അമേരിക്കൻ ആശ്രിതത്വം കുറയ്ക്കാൻ കാനഡ; വ്യാപാരയാത്രയ്‌ക്കൊരുങ്ങി പ്രധാനമന്ത്രി കാർനി

അമേരിക്കൻ ആശ്രിതത്വം കുറയ്ക്കാൻ കാനഡ; വ്യാപാരയാത്രയ്‌ക്കൊരുങ്ങി പ്രധാനമന്ത്രി കാർനി


ഒട്ടാവ: അമേരിക്കയോടുള്ള സാമ്പത്തിക ആശ്രിതത്വം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കാനഡ പ്രധാനമന്ത്രി മാർക്ക് കാർനി ഈ ആഴ്ച ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലേക്ക് വ്യാപാരയാത്ര നടത്തുന്നു. കാനഡയ്ക്ക് പുതിയ വ്യാപാരബന്ധങ്ങൾ ഉറപ്പാക്കുകയാണ് യാത്രയുടെ ലക്ഷ്യം.

വ്യാഴാഴ്ച ഇന്ത്യയിലെത്തുന്ന കാർനി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് ഓസ്‌ട്രേലിയയിലേക്ക് പോകുന്ന അദ്ദേഹം അവിടുത്തെ പ്രധാനമന്ത്രി ആന്തണി ആൽബനീസുമായി ചർച്ച നടത്തും. ഓസ്‌ട്രേലിയൻ പാർലമെന്റിനെയും കാർനി അഭിസംബോധന ചെയ്യും. ഇരുപത് വർഷത്തിനുശേഷം ആദ്യമായാണ് ഓസ്‌ട്രേലിയൻ പാർലെമന്റിനെ ഒരു കേനഡിയൻ പ്രധാനമന്ത്രി അഭിസംബോധനചെയ്യാനൊരുങ്ങുന്നത്. തുടർന്ന് ജപ്പാനിലെത്തി പ്രധാനമന്ത്രി സനേ തകൈച്ചിയുമായി കൂടിക്കാഴ്ച നടത്തിയാണ് കാർനിയുടെ യാത്ര സമാപിക്കുക.

അടുത്തകാലത്ത് കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാരബന്ധങ്ങളിൽ ഉടലെടുത്ത സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വിദേശയാത്ര. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് ഇന്ത്യയുമായുള്ള ബന്ധം തകർന്നിരുന്നെങ്കിലും, പിന്നീട് ഇരുരാജ്യങ്ങളും ബന്ധം പുനഃസ്ഥാപിക്കാൻ നീക്കങ്ങൾ ആരംഭിച്ചിരുന്നു. കഴിഞ്ഞ വർഷം കാനഡയിൽ നടന്ന ജി ഏഴ് രാജ്യങ്ങളുടെ ഉച്ചകോടിക്കിടെ മോഡിയെയും ക്ഷണിച്ചതോടെയാണ് പുതിയ വഴിത്തിരിവുണ്ടായത്.

വിദേശകാര്യ മന്ത്രി അനിറ്റ ആനന്ദ് കഴിഞ്ഞ വർഷം ഇന്ത്യ സന്ദർശിച്ച് വ്യാപാരചർച്ചകൾ പുനരാരംഭിക്കാൻ ധാരണയിലെത്തിയിരുന്നു. നിയമവാഴ്ചയും അതിർത്തി കടന്നുള്ള അടിച്ചമർത്തലും സംബന്ധിച്ച ആശങ്കകളും അവർ ഉന്നയിച്ചതായി അറിയിച്ചു.

കാർനിയുടെ ഈ യാത്രയിൽ ഊർജം, ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്, പ്രതിരോധം, നിർണായക ധാതുക്കൾ, സമുദ്രസുരക്ഷ, ഭക്ഷ്യസുരക്ഷ എന്നിവയും ചർച്ചാവിഷയമാകും. അടുത്ത ദശകത്തിനകം അമേരിക്കയല്ലാത്ത രാജ്യങ്ങളിലേക്കുള്ള കാനഡയുടെ കയറ്റുമതി ഇരട്ടിയാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

ഇപ്പോൾ കാനഡയുടെ കയറ്റുമതിയുടെ ഏകദേശം മൂന്നിൽ നാലുഭാഗവും അമേരിക്കയിലേക്കാണ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ ലോഹങ്ങളും വാഹനങ്ങളും സംബന്ധിച്ച തീരുവകളാണ് കാനഡയെ പുതിയ വിപണികളിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്.

അനിശ്ചിതമായ ആഗോള സാഹചര്യത്തിൽ കാനഡയ്ക്ക് നിയന്ത്രിക്കാനാകുന്ന കാര്യങ്ങളിലാണ് ശ്രദ്ധയെന്ന് കാർനി വ്യക്തമാക്കി. തൊഴിലാളികൾക്കും വ്യവസായങ്ങൾക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ വ്യാപാരം വൈവിധ്യമാർന്നതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കൻ സുപ്രീംകോടതി അടുത്തിടെ വ്യാപക തീരുവകൾ റദ്ദാക്കിയെങ്കിലും, ഉരുക്ക്, അലുമിനിയം, വാഹനങ്ങൾ തുടങ്ങിയ മേഖലകളിലെ പ്രത്യേക തീരുവകൾ തുടരുകയാണ്. ഇതോടൊപ്പം കാനഡ, അമേരിക്ക, മെക്‌സിക്കോ എന്നീ രാജ്യങ്ങൾ ചേർന്നുള്ള വടക്കേ അമേരിക്കൻ സ്വതന്ത്രവ്യാപാരകരാർ പുതുക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. കാനഡയും മെക്‌സിക്കോയും കരാർ തുടരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും, അമേരിക്കയുടെ നിലപാട് ഇതുവരെ വ്യക്തമായിട്ടില്ല.