ഒട്ടാവ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ നിരവധി ആത്മഹത്യകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വിഷപദാര്‍ഥങ്ങള്‍ ഓണ്‍ലൈനിലൂടെ വിതരണം ചെയ്ത കേസില്‍ കാനഡക്കാരനായ കെന്നത്ത് ലോ കുറ്റം സമ്മതിച്ചു. ആത്മഹത്യയ്ക്ക് സഹായം നല്‍കിയെന്ന 14 കുറ്റങ്ങള്‍ അദ്ദേഹം ഒന്റാറിയോ കോടതിയില്‍ അംഗീകരിച്ചു.
60 വയസുള്ള ലോയ്ക്കെതിരെ ആദ്യം ചുമത്തിയിരുന്ന കൊലപാതകക്കുറ്റങ്ങള്‍ പ്രോസിക്യൂഷന്‍ പിന്‍വലിച്ച ശേഷമാണ് കുറ്റസമ്മതം ഉണ്ടായത്. ലോകത്തെ 40 രാജ്യങ്ങളിലായി ഓണ്‍ലൈന്‍ ആത്മഹത്യാ ഫോറങ്ങളിലൂടെ പരിചയപ്പെട്ട ആളുകള്‍ക്ക് ഏകദേശം 1,200 വിഷപദാര്‍ഥ പാക്കറ്റുകള്‍ വിറ്റഴിച്ചതായി അന്വേഷണ ഏജന്‍സികള്‍ ആരോപിക്കുന്നു. ഇതില്‍ നാലിലൊന്ന് പാഴ്‌സലുകള്‍ യു കെയിലേക്കാണ് അയച്ചത്.
ലോയ്‌ക്കെതിരായ നിലവിലെ കുറ്റങ്ങള്‍ കാനഡയിലെ ഇരകളുമായി ബന്ധപ്പെട്ടതാണെങ്കിലും അദ്ദേഹത്തിന്റെ ഉത്പന്നങ്ങളുമായി ബന്ധമുണ്ടെന്ന് കരുതുന്ന 79 ബ്രിട്ടീഷ് പൗരന്മാരുടെ മരണങ്ങളില്‍ പ്രത്യേക വിചാരണ നടത്തില്ലെന്ന തീരുമാനത്തില്‍ ബ്രിട്ടനിലെ കുടുംബങ്ങള്‍ നിരാശ പ്രകടിപ്പിച്ചു.
ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് (സി പി എസ്) പുറത്തിറക്കിയ വിശദീകരണത്തില്‍ ബ്രിട്ടനിലെ മരണങ്ങള്‍ ശിക്ഷാവിധി നിശ്ചയിക്കുമ്പോള്‍ പരിഗണിക്കണമെന്ന വ്യവസ്ഥയില്‍ കാനഡയിലെ കുറ്റസമ്മത കരാറിനെ അംഗീകരിച്ചതായി അറിയിച്ചു.
ബ്രിട്ടനില്‍ വിചാരണ നടത്താന്‍ ശ്രമിച്ചാല്‍ കാനഡയില്‍ സമാന കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട വ്യക്തിയെന്ന നിലയില്‍ ലോയ്ക്ക് കൈമാറ്റനടപടി ചോദ്യം ചെയ്യാന്‍ കഴിയുമെന്നും അത് വര്‍ഷങ്ങളോളം നീളാന്‍ സാധ്യതയുണ്ടെന്നും പ്രത്യേക പ്രോസിക്യൂട്ടറായ ആന്‍ഡ്രൂ ഹഡ്‌സണ്‍ വ്യക്തമാക്കി. ഇരട്ട വിചാരണ നിരോധനവുമായി ബന്ധപ്പെട്ട നിയമതടസങ്ങളും നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാനഡയിലെ ഇരകളില്‍ ഒരാളായിരുന്ന 19കാരന്‍ ആഷ്ടിന്‍ പ്രോസര്‍ ബ്ലേക് 2023 മാര്‍ച്ചിലാണ് മരിച്ചത്. എല്ലാവര്‍ക്കും വേണ്ടി നിലകൊള്ളുന്ന, വളരെ സന്തോഷവാനും സൗമ്യസ്വഭാവക്കാരനുമായ യുവാവായിരുന്നു തന്റെ മകന്‍ എന്ന് മാതാവ് കിം പ്രോസര്‍ പറഞ്ഞു. കോവിഡ് മഹാമാരിക്ക് ശേഷം മകന്റെ മാനസികാരോഗ്യം മോശമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മകനെ നഷ്ടപ്പെട്ട വേദന മറ്റൊരാള്‍ ജയിലില്‍ പോകുന്നതുകൊണ്ട് ഇല്ലാതാകില്ലെന്നും അവര്‍ പറഞ്ഞു.
