യു.എസ്. എച്ച് 1 ബി പ്രതിസന്ധി: ഗവേഷകര്‍ക്ക് ഫാസ്റ്റ് ട്രാക് കുടിയേറ്റ പദ്ധതിയുമായി കാനഡ

യു.എസ്. എച്ച് 1 ബി പ്രതിസന്ധി:  ഗവേഷകര്‍ക്ക് ഫാസ്റ്റ് ട്രാക് കുടിയേറ്റ പദ്ധതിയുമായി കാനഡ


ഒട്ടാവ: യു.എസില്‍  എച്ച് 1 ബി വിസ ഫീസ് വര്‍ധനയും നിയന്ത്രണങ്ങളും ശക്തമാകുന്ന പശ്ചാത്തലത്തില്‍ കഴിവുള്ള വിദഗ്ധര്‍ക്കായി കാനഡ വാതില്‍ തുറക്കുന്നു. 2025 ഫെഡറല്‍ ബഡ്ജറ്റിന്റെ ഭാഗമായി എച്ച് 1 ബി വിസ ഉടമകള്‍ക്ക് വേഗത്തിലുള്ള കുടിയേറ്റ മാര്‍ഗം കാനഡ പ്രഖ്യാപിച്ചു. ആരോഗ്യ, അത്യാധുനിക സാങ്കേതിക മേഖലകള്‍, ഗവേഷണം എന്നിവയിലെ തൊഴില്‍ ക്ഷാമം പരിഹരിക്കാനും നവീകരണ മേഖലയെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ പദ്ധതി.

ഇന്റര്‍നാഷണല്‍ ടാലന്റ് അട്രാക്ഷന്‍ സ്ട്രാറ്റജി എന്ന വിശാല നീക്കത്തിന്റെ ഭാഗമായി 1,000ത്തിലധികം അന്താരാഷ്ട്ര ഗവേഷകരെ കാനഡയില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി ആകെ  1.7 ബില്ല്യണ്‍ കനേഡിയന്‍ ഡോളറിന്റെ സഹായ നിധിയാണ് കാനഡ അനുവദിച്ചത്. ഇതില്‍  1 ബില്ല്യണ്‍ ഡോളര്‍ 13 വര്‍ഷത്തിനുള്ളില്‍ ആരംഭിക്കുന്ന 'ആക്‌സിലറേറ്റഡ് റിസര്‍ച്ച് ചെയര്‍സ്' പദ്ധതിക്കും, ഗവേഷണ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഏഴ് വര്‍ഷത്തില്‍  ചെലവഴിക്കുന്ന 400 മില്ല്യണ്‍ ഡോളറും ഉള്‍പ്പെടും. കൂടാതെ, അന്താരാഷ്ട്ര പി.എച്ച്.ഡി വിദ്യാര്‍ത്ഥികളും പോസ്റ്റ്‌ഡോക്ടറല്‍ ഗവേഷകരും കാനഡയില്‍ കുടിയേറാന്‍ 133.6 മില്ല്യണിന്റെ സഹായവും, വിദേശ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ നിയമനത്തിന് 12 വര്‍ഷത്തിനുള്ളില്‍ 120 മില്ല്യണ്‍ ഡോളര്‍ വരെയും വകയിരുത്തും.

ബഡ്ജറ്റില്‍ മറ്റൊരു പ്രധാന നീക്കം വിദേശ യോഗ്യതകളുടെ അംഗീകാരം വേഗത്തിലാക്കുന്നതാണ്. 2026-27 മുതല്‍ ആരംഭിക്കുന്ന  97 മില്ല്യണ്‍ ഡോളര്‍ വിലവരുന്ന ഫോറിന്‍ ക്രഡന്‍ഷ്യല്‍ റെക്കഗ്‌നിഷന്‍ ആക്ഷന്‍ ഫണ്ട് ആരോഗ്യനിര്‍മ്മാണ മേഖലകളില്‍ ആദ്യം നടപ്പാക്കും. പരിശീലനവും ലൈസന്‍സും നേടിയ വിദഗ്ധരെ പെട്ടെന്ന് ജോലിയില്‍ പ്രവേശിപ്പിക്കുകയാണ് ലക്ഷ്യം.

ആഗോള മത്സരക്ഷമത നിലനിര്‍ത്താന്‍ മികവുറ്റ പ്രതിഭകളെ ആകര്‍ഷിക്കല്‍ അനിവാര്യമാണെന്ന് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍നി വ്യക്തമാക്കി. പ്രത്യേക മേഖലകളുടെയും പ്രദേശങ്ങളുടെയും ആവശ്യങ്ങള്‍ ലക്ഷ്യമിട്ട് കുടിയേറ്റ നയം കേന്ദ്രീകരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. താല്‍ക്കാലിക വിദേശ തൊഴിലാളി പദ്ധതിയിലും സ്ഥിര താമസത്തിലേക്കുള്ള വഴികളിലും പരിഷ്‌കരണങ്ങള്‍ തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.