ഒട്ടാവ: യു എസ് ന്യൂസ് ആന്‍ഡ് വേള്‍ഡ് റിപ്പോര്‍ട്ട് പുറത്തിറക്കിയ 2026ലെ 'ബെസ്റ്റ് കണ്‍ട്രീസ്' റാങ്കിംഗില്‍ കാനഡ 19-ാം സ്ഥാനത്തെത്തി. പുതുക്കിയ ഡേറ്റാ അധിഷ്ഠിത രീതിയില്‍ തയ്യാറാക്കിയ പട്ടികയിലാണ് ഇത്തവണ കാനഡയ്ക്ക് ഈ സ്ഥാനം ലഭിച്ചത്.
സാംസ്‌കാരിക- ടൂറിസം വിഭാഗത്തിലാണ് കാനഡ മികച്ച പ്രകടനം കാഴ്ചവെച്ചത്. ഈ വിഭാഗത്തില്‍ ആഗോളതലത്തില്‍ എട്ടാം സ്ഥാനമാണ് രാജ്യം നേടിയത്. ഗവര്‍ണന്‍സ്, ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകളിലും മികച്ച പ്രകടനം കാഴ്ചവെച്ചത് കാനഡയുടെ ആകെ റാങ്കിംഗ് മെച്ചപ്പെടുത്താന്‍ സഹായിച്ചു.
സ്വിറ്റ്‌സര്‍ലന്‍ഡാണ് ഇത്തവണ ഒന്നാം സ്ഥാനത്തെത്തിയത്. ഡെന്‍മാര്‍ക്കും സ്വീഡനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. അമേരിക്ക 18-ാം സ്ഥാനത്ത് കാനഡയ്ക്ക് തൊട്ടുമുന്നിലാണ്. ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, നോര്‍വെ, യുണൈറ്റഡ് കിംഗ്ഡം, ഫിന്‍ലന്‍ഡ്, ലക്സംബര്‍ഗ്, ഓസ്ട്രിയ എന്നിവയാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് രാജ്യങ്ങള്‍.
യൂറോപ്യന്‍ രാജ്യങ്ങളാണ് പട്ടികയില്‍ ആധിപത്യം പുലര്‍ത്തിയത്. ആദ്യ 25 സ്ഥാനങ്ങളില്‍ 18 എണ്ണവും യൂറോപ്പില്‍ നിന്നുള്ളവയാണ്. ഓസ്‌ട്രേലിയ 14-ാം സ്ഥാനവും സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവ യഥാക്രമം 16, 17, 20 സ്ഥാനങ്ങളും നേടി.
മുന്‍വര്‍ഷങ്ങളിലെ പോലെ ജനങ്ങളുടെ അഭിപ്രായ സര്‍വേകളെ അടിസ്ഥാനമാക്കിയല്ല ഇത്തവണ റാങ്കിംഗ് തയ്യാറാക്കിയത്. പകരം, ദേശീയ ക്ഷേമവുമായി ബന്ധപ്പെട്ട 100 സ്ഥിതിവിവര സൂചികകളെ അടിസ്ഥാനമാക്കി 100 രാജ്യങ്ങളെ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയത്. ഐക്യരാഷ്ട്രസഭ, ഒ ഇ സി ഡി, വേള്‍ഡ് ബാങ്ക്, ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ തുടങ്ങി 30-ലധികം അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍നിന്നുള്ള കണക്കുകളാണ് ഇതിനായി ഉപയോഗിച്ചത്.
സാംസ്‌കാരിക- ടൂറിസം വിഭാഗത്തില്‍ മ്യൂസിയങ്ങള്‍, പൈതൃക കേന്ദ്രങ്ങള്‍, വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍, ഭാഷാ വൈവിധ്യം, സൃഷ്ടിപരമായ കയറ്റുമതികള്‍, നോബല്‍ സമ്മാന ജേതാക്കള്‍ തുടങ്ങിയ ഘടകങ്ങളാണ് പരിഗണിച്ചത്. 1971ല്‍ കാനഡ സ്വീകരിച്ച ബഹുസാംസ്‌കാരിക നയം ഇന്നും രാജ്യത്തിന്റെ കുടിയേറ്റ നയത്തെ സ്വാധീനിക്കുന്നതായി യു എസ് ന്യൂസ് വിലയിരുത്തി.
അതേസമയം, പ്രകൃതി പരിസ്ഥിതി സംരക്ഷണ വിഭാഗത്തിലാണ് കാനഡ ഏറ്റവും പിന്നിലായത്. വായു ഗുണനിലവാരം, ജൈവ വൈവിധ്യ സംരക്ഷണം തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഈ വിഭാഗത്തില്‍ കാനഡയ്ക്ക് 63-ാം സ്ഥാനമാണ് ലഭിച്ചത്.
2023ലെ റാങ്കിംഗില്‍ കാനഡ രണ്ടാം സ്ഥാനത്തും 2024ല്‍ നാലാം സ്ഥാനത്തുമായിരുന്നു. എന്നാല്‍ ഇത്തവണ ഉപയോഗിച്ച പുതിയ വിലയിരുത്തല്‍ രീതിയാണ് കാനഡയുടെ റാങ്ക് താഴാന്‍ പ്രധാന കാരണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