ബ്രിട്ടനില്‍, 22കാരനായ തോമസ് പാര്‍ഫെറ്റിന്റെ മരണവും ലോ വിതരണം ചെയ്തതായി ആരോപിക്കപ്പെടുന്ന വിഷപദാര്‍ഥവുമായി ബന്ധപ്പെട്ടതാണ്. ജീവിതത്തിലെ ചെറിയ കാര്യങ്ങളിലും സന്തോഷം കണ്ടെത്തുന്ന ആളായിരുന്നു ടോമെന്നും അവന്റെ ചിരി ഇന്നും മനസിലുണ്ടെന്നും പിതാവ് ഡേവിഡ് പാര്‍ഫെറ്റ് പറഞ്ഞു.
2021-ല്‍ ഇംഗ്ലണ്ടിലെ സറേ കൗണ്ടിയിലെ സണ്‍ബറി-ഓണ്‍-തേംസ് നഗരത്തിലെ ഒരു ഹോട്ടലില്‍ നിന്നാണ് തോമസിന്റെ മൃതദേഹം കണ്ടെത്തിയത്. ഏകദേശം 50 പൗണ്ട് വിലകൊടുത്താണ് അദ്ദേഹം വിഷപദാര്‍ഥം വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ലോ കുറ്റം സമ്മതിച്ചതിനെ സ്വാഗതം ചെയ്‌തെങ്കിലും ബ്രിട്ടനില്‍ വിചാരണ നടക്കാത്തതില്‍ നിരാശയുണ്ടെന്ന് ഡേവിഡ് പാര്‍ഫെറ്റ് പറഞ്ഞു. തന്റെ മകന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അദ്ദേഹം ബ്രിട്ടീഷ് കോടതിയില്‍ മറുപടി പറയുന്നത് കാണാന്‍ ആഗ്രഹിച്ചതായും അദ്ദേഹം പറഞ്ഞു.
ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊതുഅന്വേഷണം നടത്തണമെന്നും പാര്‍ഫെറ്റ് ആവശ്യപ്പെട്ടു. തടയാനാകുമായിരുന്ന നിരവധി മരണങ്ങളാണ് സംഭവിച്ചതെന്നും കുട്ടികള്‍ ഉള്‍പ്പെടെ പലരും ജീവന്‍ നഷ്ടപ്പെടുത്തിയതായും എന്നിട്ടും പ്രശ്‌നത്തിന്റെ വ്യാപ്തി മനസ്സിലാക്കാന്‍ ഏകോപിതമായ ശ്രമങ്ങള്‍ കാണുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2023 മെയ് മാസമാണ് ലോ അറസ്റ്റിലായത്. ബ്രിട്ടന്‍, അമേരിക്ക, ഇറ്റലി എന്നിവ ഉള്‍പ്പെടെ ഏകദേശം ഒരു ഡസന്‍ രാജ്യങ്ങളിലെ അധികാരികളും 11-ലധികം നിയമപാലന ഏജന്‍സികളും ചേര്‍ന്നുള്ള അന്തര്‍ദേശീയ അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്.
വിഷപദാര്‍ഥങ്ങള്‍ ദുരിതമനുഭവിക്കുന്ന യുവാക്കള്‍ക്ക് വില്‍ക്കുന്നതായി ഒരു മാധ്യമ അന്വേഷണം വെളിപ്പെടുത്തിയതിനു പിന്നാലെയായിരുന്നു നടപടി. ഉപഭോക്താവായി നടിച്ച ഒരു രഹസ്യ മാധ്യമ പ്രവര്‍ത്തകനോട് വിഷപദാര്‍ഥം എങ്ങനെ ഉപയോഗിച്ചാല്‍ മരണം ഉറപ്പാക്കാമെന്ന് ലോ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍ പ്രകാരം, ജീവിതം അവസാനിപ്പിക്കാന്‍ സഹായിക്കുന്നതെന്ന് അവകാശപ്പെട്ട ഉത്പന്നങ്ങളും ഉപകരണങ്ങളും വില്‍ക്കുന്ന നിരവധി വെബ്സൈറ്റുകള്‍ ലോ നടത്തിയിരുന്നു. കാനഡ നിയമപ്രകാരം ആത്മഹത്യയ്ക്ക് സഹായം നല്‍കിയ കുറ്റത്തിന് പരമാവധി 14 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.
