ഒട്ടാവ: കാനഡയിലെ ഒന്റാറിയോയെയും അമേരിക്കയിലെ മിഷിഗണെയും ബന്ധിപ്പിക്കുന്ന ഗോര്‍ഡി ഹോവ് ഇന്റര്‍നാഷണല്‍ ബ്രിഡ്ജിന്റെ ഉദ്ഘാടനം വൈകിയേക്കാമെന്ന് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി വ്യക്തമാക്കി. എന്നാല്‍ ഇതില്‍ 'വലിയ നാടകീയതയോ ആശങ്കയോ ഇല്ല' എന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റ് ഹില്ലില്‍ നടന്ന പാര്‍ട്ടി അംഗങ്ങളുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കാര്‍ണി മാധ്യമങ്ങളോട് പ്രതികരിച്ചത്.
പാലം എത്രയും വേഗം തുറക്കാന്‍ എല്ലാവരും കഠിനമായി പ്രവര്‍ത്തിക്കുകയാണ്. കുറച്ചുകൂടി സമയം എടുക്കേണ്ടി വന്നേക്കാം. എന്നാല്‍ ഈ പാലം വരും ദശകങ്ങളില്‍ കനേഡിയന്‍ ജനങ്ങള്‍ക്കും അമേരിക്കക്കാര്‍ക്കും ബിസിനസ് മേഖലയ്ക്കും വിനോദസഞ്ചാരികള്‍ക്കും അതിര്‍ത്തി മേഖലയിലെ താമസക്കാര്‍ക്കും വലിയ നേട്ടമാകുമെന്നതില്‍ സംശയമില്ലെന്നും കാര്‍ണി പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നീണ്ടുപോയ ഗോര്‍ഡി ഹോവ് പാലം വെള്ളിയാഴ്ച തന്നെ തുറക്കുമെന്ന് കാര്‍ണി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ വൈറ്റ് ഹൗസ് പ്രതികരിച്ച് ഉദ്ഘാടനം സംബന്ധിച്ച സമയക്രമം ഇതുവരെ അന്തിമമായിട്ടില്ലെന്ന് വ്യക്തമാക്കി. ഗോര്‍ഡി ഹോവ് പാലവുമായി ബന്ധപ്പെട്ട പ്രസിഡന്റിന്റെ നിലപാടില്‍ മാറ്റമില്ല എന്നാണ് വൈറ്റ് ഹൗസ് സി ബി സി ന്യൂസിനോട് അറിയിച്ചത്.
അമേരിക്കന്‍ ജനങ്ങള്‍ക്ക് ഏറ്റവും മികച്ച കരാര്‍ ഉറപ്പാക്കുന്നതിനാണ് ഭരണകൂടത്തിന്റെ പ്രതിബദ്ധതെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. പാലത്തിന്റെ നിര്‍മ്മാണച്ചെലവില്‍ പങ്കാളികളാകാതിരുന്നിട്ടും ടോള്‍ വരുമാനത്തില്‍ വിഹിതം ആവശ്യപ്പെട്ട ട്രംപിന്റെ നിലപാടിനെയാണ് ഈ പരാമര്‍ശം സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍.
ഫെബ്രുവരിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. അമേരിക്ക നല്‍കിയ എല്ലാ സഹായങ്ങള്‍ക്കും പൂര്‍ണമായ നഷ്ടപരിഹാരം ലഭിക്കുന്നതുവരെ പാലം തുറക്കാന്‍ അനുവദിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.
അതേസമയം, വിന്‍ഡ്‌സര്‍- ഡിട്രോയിറ്റ് പാലത്തിന്റെ നിര്‍മ്മാണത്തിനായി കാനഡ ഏകദേശം 6.4 ബില്യണ്‍ കനേഡിയന്‍ ഡോളര്‍ ചെലവഴിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കാനഡയിലെയും അമേരിക്കയിലെയും തൊഴിലാളികള്‍ ചേര്‍ന്നാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇരു രാജ്യങ്ങളിലെയും സ്റ്റീലാണ് ഇതിനായി ഉപയോഗിച്ചത്.
പാലത്തിന്റെ നിര്‍മ്മാണത്തില്‍ അമേരിക്കന്‍ പങ്കാളിത്തം വളരെ കുറവായിരുന്നു എന്ന ട്രംപിന്റെ വാദങ്ങള്‍ യാഥാര്‍ഥ്യവിരുദ്ധമാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
പാലത്തിന്റെ നിര്‍മ്മാണത്തിനായി വഹിച്ച മുഴുവന്‍ ചെലവും തിരിച്ചുപിടിക്കുന്നതുവരെ ടോള്‍ വരുമാനം കാനഡയ്ക്ക് ലഭിക്കും. കാനഡയുടെ ചെലവ് പൂര്‍ണമായി തിരിച്ചുകിട്ടിയ ശേഷം മാത്രമേ മിഷിഗണ്‍ സംസ്ഥാനത്തിന് ടോള്‍ വരുമാനത്തിന്റെ 50 ശതമാനം ലഭിക്കുകയുള്ളൂ.
വിന്‍ഡ്‌സറിനെയും ഡിട്രോയിറ്റിനെയും ബന്ധിപ്പിക്കുന്ന ഗോര്‍ഡി ഹോവ് ഇന്റര്‍നാഷണല്‍ ബ്രിഡ്ജ് ഉത്തര അമേരിക്കയിലെ വ്യാപാര ഗതാഗതത്തിന് നിര്‍ണായക അടിസ്ഥാന സൗകര്യ പദ്ധതിയായാണ് കണക്കാക്കപ്പെടുന്നത്. ഇത് പ്രവര്‍ത്തനക്ഷമമാകുന്നതോടെ അതിര്‍ത്തി കടന്നുള്ള ചരക്കുനീക്കത്തിനും യാത്രാ സൗകര്യങ്ങള്‍ക്കും വലിയ ഉത്തേജനം ലഭിക്കുമെന്നാണ് പ്രതീക്ഷ.
