ഒട്ടാവ: അന്താരാഷ്ട്ര വിദ്യാർത്ഥികളുടെയും താൽക്കാലിക വിദേശ തൊഴിലാളികളുടെയും എണ്ണം
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഗണ്യമായി കുറയ്ക്കാനുള്ള കർശനമായ കുടിയേറ്റ നിയന്ത്രണ പദ്ധതികളുമായി കാനഡയും മുന്നോട്ട്. കാനഡയുടെ പുതിയ 2026–2028 ലബോറട്ടറി/ഇമിഗ്രേഷൻ ലെവൽ പ്ലാൻ അനുസരിച്ച് താൽക്കാലിക താമസക്കാരുടെ വരവ് നിയന്ത്രിക്കാനാണ് നീക്കം.
കുടിയേറ്റ നിരക്ക് നിയന്ത്രണവിധേയമാക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായി, താൽക്കാലിക താമസക്കാരായി എത്തുന്നവരുടെ എണ്ണം കാനഡ കുറയ്ക്കും. എന്നാൽ, തൊഴിൽ ക്ഷാമം പരിഹരിക്കാൻ സഹായിക്കുന്ന വിദഗ്ധ തൊഴിലാളികൾക്ക് സ്ഥിര താമസ പദവി നൽകുന്നത് തുടരുകയും ചെയ്യും. സ്ഥിര താമസക്കാരായി ഓരോ വർഷവും 3,80,000 പേർക്ക് പ്രവേശനം നൽകുന്നത് തുടരും. ഇത് 2027-ലും 2028-ലും 3,70,000 ആയി വീണ്ടും കുറയ്ക്കാനാണ് പദ്ധതി.
പുതിയ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വരവ് 2026-ൽ 1,55,000 ആയും തുടർന്നുള്ള വർഷങ്ങളിൽ 1,50,000 ആയും പരിമിതപ്പെടുത്തും. താൽക്കാലിക തൊഴിലാളികളുടെ വരവ് 2026-ൽ 2,30,000 ആയും 2027-ലും 2028-ലും 2,20,000 ആയും കുറയ്ക്കും. കുറഞ്ഞ വേതനമുള്ള താൽക്കാലിക തൊഴിൽ വിസകൾക്ക് (Low-wage LMIA) കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
പുതിയതായി എത്തുന്ന താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുമ്പോഴും കാനഡയിൽ നിലവിൽ നികുതി അടച്ച് ജോലി ചെയ്യുന്ന 33,000 ഓളം താൽക്കാലിക തൊഴിലാളികൾക്ക് വേഗത്തിൽ സ്ഥിരതാമസം (PR) നൽകാൻ രാജ്യം ലക്ഷ്യമിടുന്നുണ്ട്. ഹെൽത്ത് കെയർ, കൺസ്ട്രക്ഷൻ (Skilled trades), STEM എന്നീ മേഖലകളിൽ വൈദഗ്ധ്യമുള്ളവർക്കായിരിക്കും കൂടുതൽ മുൻഗണന. രാജ്യത്തെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ താൽക്കാലിക താമസക്കാരുടെ വിഹിതം 5 ശതമാനത്തിൽ താഴെയായി എത്തിക്കുക എന്നതാണ് കനേഡിയൻ ഗവൺമെന്റിന്റെ പ്രധാന ലക്ഷ്യം. രാജ്യത്തെ ഭവനക്ഷാമം, ആരോഗ്യ പരിപാലന രംഗത്തെ സമ്മർദ്ദം എന്നിവ കുറയ്ക്കാനാണ് ഈ നടപടികൾ
'ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ' (IRCC) പ്രഖ്യാപിച്ച 2026–2028-ലെ 'ഇമിഗ്രേഷൻ ലെവൽസ് പ്ലാൻ' അനുസരിച്ച്, താൽക്കാലിക താമസക്കാരായി എത്തുന്നവരുടെ എണ്ണം 2026-ൽ 3,85,000 ആയി കുറയും. തുടർന്ന് 2027-ലും 2028-ലും ഇത് 3,70,000 ആയി വീണ്ടും കുറയുന്നതാണ്. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെയും താൽക്കാലിക തൊഴിലാളികളുടെയും വരവ് ഈ കണക്കുകളിൽ ഉൾപ്പെടുന്നു.
വിദ്യാർത്ഥികളുടെയും താൽക്കാലിക തൊഴിലാളികളുടെയും വരവ് കുറയ്ക്കാനുള്ള പദ്ധതിയുമായി കാനഡയും; 33,000 തൊഴിലാളികൾക്ക് സ്ഥിര താമസാനുമതി വേഗത്തിൽ നൽകും
