ഹാന്റാവൈറസ് ബാധ സ്ഥിരീകരിച്ച കനേഡിയന്‍ രോഗമുക്തനായി; മൂന്നുപേര്‍ നിരീക്ഷണത്തില്‍

ഹാന്റാവൈറസ് ബാധ സ്ഥിരീകരിച്ച കനേഡിയന്‍ രോഗമുക്തനായി; മൂന്നുപേര്‍ നിരീക്ഷണത്തില്‍


ഒട്ടാവ: ഹാന്റാവൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കാനഡ സ്വദേശിക്ക് രോഗമുക്തി ലഭിച്ചതായി ബ്രിട്ടീഷ് കൊളംബിയ ആരോഗ്യ അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം വസന്തകാലത്ത് അന്റാര്‍ട്ടിക്കയിലേക്കുള്ള ക്രൂയിസ് യാത്രയ്ക്കിടെ ഹാന്റാവൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത കപ്പലിലുണ്ടായിരുന്നയാളാണ് ഇദ്ദേഹം.

യൂക്കണ്‍ സ്വദേശിയായ രോഗിയെ കഴിഞ്ഞ ആഴ്ച അവസാനം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി പ്രൊവിന്‍ഷ്യല്‍ ഹെല്‍ത്ത് ഓഫീസറുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം, കഴിഞ്ഞ മാസം മുതല്‍ നിരീക്ഷണത്തില്‍ കഴിയുന്ന മറ്റ് മൂന്ന് കനേഡിയന്‍ പൗരന്മാരും 42 ദിവസത്തെ ക്വാറന്റൈന്‍ തുടരുകയാണെന്നും ഇവരില്‍ രോഗലക്ഷണങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

എം വി ഹോണ്ടിയസ് എന്ന ക്രൂയിസ് കപ്പലില്‍ യാത്ര ചെയ്തതിനിടെയാണ് നാല് കനേഡിയന്‍ പൗരന്മാരും വൈറസിന് സമ്പര്‍ക്കത്തിലായതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.

അര്‍ജന്റീനയില്‍ നിന്ന് അന്റാര്‍ട്ടിക്കയിലേക്കുള്ള യാത്രയ്ക്കിടെ ദക്ഷിണ അറ്റ്ലാന്റിക്കിലെ ഒറ്റപ്പെട്ട ദ്വീപുകളില്‍ കപ്പല്‍ നിര്‍ത്തിയ ശേഷമാണ് ഹാന്റാവൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഏപ്രില്‍ ഒന്നിന് ശേഷമുള്ള കാലയളവിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

എം വി ഹോണ്ടിയസ് കപ്പലുമായി ബന്ധപ്പെട്ട ആന്‍ഡീസ് ഹാന്റാവൈറസ് വ്യാപനത്തെ തുടര്‍ന്ന് കാനഡയിലെ പൊതുജനങ്ങള്‍ക്ക് നിലവില്‍ ഉയര്‍ന്ന ആരോഗ്യഭീഷണിയില്ലെന്ന് കാനഡ പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയും വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ പൊതുസമൂഹത്തിന് രോഗബാധയുടെ സാധ്യത വളരെ കുറവാണെന്നും ഏജന്‍സി അറിയിച്ചു.