കാനഡയിലെ താല്‍ക്കാലിക താമസക്കാരുടെ എണ്ണം ജനസംഖ്യയുടെ 5% ആയി കുറയ്ക്കും

കാനഡയിലെ താല്‍ക്കാലിക താമസക്കാരുടെ എണ്ണം ജനസംഖ്യയുടെ 5% ആയി കുറയ്ക്കും


ഒട്ടാവ: 2027 അവസാനത്തോടെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ രാജ്യത്തെ താല്‍ക്കാലിക താമസക്കാരുടെ എണ്ണം ജനസംഖ്യയുടെ 5% ല്‍ താഴെയാക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി.

'കുതിച്ചുയരുന്ന അവസര നിഷേധങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ഏറ്റവും കൂടുതല്‍ ബാധിച്ചു' എന്ന് അന്താരാഷ്ട്ര വിദ്യാഭ്യാസത്തിനായുള്ള ആഗോള പ്ലാറ്റ്‌ഫോമായ PIE  റിപ്പോര്‍ട്ട് ചെയ്തതിനു തൊട്ടുപിന്നാലെയാണ് കാര്‍ണിയുടെ പരാമര്‍ശങ്ങള്‍. 2025 ലെ രണ്ടാം പാദത്തില്‍, ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍, 'അഞ്ചില്‍ നാല് പേരുടെ അപേക്ഷകള്‍ നിരസിക്കപ്പെട്ടതായി കുടിയേറ്റത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അഭിഭാഷക പിന്തുണയുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ബോര്‍ഡര്‍പാസ് റിപ്പോര്‍ട്ട് ചെയ്തു.

ആല്‍ബെര്‍ട്ട പ്രവിശ്യയുടെ തലസ്ഥാനമായ എഡ്മണ്ടണില്‍ ബുധനാഴ്ച ലിബറല്‍ പാര്‍ട്ടി കോക്കസിനെ അഭിസംബോധന ചെയ്തുകൊണ്ട് തന്റെ സര്‍ക്കാര്‍ 'കാനഡയുടെ കുടിയേറ്റ നിരക്കുകള്‍ സുസ്ഥിര നിലവാരത്തിലേക്ക് തിരികെ കൊണ്ടുവരും' എന്നും '2027 അവസാനത്തോടെ കാനഡയിലെ ജനസംഖ്യയുടെ മൊത്തം താല്‍ക്കാലിക തൊഴിലാളികളുടെയും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെയും എണ്ണം 5% ല്‍ താഴെയാക്കുമെന്നും കാര്‍ണി പറഞ്ഞു.
ഇത് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.25% ല്‍ നിന്ന് കുറയ്ക്കുമെന്നും കാര്‍ണി പറഞ്ഞു.

'നമ്മള്‍ നമ്മുടെ രാജ്യത്തേക്ക് ആളുകളെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ആ സ്വാഗതം നിറവേറ്റാനുള്ള ശേഷി നമുക്കുണ്ടെന്ന് ഉറപ്പാക്കണം,' കനേഡിയന്‍ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 
വരും ആഴ്ചകളില്‍ സര്‍ക്കാര്‍ പാര്‍ലമെന്റിന് മുന്നില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ കുടിയേറ്റ പദ്ധതിയില്‍ കാര്‍ണിയുടെ ഈ ലക്ഷ്യങ്ങള്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ട്.

ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ മൊത്തത്തില്‍ 62% അപേക്ഷകര്‍ക്ക് പഠന അനുമതി നിഷേധിച്ചതായി PIE അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദശകത്തില്‍ അംഗീകാര നിരക്ക് 60% ആയിരുന്നു, എന്നാല്‍ ഈ വര്‍ഷം അത് 38% ആയി കുറഞ്ഞു, 2024 ലെ നിരക്കിനേക്കാള്‍ 10 ശതമാനം കുറവ്.

കനേഡിയന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്നുള്ള പഠന പെര്‍മിറ്റ് ഉടമകളുടെ എണ്ണം ഈ വര്‍ഷത്തെ രണ്ടാം പാദത്തില്‍ മൂന്നില്‍ രണ്ട് ഭാഗത്തിലധികം കുറഞ്ഞതായി കഴിഞ്ഞ മാസം ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC) പുറത്തുവിട്ട ഡേറ്റ പ്രകാരം, 2025 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഇന്ത്യക്കാര്‍ക്ക് നല്‍കിയ പെര്‍മിറ്റുകളുടെ എണ്ണം 17,885 ആയിരുന്നു, 2024 ലെ ഇതേ കാലയളവില്‍ ഇത് 55,660 ആയിരുന്നു, ഇത് 66% ല്‍ അധികം കുറവാണ്.

ഈ കാലയളവില്‍ നല്‍കിയ പഠന പെര്‍മിറ്റുകളില്‍ ഏകദേശം 32% ഇന്ത്യക്കാരാണ്, 2024 ലെ ഇതേ കാലയളവില്‍ ഇത് ഏകദേശം 45% ആയിരുന്നു. 2025 ലെ ആദ്യ ആറ് മാസങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 99,950 ല്‍ നിന്ന് വെറും 47,695 ആയി കുറഞ്ഞു.

മൊത്തത്തില്‍, മൊത്തം പഠന പെര്‍മിറ്റുകളുടെ എണ്ണം ഏകദേശം 100,000 കുറഞ്ഞു, 2024 ലെ ആദ്യ ആറ് മാസങ്ങളില്‍ 245,055 ല്‍ നിന്ന് 149,860 ആയി.

 2024 ല്‍ കാനഡ പഠന പെര്‍മിറ്റുകള്‍ നല്‍കുന്നത് നിയന്ത്രിക്കാന്‍ തുടങ്ങിയതോടെ ആരംഭിച്ച കുത്തനെയുള്ള ഇടിവ് 2025 ലും തുടരുകയാണ്.

IRCC രേഖകള്‍ അനുസരിച്ച്, ഈ സംഖ്യകള്‍ 'പ്രാഥമികമായ കണക്കുകള്‍ മാത്രമാണ്', അവയ്ക്ക്  മാറ്റമുണ്ടായേക്കാം. എന്നാല്‍ കാനഡയില്‍ കുടിയേറ്റ വിരുദ്ധ വികാരം വര്‍ദ്ധിച്ചുവരുന്നതിനിടയില്‍, ഇന്ത്യയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ത്ഥികളുടെ സ്വീകാര്യതാ നിലവാരത്തിലെ മാറ്റത്തെയാണ് അവ സൂചിപ്പിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞു.