ലധികം രേഖകള്‍ പകര്‍ത്തിയെന്ന് ആരോപണം
2023 ജൂലൈ 7-ന് മന്ത്രാലയത്തിന്റെ പങ്കിട്ട സര്‍വറില്‍ നിന്ന് 2,414 രേഖകളും ഓഗസ്റ്റ് 9-ന് മറ്റൊരു 188 രേഖകളും ബാഹ്യ ഉപകരണങ്ങളിലേക്ക് പകര്‍ത്തിയെന്നാണ് ആരോപണം.
ഓഗസ്റ്റ് 17-ന് ഇതുസംബന്ധിച്ച് മന്ത്രാലയ ഉദ്യോഗസ്ഥര്‍ ലുവിനെ ചോദ്യം ചെയ്യുകയും അതേ ദിവസം തന്നെ അന്വേഷണ വിവരങ്ങള്‍ കനേഡിയന്‍ റോയല്‍ മൗണ്ടഡ് പൊലീസിന് കൈമാറുകയും ചെയ്തു.
തുടര്‍ന്ന് ഒരു വര്‍ഷത്തിന് ശേഷം ദേശീയ സുരക്ഷാ ഭീഷണികള്‍ അന്വേഷിക്കുന്ന ആര്‍ സി എം പിയുടെ ഒട്ടാവ ഇന്റഗ്രേറ്റഡ് നാഷണല്‍ സെക്യൂരിറ്റി എന്‍ഫോഴ്‌സ്‌മെന്റ് ടീം ലുവിനെ അറസ്റ്റ് ചെയ്ത് കുറ്റം ചുമത്തി. വിരമിച്ചശേഷം ചൈനയില്‍ ഒരു വര്‍ഷം താമസിച്ച ശേഷം ഒട്ടാവയിലേക്ക് മടങ്ങിയെത്തിയ ഉടന്‍ ആയിരുന്നു അറസ്റ്റ്.
ഒന്റാറിയോ വിട്ടുപോകരുത്, പാസ്പോര്‍ട്ടിനോ മറ്റ് യാത്രാരേഖകള്‍ക്കോ അപേക്ഷിക്കരുത്, ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കരുത് എന്നീ നിബന്ധനകളോടെയാണ് ലുവിനെ ജാമ്യത്തില്‍ വിട്ടയച്ചത്. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ 10,000 കനേഡിയന്‍ ഡോളര്‍ വീതം അടയ്ക്കാമെന്ന് ലുവും ജാമ്യക്കാരനും കോടതിയില്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
