ഒട്ടാവ: അമേരിക്ക- കാനഡ സംയുക്ത പ്രതിരോധ സഹകരണത്തിനായുള്ള 'പെര്‍മനന്റ് ജോയിന്റ് ബോര്‍ഡ് ഓഫ് ഡിഫന്‍സ്' പ്രവര്‍ത്തനം അമേരിക്ക താത്ക്കാലികമായി നിര്‍ത്തിവെച്ചതിന്റെ പ്രാധാന്യം അമിതമായി കാണേണ്ടതില്ലെന്ന് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞു.
ക്യൂബെക്കില്‍ നടന്ന പരിപാടിക്കിടെ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് കാര്‍ണി ഇക്കാര്യം വ്യക്തമാക്കിയത്. ബോര്‍ഡിന് ദീര്‍ഘകാല പാരമ്പര്യമുണ്ടെങ്കിലും ഇതിന്റെ പ്രാധാന്യം അതിരുവിട്ട് വിലയിരുത്തേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കയുമായി പ്രതിരോധ രംഗത്ത് വളരെ അടുത്ത സഹകരണം തുടരുന്നുണ്ടെന്നും നിരവധി മേഖലകളില്‍ സഹകരണം തുടരുമെന്നും കാര്‍ണി വ്യക്തമാക്കി. അതോടൊപ്പം, മറ്റ് രാജ്യങ്ങളുമായും പ്രതിരോധ സഹകരണം വിപുലീകരിക്കുകയും പങ്കാളിത്തം വൈവിധ്യവല്‍ക്കരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, വടക്കേ അമേരിക്കയുടെ സംയുക്ത പ്രതിരോധത്തിന് ഈ വേദി എത്രത്തോളം പ്രയോജനപ്പെടുന്നുവെന്ന് പുനഃപരിശോധിക്കുന്നതിനായാണ് ബോര്‍ഡിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ അണ്ടര്‍സെക്രട്ടറി എല്‍ബ്രിഡ്ജ് കോള്‍ബി വ്യക്തമാക്കി.
