കാനഡ പോസ്റ്റിന്റെ നിര്‍ണായക തീരുമാനം; 4.85 ലക്ഷം വീട്ടുവാതില്‍ ഡെലിവറി അവസാനിപ്പിക്കും

കാനഡ പോസ്റ്റിന്റെ നിര്‍ണായക തീരുമാനം; 4.85 ലക്ഷം വീട്ടുവാതില്‍ ഡെലിവറി അവസാനിപ്പിക്കും


ഒട്ടാവ: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള പുനഃസംഘടനാ നടപടികളുടെ ഭാഗമായി 4.85 ലക്ഷം വീടുകളിലേക്കുള്ള വീട്ടുവാതില്‍ തപാല്‍ വിതരണ സേവനം അവസാനിപ്പിക്കുമെന്ന് കാനഡ പോസ്റ്റ് പ്രഖ്യാപിച്ചു. ഈ വീടുകളെ 2027 മുതല്‍ കമ്മ്യൂണിറ്റി മെയില്‍ബോക്‌സ് സംവിധാനത്തിലേക്ക് മാറ്റും.

കാനഡ പോസ്റ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ 37 സമൂഹങ്ങളിലായി ഉള്‍പ്പെടുന്ന പോസ്റ്റല്‍ കോഡുകളാണ് പുതിയ മാറ്റത്തിന് വിധേയമാകുന്നതെന്ന് അറിയിച്ചു. ഏപ്രിലില്‍ പ്രഖ്യാപിച്ച 1.36 ലക്ഷം വിലാസങ്ങള്‍ക്കു പുറമേയാണിത്.

നിലവില്‍ വീട്ടുവാതില്‍ സേവനം ലഭിക്കുന്ന 40 ലക്ഷം വിലാസങ്ങളെയും ഘട്ടംഘട്ടമായി കമ്മ്യൂണിറ്റി മെയില്‍ബോക്‌സുകളിലേക്ക് മാറ്റാനാണ് കാനഡ പോസ്റ്റിന്റെ പദ്ധതി. ഓരോ വീട്ടുകാര്‍ക്കും പ്രത്യേകം പൂട്ടുള്ള ബോക്‌സുകളായിരിക്കും ഇവ.

അഞ്ച് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി പൂര്‍ണമായി നടപ്പാക്കിയാല്‍ പ്രതിവര്‍ഷം 400 മില്യണ്‍ ഡോളറിന്റെ ചെലവ് ലാഭിക്കാനാകുമെന്നാണ് കാനഡ പോസ്റ്റിന്റെ കണക്ക്.

നികുതിദായകര്‍ക്ക് അധിക ബാധ്യതയാകാതെ കനേഡിയന്‍ ജനതയുടെ മാറിവരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് തപാല്‍ സേവനത്തെ നവീകരിക്കുന്നതിനുള്ള പ്രധാന നടപടിയാണ് കമ്മ്യൂണിറ്റി മെയില്‍ബോക്‌സ് സംവിധാനമെന്ന് കാനഡ പോസ്റ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

തുടര്‍ച്ചയായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാനഡ പോസ്റ്റ് നിലവില്‍ വലിയ പുനഃസംഘടനാ പ്രക്രിയയിലൂടെയാണ് കടന്നുപോകുന്നത്.

2025-ല്‍ നികുതിക്ക് മുമ്പുള്ള നഷ്ടം 1.57 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണിത്.

ഫെഡറല്‍ സര്‍ക്കാരിന്റെ 2 ബില്യണ്‍ ഡോളറിന്റെ വായ്പയുടെ സഹായത്തോടെയാണ് ദേശീയ തപാല്‍ സേവനം ഇപ്പോള്‍ പ്രവര്‍ത്തനം തുടരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ പ്രഖ്യാപനമനുസരിച്ച് ഒന്റാറിയോയിലേയും ക്യൂബെക്കിലേയും വീടുകളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക.

കമ്മ്യൂണിറ്റി മെയില്‍ബോക്‌സ് സംവിധാനത്തിലേക്ക് മാറുന്നതിലൂടെ തപാലുകളും പാര്‍സലുകളും കൂടുതല്‍ സുരക്ഷിതമാകുമെന്ന് കാനഡ പോസ്റ്റ് അവകാശപ്പെട്ടു.

കമ്മ്യൂണിറ്റി മെയില്‍ ബോക്‌സുകള്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് പ്രത്യേക സഹായ പദ്ധതിയും തുടരുമെന്ന് കാനഡ പോസ്റ്റ് അറിയിച്ചു.

ചില സാഹചര്യങ്ങളില്‍, ആഴ്ചയില്‍ ഒരിക്കല്‍ വീട്ടുവാതില്‍ തപാല്‍ വിതരണം തുടരാനും സൗകര്യമുണ്ടാകും എന്ന് കമ്പനി വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി പോസ്റ്റല്‍ കോഡുകള്‍ ഇതിനകം കമ്മ്യൂണിറ്റി മെയില്‍ ബോക്‌സ് സംവിധാനത്തിലേക്ക് മാറ്റുന്നതിനായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ ഹാലിഫാക്‌സ്, മോണ്‍ട്രിയല്‍, ഒട്ടാവ, മിസിസാഗ, കാല്‍ഗറി, എഡ്മണ്‍ഡണ്‍, വാന്‍കൂവര്‍ പ്രദേശങ്ങളിലെ നിരവധി പോസ്റ്റല്‍ കോഡുകളും ഉള്‍പ്പെടുന്നു.

നിലവില്‍ കാനഡയിലെ ഏകദേശം 75 ശതമാനം വീടുകളും കമ്മ്യൂണിറ്റി മെയില്‍ ബോക്‌സുകള്‍, അപ്പാര്‍ട്ട്‌മെന്റ് ലോബി മെയില്‍ ബോക്‌സുകള്‍, പോസ്റ്റ് ഓഫീസ് ബോക്‌സുകള്‍ എന്നിവ വഴിയാണ് തപാല്‍ സ്വീകരിക്കുന്നത്.