ഒട്ടാവ: വേനല്‍ക്കാലത്ത് കാനഡയുടെ വിവിധ ഭാഗങ്ങളില്‍ അതിതീവ്ര കാലാവസ്ഥ വലിയ ആശങ്കയാകുകയാണ്. പടിഞ്ഞാറന്‍ കാനഡയില്‍ ശക്തമായ കൊടുങ്കാറ്റും പ്രളയവും വ്യാപക നാശം വിതച്ചപ്പോള്‍ ഒന്റാറിയോ, ക്യൂബെക്, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളില്‍ ഉഷ്ണതരംഗവും ഇടിമിന്നല്‍ മുന്നറിയിപ്പും തുടരുകയാണ്. വടക്കന്‍ മേഖലകളില്‍ കാട്ടുതീയും രൂക്ഷമാണ്.
തെക്കുപടിഞ്ഞാറന്‍ വിന്നിപെഗില്‍ ഉണ്ടായ ശക്തമായ കൊടുങ്കാറ്റുണ്ടായി. ഒന്റാറിയോയിലെ കിങ്സ്റ്റണില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഇടിമിന്നലും വെള്ളപ്പൊക്ക ഭീഷണിയും കാരണം ഒട്ടാവയിലെ കാനഡാ ദിനാഘോഷങ്ങള്‍ റദ്ദാക്കേണ്ടിവന്നു.
ഈ വര്‍ഷം അസാധാരണമായ കാലാവസ്ഥാ പ്രതിഭാസങ്ങളാണ് അനുഭവപ്പെടുന്നതെന്ന് കനഡയുടെ പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന വകുപ്പിലെ കാലാവസ്ഥാ നിരീക്ഷക ജെന്നിഫര്‍ സ്മിത്ത് പറഞ്ഞു.
ഈ വര്‍ഷം ശക്തമായ എല്‍ നിനോ പ്രതിഭാസം രൂപപ്പെടുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ നേരത്തേ പ്രവചിച്ചിരുന്നു. ശൈത്യകാലത്താണ് ഇതിന്റെ ഏറ്റവും വലിയ സ്വാധീനം പ്രകടമാകുക. എങ്കിലും വേനല്‍ക്കാലം തുടങ്ങിയതുമുതല്‍ തന്നെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങള്‍ അനുഭവപ്പെടുകയാണ്.
സസ്‌കതൂണ്‍ ആസ്ഥാനമായുള്ള പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന വകുപ്പിലെ ഗവേഷകനായ ബാരി ബോണ്‍സലിന്റെ അഭിപ്രായത്തില്‍ വേനല്‍ക്കാലം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലായതിനാല്‍ വ്യക്തമായ നിഗമനങ്ങളിലെത്താന്‍ സമയമായിട്ടില്ല.
മധ്യ- കിഴക്കന്‍ പസഫിക് സമുദ്രത്തിലെ ഉപരിതല ജലത്തിന്റെ താപനില സാധാരണയേക്കാള്‍ ഉയരുന്ന അവസ്ഥയായ എല്‍ നിനോ ജൂണ്‍ 11നാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
അന്തരീക്ഷത്തിലെ ഉയര്‍ന്ന ഭാഗത്തുകൂടി പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് അതിവേഗം ഒഴുകുന്ന വായുപ്രവാഹമായ ജെറ്റ് സ്ട്രീം നിലവിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് പ്രധാന കാരണങ്ങളിലൊന്നാണെന്ന് വിദഗ്ധര്‍ പറയുന്നു.
ജെറ്റ് സ്ട്രീം ഒരേ സ്ഥാനത്ത് ദീര്‍ഘനേരം നിലയുറപ്പിക്കുമ്പോള്‍ ചില പ്രദേശങ്ങളില്‍ ഉഷ്ണതരംഗവും വരള്‍ച്ചയും മറ്റിടങ്ങളില്‍ കനത്ത മഴയും കൊടുങ്കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
കാലാവസ്ഥാ വിദഗ്ധനായ ഡഗ് ഗില്‍ഹാമിന്റെ അഭിപ്രായത്തില്‍ നിരവധി വര്‍ഷങ്ങളായി നിലനിന്നിരുന്ന ലാ നിന സാഹചര്യത്തില്‍ നിന്ന് ശക്തമായ എല്‍ നിനോയിലേക്കുള്ള മാറ്റവും അന്തരീക്ഷത്തില്‍ വലിയ അസ്ഥിരത സൃഷ്ടിക്കുന്നുണ്ട്.
വേനല്‍ക്കാലത്തിന്റെ ശേഷിക്കുന്ന മാസങ്ങളില്‍ പടിഞ്ഞാറന്‍ കനഡയില്‍ ചൂട് തുടരുമെന്നും തെക്കന്‍ മേഖലകള്‍ കൂടുതല്‍ വരണ്ട കാലാവസ്ഥ നേരിടാനിടയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. പ്രിയറി മേഖലയില്‍ വ്യാപക വരള്‍ച്ചയ്ക്ക് സാധ്യത കുറവാണെങ്കിലും ബ്രിട്ടീഷ് കൊളംബിയയുടെ ചില ഭാഗങ്ങളില്‍ ആശങ്ക തുടരുന്നു.
ഗ്രേറ്റ് ലേക്ക്‌സ് മുതല്‍ അറ്റ്‌ലാന്റിക് തീരപ്രദേശങ്ങള്‍ വരെ നിലവിലെ ഉഷ്ണതരംഗത്തിന് നേരിയ ശമനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അതുകൊണ്ട് കൊടുങ്കാറ്റുകളോ അതിതീവ്ര കാലാവസ്ഥയോ അവസാനിക്കുമെന്നുറപ്പില്ലെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ശൈത്യകാലത്ത് എല്‍ നിനോയുടെ സ്വാധീനഫലമായി അമേരിക്കയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കാനും അതിന്റെ ചെറിയൊരു സ്വാധീനം കാനഡയുടെ തെക്കന്‍ പ്രിയറി മേഖലകളിലേക്കും വ്യാപിക്കാനും സാധ്യതയുണ്ട്. എങ്കിലും അത്തരമൊരു സാഹചര്യത്തിനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.
അതിതീവ്ര ചൂട് അനുഭവപ്പെടുമ്പോള്‍ ആവശ്യത്തിന് വെള്ളം കുടിക്കാനും തണലുള്ള സ്ഥലങ്ങളില്‍ കഴിയാനും പ്രായമായവരെയും ആരോഗ്യപ്രശ്‌നമുള്ളവരെയും പ്രത്യേകം ശ്രദ്ധിക്കാനും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
ഇടിമിന്നല്‍ മുന്നറിയിപ്പ് ഉണ്ടായാല്‍ ഉടന്‍ സുരക്ഷിതമായ കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് മാറണമെന്നും തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
