ഒട്ടാവ: കാനഡയില്‍ തുടര്‍ച്ചയായ രണ്ടാം മാസവും തൊഴില്‍ നഷ്ടം രേഖപ്പെടുത്തിയതോടെ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നു. സെപ്റ്റംബറില്‍ 68,300 തൊഴിലവസരങ്ങളാണ് ഇല്ലാതായതെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ അറിയിച്ചു. ഓഗസ്റ്റില്‍ 41,700 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. ഇതോടെ വസന്തകാലത്തും വേനലിന്റെ തുടക്കത്തിലും ഉണ്ടായ തൊഴില്‍ വളര്‍ച്ചയുടെ പകുതിയിലധികം ഇല്ലാതായി.
തൊഴിലില്ലായ്മ നിരക്ക് 0.1 ശതമാന പോയിന്റ് ഉയര്‍ന്ന് 6.5 ശതമാനത്തിലെത്തി. ഏപ്രിലില്‍ രേഖപ്പെടുത്തിയ 6.9 ശതമാനമാണ് സമീപകാലത്തെ ഉയര്‍ന്ന നിരക്ക്. തൊഴില്‍ വിപണിയിലെ പങ്കാളിത്തം കുറഞ്ഞതിനാലാണ് തൊഴിലില്ലായ്മ നിരക്കിലെ വര്‍ധന പരിമിതമായത്. സെപ്റ്റംബറില്‍ തൊഴില്‍ പങ്കാളിത്ത നിരക്ക് 0.2 ശതമാന പോയിന്റ് കുറഞ്ഞ് 68.4 ശതമാനമായി. 1997 ഡിസംബറിനുശേഷം, കോവിഡ് കാലയളവ് ഒഴികെ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിരക്കാണിത്.
തൊഴില്‍ നഷ്ടം കനേഡിയന്‍ സമ്പദ്‌വ്യവസ്ഥയ്ക്കും കേന്ദ്രബാങ്കിന്റെ നയങ്ങള്‍ക്കും വെല്ലുവിളിയാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ഊര്‍ജവില വര്‍ധന പണപ്പെരുപ്പ ഭീഷണി ഉയര്‍ത്തുമ്പോള്‍ അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കം സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കുന്നുണ്ട്. തൊഴില്‍ കണക്കുകള്‍ പുറത്തുവന്നതിനു പിന്നാലെ കനേഡിയന്‍ ഡോളര്‍ യുഎസ് ഡോളറിനെതിരെ 18 മാസത്തെ താഴ്ന്ന നിലയിലെത്തി.
സെപ്റ്റംബറില്‍ തൊഴില്‍ നഷ്ടം മുഴുവന്‍ സമയ, ഭാഗിക സമയ ജോലികളിലായി ഏകദേശം തുല്യമായി വീതിക്കപ്പെട്ടു. 15 മുതല്‍ 24 വയസ്സുവരെയുള്ള യുവാക്കളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. വിദ്യാഭ്യാസ വര്‍ഷം ആരംഭിക്കുന്നതോടെ ഈ വിഭാഗത്തില്‍ തൊഴില്‍ കുറയുന്നത് പതിവാണെങ്കിലും വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനം നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നടപടികളും തൊഴില്‍ വിപണിയെ ബാധിച്ചതായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
വിദ്യാഭ്യാസ മേഖലയിലെ ഇടിവിനെത്തുടര്‍ന്ന് പൊതുമേഖലയില്‍ 70,000 തൊഴിലവസരങ്ങള്‍ കുറഞ്ഞു. ഇത് തുടര്‍ച്ചയായ നാലാം മാസത്തെ ഇടിവാണ്. ആരോഗ്യ മേഖലയിലും തൊഴില്‍ കുറഞ്ഞു. അതേസമയം, സ്വകാര്യ മേഖലയില്‍ 24,100 തൊഴിലവസരങ്ങള്‍ വര്‍ധിച്ചു.
നിര്‍മാണ മേഖലയിലും 12,700 തൊഴിലവസരങ്ങള്‍ കുറഞ്ഞു. കനേഡിയന്‍ കയറ്റുമതിയുടെ ഒരു ഭാഗത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതും വ്യാപാര മേഖലയിലെ അനിശ്ചിതത്വം വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ തൊഴില്‍ നഷ്ടത്തിന്റെ മുഴുവന്‍ കാരണവും വ്യാപാര തര്‍ക്കമാണെന്ന് പറയാനാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
തൊഴില്‍ വിപണിയിലെ ദൗര്‍ബല്യം കണക്കിലെടുത്ത് പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യത കുറഞ്ഞതായി ബാങ്ക് ഓഫ് മോണ്‍ട്രിയലിലെ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ ഡഗ്ലസ് പോര്‍ട്ടര്‍ അഭിപ്രായപ്പെട്ടു. അതേസമയം, ഇന്ധനവില വര്‍ധന പണപ്പെരുപ്പത്തിലേക്ക് വ്യാപിച്ചാല്‍ പലിശനിരക്ക് ഉയര്‍ത്തേണ്ടിവരുമെന്ന വിലയിരുത്തലും നിലനില്‍ക്കുന്നുണ്ട്.
കാനഡയില്‍ തൊഴില്‍ നഷ്ടം രൂക്ഷം; തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനമായി
