ഖാലിസ്ഥാനി തീവ്രവാദ ഭീഷണി: പഴയ പാഠങ്ങളും പുതിയ മുന്നറിയിപ്പുകളും

ഖാലിസ്ഥാനി തീവ്രവാദ ഭീഷണി: പഴയ പാഠങ്ങളും പുതിയ മുന്നറിയിപ്പുകളും


കാനഡയിൽ പ്രവർത്തിക്കുന്ന ചില ഖാലിസ്ഥാനി തീവ്രവാദികൾ ഇപ്പോഴും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന കനേഡിയൻ സെക്യൂരിറ്റി ഇന്റലിജെൻസ് സർവീസിന്റെ (സിഎസ്‌ഐഎസ് ) പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. പഴയ അനുഭവങ്ങളുമായി ചേർത്തുനോക്കുമ്പോൾ ഇത് കൂടുതൽ ഗൗരവമേറിയതാണ്. 2025ലെ റിപ്പോർട്ടിൽ വളരെ ചെറിയൊരു വിഭാഗം മാത്രമാണ് തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും, അവരുടെ പ്രവർത്തനങ്ങൾ കാനഡയുടെയും വിദേശ താൽപര്യങ്ങളുടെയും സുരക്ഷയെ ബാധിക്കാനിടയുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നു.

ഇത് ആദ്യമായല്ല ഇത്തരമൊരു ആശങ്ക ഉയരുന്നത്. 
1985 ജൂൺ 23ന് എയർ ഇന്ത്യ വിമാനം 182 ലുണ്ടായ ബോംബ് സ്‌ഫോടനം കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമായി കണക്കാക്കപ്പെടുന്നു. മോണ്ട്രിയാലിൽ നിന്ന് ലണ്ടൻ വഴി ഡൽഹിയിലേക്ക് പോയ എയർ ഇന്ത്യയുടെ 'കനിഷ്‌ക' വിമാനത്തിലാണ് ബോംബ് പൊട്ടിത്തെറിച്ചത്.

അയർലൻഡിന്റെ തീരത്തോട് ചേർന്ന ആകാശത്ത് നടന്ന സ്‌ഫോടനത്തിൽ വിമാനത്തിലുണ്ടായിരുന്ന 329 പേരും കൊല്ലപ്പെട്ടു. ഇവരിൽ ഭൂരിഭാഗവും കാനഡ പൗരന്മാരായിരുന്നു. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരപരാധികളായ യാത്രക്കാരുടെ മരണമാണ് ലോകത്തെ ഞെട്ടിച്ചത്.

ഖാലിസ്ഥാനി തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ആളുകളാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കാനഡയിൽ നിന്നാണ് ബോംബ് കയറ്റി അയച്ചതെന്നും പിന്നീട് വ്യക്തമായി.

ഈ സംഭവം കാനഡയുടെ സുരക്ഷാ സംവിധാനത്തിലെ വലിയ വീഴ്ചകൾ വെളിപ്പെടുത്തുകയും, രാജ്യാന്തര തീവ്രവാദ ഭീഷണിയെക്കുറിച്ചുള്ള സമീപനത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്തു. വർഷങ്ങളോളം നീണ്ട അന്വേഷണങ്ങളും വിചാരണകളും നടന്നെങ്കിലും, കുറ്റക്കാരെ മുഴുവനായും ശിക്ഷിക്കാൻ കഴിഞ്ഞില്ലെന്ന വിമർശനവും ഉയർന്നിരുന്നു.

ഇന്നും, ഈ ദുരന്തം കാനഡയും ഇന്ത്യയും തമ്മിലുള്ള സുരക്ഷാ ചർച്ചകളിൽ പ്രധാന വിഷയമായി തുടരുകയാണ്.

