കാനഡ സന്ദര്‍ശിക്കാന്‍ മോഡിക്ക് കാര്‍ണിയുടെ ക്ഷണം; സുരക്ഷാ വിവര കൈമാറ്റ കരാറിന് നീക്കം

കാനഡ സന്ദര്‍ശിക്കാന്‍ മോഡിക്ക് കാര്‍ണിയുടെ ക്ഷണം; സുരക്ഷാ വിവര കൈമാറ്റ കരാറിന് നീക്കം


ഒട്ടാവ: കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കാനഡയിലേക്ക് ക്ഷണിച്ചു. ഫ്രാന്‍സില്‍ നടന്ന ജി7 ഉച്ചകോടിയുടെ  ഭാഗമായി ഇരുവരും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് കാനഡ പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

കൂടിക്കാഴ്ചയെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പില്‍ വിദേശ ഇടപെടലുകളോ രാജ്യാതിര്‍ത്തികള്‍ കടന്നുള്ള അടിച്ചമര്‍ത്തല്‍ നടപടികളോ പരാമര്‍ശിച്ചിട്ടില്ല. കാനഡയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ആരോപണം നേരത്തെ ഇന്ത്യയ്‌ക്കെതിരെ ഉയര്‍ന്നിരുന്നു.

അതേസമയം, പ്രതിരോധ- സുരക്ഷാ മേഖലകളിലെ രഹസ്യ വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിനുള്ള ജനറല്‍ സെക്യൂരിറ്റി ഓഫ് ഇന്‍ഫര്‍മേഷന്‍ എഗ്രിമെന്റ് (ജി എസ് ഐ എ) സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായി കാനഡ അറിയിച്ചു. ഈ ആഴ്ച ആദ്യം ഫ്രാന്‍സുമായി സമാന കരാറില്‍ കാര്‍ണി ഒപ്പുവെച്ചിരുന്നു.

പ്രതിരോധം, ധനകാര്യം, കുടിയേറ്റം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ഉന്നതതല ചര്‍ച്ചകള്‍ നടത്താനും ഇരുവരും ധാരണയായതായി പ്രസ്താവനയില്‍ പറയുന്നു.

കാര്‍ണിയുടെ ക്ഷണത്തിന് നന്ദി രേഖപ്പെടുത്തിയ മോഡി, 2026-ല്‍ കാനഡ സന്ദര്‍ശിക്കുമെന്ന് അറിയിച്ചതായും സന്ദര്‍ശന തിയ്യതി നയതന്ത്ര മാര്‍ഗങ്ങളിലൂടെ പിന്നീട് തീരുമാനിക്കുമെന്നും ഇരുപക്ഷവും സമ്മതിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

കാര്‍ണി പ്രധാനമന്ത്രിയായതിനു ശേഷം ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം വിലയിരുത്തപ്പെടുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങളെത്തുടര്‍ന്ന് വിവിധ രാജ്യങ്ങളുമായി സാമ്പത്തിക- തന്ത്രപ്രധാന ബന്ധങ്ങള്‍ ശക്തിപ്പെടുത്താനാണ് കാനഡ ശ്രമിക്കുന്നത്.

ഈ വര്‍ഷം ആദ്യം കാര്‍ണി ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യ- കാനഡ സ്വതന്ത്ര വ്യാപാര കരാര്‍ പുനരാരംഭിക്കുന്നതിനും പുതിയ ഊര്‍ജ സഹകരണ പങ്കാളിത്തത്തിനും ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു.

2023-ല്‍ കാനഡയിലെ സിഖ് പ്രവര്‍ത്തകനായ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ വധിക്കപ്പെട്ട സംഭവത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ കാനഡ നിര്‍ത്തിവെച്ചിരുന്നു.

കാനേഡിയന്‍ റോയല്‍ മൗണ്ടഡ് പൊലീസ് അന്വേഷണപ്രകാരം, ഇന്ത്യ ആസ്ഥാനമായുള്ള ലോറന്‍സ് ബിഷ്്ണോയി സംഘാംഗങ്ങളെ ഉപയോഗിച്ചാണ് നിജ്ജറിനെ കൊലപ്പെടുത്തിയതെന്നാണ് സംശയം. ഖാലിസ്ഥാന്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.

എന്നാല്‍ ഈ ആരോപണങ്ങള്‍ ഇന്ത്യ നിഷേധിച്ചിട്ടുണ്ട്. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ദിനേശ് പട്നായിക് കാനഡയുടെ ദേശീയ സുരക്ഷാ ഏജന്‍സികള്‍ തന്നെ വിശ്വാസ്യത നഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് അടുത്തിടെ പ്രതികരിച്ചിരുന്നു.

ഇന്ത്യന്‍ വിദേശ ഇടപെടല്‍ ഇപ്പോള്‍ നടക്കുന്നില്ലെന്ന് കാനഡന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും അതേ നിലപാട് ആവര്‍ത്തിക്കാന്‍ കാര്‍ണി തയ്യാറായില്ല. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

വിദേശ ഇടപെടലും രാജ്യാതിര്‍ത്തികള്‍ കടന്നുള്ള അടിച്ചമര്‍ത്തലും ഒരു രാജ്യത്തുനിന്നും തങ്ങള്‍ അനുവദിക്കില്ലെന്നും ഇത്തരം ശ്രമങ്ങള്‍ നടത്തുന്ന നിരവധി രാജ്യങ്ങളുണ്ടെന്നും കാര്‍ണി പറഞ്ഞു.

അതേസമയം, കാനഡയിലെ സിഖ് സംഘടനകള്‍ ഇന്ത്യയോടുള്ള കാര്‍ണി സര്‍ക്കാരിന്റെ സമീപനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കങ്ങള്‍ തങ്ങളെ 'വഞ്ചിച്ചതായി' അവര്‍ ആരോപിച്ചു.