ആ സംഭവത്തിന് ശേഷം കാനഡ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തിയെങ്കിലും, തീവ്രവാദ ശൃംഖലകൾ പൂർണ്ണമായി ഇല്ലാതായിട്ടില്ലെന്നതാണ് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ചില തീവ്രവാദികൾ കാനഡയിലെ ജനാധിപത്യ സ്ഥാപനങ്ങളെ തന്നെ ഉപയോഗിച്ച് അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതും ധനശേഖരണം നടത്തുന്നതുമാണ് സിഎസ്‌ഐഎസ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്ന പ്രധാന ആശങ്ക. സമൂഹത്തിലെ സാധാരണ അംഗങ്ങളിൽ നിന്നുള്ള സംഭാവനകൾ പോലും ഹിംസാത്മക പ്രവർത്തനങ്ങളിലേക്ക് വഴിതിരിച്ചുവിടുന്ന സാഹചര്യം ഉണ്ടാകാമെന്ന വിലയിരുത്തലാണ് ഇത്. ഇതിലൂടെ തീവ്രവാദം തുറന്ന രീതിയിൽ അല്ലാതെ മറഞ്ഞ രീതിയിൽ തുടരുന്നുവെന്ന ആശങ്കയും ശക്തമാകുന്നു.

അതേസമയം, ഖാലിസ്ഥാൻ എന്ന ആവശ്യം നേടുന്നതിനായുള്ള സമാധാനപരമായ രാഷ്ട്രീയ പ്രവർത്തനങ്ങൾ നിയമപരമാണെന്ന് റിപ്പോർട്ട് പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. ഇത് കാനഡയുടെ ജനാധിപത്യ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെങ്കിലും, അതിന്റെ മറവിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നതിനെ തടയുക എന്നത് വെല്ലുവിളിയാവുകയാണ്.

റിപ്പോർട്ടിൽ ഇന്ത്യയുടെ നിലപാടുകളും പരാമർശിക്കുന്നുണ്ട്. കാനഡയിലെ രാഷ്ട്രീയസാമൂഹിക രംഗങ്ങളിൽ ഇന്ത്യ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നുവെന്ന ആരോപണവും 'ട്രാൻസ് നാഷണൽ റെപ്രഷൻ' പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളും ഉയരുന്നുണ്ട്. ഇതോടെ, വിഷയം ഒരു ആഭ്യന്തര സുരക്ഷ പ്രശ്‌നം മാത്രമല്ല, രാജ്യാന്തര രാഷ്ട്രീയ സംഘർഷത്തിന്റെ ഭാഗമായും മാറുന്നു.

ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിൽ കഴിഞ്ഞ വർഷങ്ങളിലുണ്ടായ രൂക്ഷമായ ഭിന്നതകൾ ഈ പശ്ചാത്തലത്തിൽ ശ്രദ്ധേയമാണ്. എന്നാൽ, സുരക്ഷാ സഹകരണത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് സുരക്ഷാനിയമനിർവഹണ ഉദ്യോഗസ്ഥരെ പരസ്പരം നിയോഗിക്കാൻ തീരുമാനിച്ചത്. ഇന്ത്യയുടെ സുരക്ഷാ ഉപദോഷ്ടാവ് അജിത് ഡോവലിന്റെ കാനഡ സന്ദർശനത്തിന് പിന്നാലെയാണ് ഈ നീക്കം.

മൊത്തത്തിൽ, ചെറിയൊരു വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ പോലും വലിയ സുരക്ഷാ പ്രശ്‌നങ്ങളിലേക്ക് നയിക്കാമെന്ന മുന്നറിയിപ്പാണ് സിഎസ്‌ഐഎസ് റിപ്പോർട്ട് നൽകുന്നത്. പഴയ അനുഭവങ്ങൾ കാണിച്ചുതന്നതുപോലെ, ഇത്തരം ഭീഷണികളെ അവഗണിക്കാതെ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകത വീണ്ടും മുന്നോട്ടുവയ്ക്കുകയാണ് ഈ വിലയിരുത്തൽ.